- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരിക്കുന്നതിന് രണ്ടു ദിവസം മുൻപ് വരെ റോഷിതയെ എന്തോ കാര്യം അലട്ടിയിരുന്നു; കടലിൽ ചാടി ജീവനൊടുക്കിയത് മൊബൈലും പഴ്സും സമീപത്തെ ഹോട്ടലിൽ വച്ച ശേഷം; റോഷിതയുടെ ആത്മഹത്യയിൽ അന്വേഷണം മൊബൈലും സി.സി.ടി.വി ക്യാമറയും കേന്ദ്രീകരിച്ച്
കണ്ണൂർ: കണ്ണൂർ നഗരത്തിലെ പുതിയ ബസ് സ്റ്റാൻഡിനുസമീപുള്ള കൃഷ്ണ ജൂവലറി ജീവനക്കാരി പയ്യാമ്പലം ബേബി ബീച്ചിലെ കടലിൽ ചാടി മരിച്ചതിനെ ദുരൂഹത നീക്കുന്നതിനായി പൊലിസ് അന്വേഷണം ഊർജ്ജിതമാക്കിയതായി കണ്ണൂർ എ.സി.പി ടി.കെ രത്നകുമാർ അറിയിച്ചു. ഇടച്ചേരി മുത്തപ്പൻ കാവിനടുത്തു താമസിക്കുന്ന പ്രമിത്തിന്റെ ഭാര്യ റോഷിതയുടെ(32) മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ചു ബന്ധുക്കൾ നൽകിയ പരാതിയിലാണ് പൊലിസ് അന്വേഷണം ഊർജ്ജിതമാക്കിയത്. കണ്ണൂർ എ.സി.പി ടി.കെ രത്നകുമാറിന്റെ നേതൃത്വത്തിൽ പൊലിസ്് കേസ് അന്വേഷണം നടത്തിവരുന്നത്.
റോഷിതയുടെ മൃതദേഹം ഇൻക്വസ്റ്റ് നടത്തിയതിന്റെ റിപ്പോർട്ട് കണ്ണൂർ കോസ്റ്റൽ പൊലിസ് സിറ്റി പൊലിസ് കമ്മിഷണർ അജിത്ത്കുമാറിന് സമർപ്പിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് എ.സി.പിയുടെ നേതൃത്വത്തിൽ തുടരന്വേഷണം നടത്തിവരുന്നത്. റോഷിതയുടെ മരണം ആത്മഹത്യയാണെന്ന കാര്യം പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചിട്ടുണ്ട്. വെള്ളം കുടിച്ചതാണ് മരണകാരണം. ശ്വാസകോശത്തിലും ആന്തരിക അവയങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.
യുവതി സാമ്പത്തിക തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നുണ്ടെങ്കിലും ഇക്കാര്യം പൊലിസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ അക്കൗണ്ടിൽ നിക്ഷേപമായി ഉണ്ടായിരുന്ന ആറുലക്ഷം രൂപ പിൻവലിക്കുകയും മൂന്ന് ലക്ഷം രൂപയുടെ സ്വർണം വിൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പൊലിസിന് ലഭിച്ച സൂചന. മരിക്കുന്നതിന് രണ്ടു ദിവസം മുൻപ് വരെ റോഷിതയെ എന്തോകാര്യം അലട്ടിയിരുന്നു. ഇവർ ജൂവലറിയിലേക്ക് സ്‌കൂട്ടറിലാണ് പോയിരുന്നത്. വഴിക്കു വെച്ചു സ്‌കൂട്ടർ നിർത്തി ആരോടോ മൊബൈൽ ഫോണിൽ ഉറക്കെ സംസാരിക്കുന്നത് കണ്ടവരുണ്ട്. അതുകൊണ്ടു തന്നെ റോഷിതയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലിസ് നടത്തിവരുന്നത്. ഇവരെ ആരൊക്കെ വിളിച്ചുവെന്നും ഇവർ ആരെയൊക്കെ വിളിച്ചുവെന്നതുമാണ് അന്വേഷിക്കുന്നത്.
ഇതു സംബന്ധിച്ചു റോഷിതയുടെ അടുത്ത സൃഹൃത്തുക്കളിൽ നിന്നും കൂടെ ജോലി ചെയ്യുന്നവരിൽ നിന്നും മൊഴിയെടുത്തിട്ടുണ്ട്. ജീവനൊടുക്കുന്നതിന് തൊട്ടുമുൻപ് ചായ കുടിക്കാൻ കയറിയ ഹോട്ടൽ മസ്‌കോർട്ടു പാരഡൈസിൽ നിന്നും റോഷിതയുടെ മൊബൈൽ ഫോണും പഴ്സും സി.സി.ടി.വി ദൃശ്യങ്ങളും പൊലിസിന് കണ്ടുകിട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇതുപരിശോധിച്ചു കഴിഞ്ഞാൽ യുവതിയുടെ ആത്മഹത്യയെ കുറിച്ചുള്ള നിർണായക വിവരങ്ങൾ കിട്ടുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.
റോഷിതയുടെ ഭർത്താവ് പ്രമിത്തും ബന്ധുക്കളും കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർക്ക് കേസിലെ ദുരൂഹതയെ കുറിച്ചു അന്വേഷിക്കണമെന്ന് മൊഴിനൽകിയതിനെ തുടർന്നാണ് പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചത്. എ.സിപിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് റോഷിതയുടെ മരണത്തിന്പിന്നിലെ ദുരൂഹതയെ കുറിച്ചു അന്വേഷിക്കുന്നത്.
കടലിൽ ചാടി റോഷിത മരിക്കുന്നതിനു മുൻപ് പയ്യാമ്പലം ബേബി ബീച്ചിലെ സ്വകാര്യ ഹോട്ടലിൽ ചായകുടിക്കാൻ കയറിയിരുന്നു. അവിടെ മൊബൈൽ ഫോണും പേഴ്സും വച്ചാണ് ഇവർ ആത്മഹത്യ ചെയ്തത്. അതുകൊണ്ടു തന്നെ റോഷിതയുടെ ദുരൂഹമരണത്തിൽ മൊബൈൽ ഫോൺ നിർണായക തെളിവാകുമെന്നാണ് പൊലിസ് കരുതുന്നത്. ഞാൻ മരിക്കാൻ പോകുന്നു, എന്നെ വെറുക്കരുതെന്ന് വാട്സ് ആപ്പ് സ്റ്റാറ്റസിട്ടാണ് റോഷിത ആത്മഹത്യ ചെയ്തത്. ഇതേ തുടർന്നാണ് പൊലിസും ബന്ധുക്കളും ഇവർക്കായി തെരച്ചിൽ നടത്തിയത്. ഇതിനു ശേഷമാണ് ബേബിബീച്ചിലെ പാറക്കൂട്ടത്തിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയതും മരിച്ചത് റോഷിതയാണെന്നു തിരിച്ചറിയുകയും ചെയ്തത്.




