കണ്ണൂർ: പയ്യാമ്പലം ബേബി ബീച്ചിൽ കണ്ണൂർ താവക്കരയിലെ ജൂവലറി ജീവനക്കാരി ഇടച്ചേരിയിലെ പ്രമിത്തിന്റെ ഭാര്യ റോഷിത ആത്മഹത്യ ചെയ്യാൻ കാരണമായത് ഓൺ ലൈൻ തട്ടിപ്പിനിരയായതാണെന്നു അന്വേഷണത്തിൽ തെളിഞ്ഞതായി കണ്ണൂർ അസി. പൊലിസ് കമ്മിഷണർ ടി.കെ രത്നകുമാർ കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഉത്തരേന്ത്യ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘം എട്ടുലക്ഷമാണ് റോഷിതയുടെ അക്കൗണ്ടിൽ നിന്നും തട്ടിയെടുത്തത്. പാർട്ട് ടൈം ജോലി ഓഫർ ചെയ്തായിരുന്നു തട്ടിപ്പ്. ആദ്യം ചില യൂട്യൂബ് വീഡിയോ ലിങ്ക് അയച്ചു കൊടുക്കുകയും അതു കാണുന്നതിനായി ചെറിയ പ്രതിഫലം നൽകുകയുമായിരുന്നു. ഇതിനു ശേഷമാണ് യുവതിയെ വലിയ ടാസ്‌കുകൾ ഉപയോഗിച്ചു കെണിയിൽ വീഴ്‌ത്തിയത്. ഇതിന്റെ അപമാന ഭയത്തിലാണ ്റോഷിത ജീവനൊടുക്കിയതെന്നു അന്വേഷണത്തിൽ തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു.

സംഭവത്തിന്റെ വ്യക്തമായ ഡിജിറ്റൽ തെളിവുകൾ സൈബർ പൊലിസിന് ലഭിച്ചിട്ടുണ്ട്. താൻ തട്ടിപ്പിനിരയായ കാര്യം പൊലിസിനെ അറിയിച്ചിരുന്നുവെങ്കിൽ യുവതിക്ക് ജീവൻ നഷ്ടപ്പെടില്ലായിരുന്നു. പണം തിരിച്ചുലഭിക്കാനും അന്വേഷണത്തിലൂടെ കഴിയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എട്ടുലക്ഷം രൂപയാണ് റോഷിതയ്ക്ക് ഓൺ ലൈൻ തട്ടിപ്പിലൂടെ നഷ്ടമായത്. വ്യാപകമാകുന്ന ഓൺ ലൈൻ തട്ടിപ്പുകൾ തടയാൻ അതീവ ജാഗ്രത പുലർത്തണമെന്നും കണ്ണൂർ എസിപി ടി.കെ രത്നകുമാറും സൈബർ സെൽ സി ഐ കെ.സനൽകുമാറും പറഞ്ഞു.

ഓൺലൈൻ തട്ടിപ്പിൽ പണം നഷ്ടമായി എന്ന് ബോധ്യമായാൽ ഉടൻ 1930 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്യണം. പൊലീസ് സ്റ്റേഷനിലും ബാങ്കിലും കയറി ഇറങ്ങി സമയം പാഴാക്കുന്നത് പണം തിരിച്ച് പിടിക്കാനുള്ള ശ്രമം ദുഷ്‌കരമാക്കും.തട്ടിപ്പുകാർ പണം ചെലവഴിക്കുന്നതിന് മുമ്പ് കണ്ടെത്തിയാൽ നഷ്ടപ്പെട്ട തുക തിരിച്ച് പിടിക്കാനാകുമെന്നും ടി.കെ രത്നകുമാർ വ്യക്തമാക്കി. റോഷിതയുടെ മരണത്തിൽ ദുരൂഹതയാരോപിച്ചു ഭർത്താവ് പ്രമിത്ത് നൽകിയ പരാതിയിലാണ് കണ്ണൂർ എ.സി.പിയുടെ നേതൃത്വത്തിൽ സൈബർ പൊലിസ് അന്വേഷണമാരംഭിച്ചത്.

ഫോൺ വഴിയുള്ള സാമ്പത്തികതട്ടിപ്പു ഇടപാടുകളിൽ കുരുങ്ങി വിവിധ സമയങ്ങളിൽ എട്ടുലക്ഷം രൂപയാണ് റോഷിതയ്ക്കു നഷ്ടമായത്. ഈ ബാധ്യതകൾ തീർക്കുന്നതിനായി സുഹൃത്തുക്കളിൽ നിന്നുൾപ്പെടെ റോഷിത പണം ആവശ്യപ്പെട്ടിരുന്നുവത്രെ. ആത്മഹത്യ ചെയ്ത ദിവസം റോഷിതയുടെ അമ്മയിൽ നിന്നും വാങ്ങിയ സ്വർണം വിറ്റുകിട്ടിയ മൂ്ന്ന് ലക്ഷം രൂപയും ഈ അക്കൗണ്ടിലാണത്രെ നിക്ഷേപിച്ചത്. ഇതുമായി ബന്ധപ്പെട്ടുണ്ടായ സംസാരത്തിലാണ് റോഷിത കടലിൽ ചാടി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത്.

അഞ്ഞൂറുരൂപ മുതൽ നിക്ഷേപിച്ചായിരുന്നു ഇവരുടെ തുടക്കം. തുടക്കത്തിൽ ലഭിച്ച സാമ്പത്തിക നേട്ടത്തിൽ പ്രലോഭിതയായി റോഷിത തട്ടിപ്പുസംഘത്തിന്റെ കെണിയിൽ വീണുപോവുകയായിരുന്നുവെന്നാണ് പൊലിസ് അന്വേഷണത്തിൽ വ്യക്തമായത്. വളരെ ചുരുങ്ങിയ ദിവസത്തിനുള്ളിലാണ് റോഷിതയിൽ നിന്നും എട്ടുലക്ഷം രൂപ തട്ടിയെടുത്തത്. അവസാനത്തെ അഞ്ചുലക്ഷം രൂപ കൂടി പിൻവലിച്ചപ്പോൾ ഇവർ മാനസിക സമ്മർദ്ദത്തിലാവുകയായിരുന്നു. എന്നാൽ താൻ തട്ടിപ്പിനിരയായ വിവരം ഭർത്താവിനോടൊ മറ്റു ബന്ധുക്കളോടൊ ഇവർ പറഞ്ഞിരുന്നില്ല.

കേസ് അന്വേഷണത്തിന്റെ ഭാഗമായി റോഷിതയുടെ ഭർത്താവ് ഇടച്ചേരിയിലെ പ്രമിത്ത്, സഹോദരി ഭർത്താവ് ശ്രീലേഷ് എന്നിവരിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥനായ എ.സി.പി ടി.കെ രത്‌നകുമാർ മൊഴിയെടുത്തപ്പോഴാണ് ഈക്കാര്യം വ്യക്തമായത്. കണ്ണൂർ നഗരത്തിലെ കൃഷ്ണ ജുവൽസ് ജീവനക്കാരിയായ റോഷിതയെ കണ്ണൂർ പയ്യാമ്പലത്തെ ബേബിബീച്ചിലാണ് ഒരുമാസം മുൻപ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും റോഷിത സാമ്പത്തികതട്ടിപ്പിന് ഇരയായെന്നും ചൂണ്ടിക്കാണിച്ചു ബന്ധുക്കൾ നൽകിയ പരാതിയിലാണ് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. എന്നാൽ സംഭവത്തിനു പിന്നിൽ പ്രവർത്തിച്ച ഓൺ ലൈൻ തട്ടിപ്പു സംഘം ഇംഗ്ളീഷിലും മലയാളത്തിലും റോഷിതയ്്ക്ക് ടാസ്‌ക് മെസേജുകൾ അയച്ചിരുന്നുവെന്നും ഇവർ ഉത്തരേന്ത്യൻ സംഘമാണെന്ന് സംശയിക്കുന്നതായും അസി.സിറ്റി പൊലിസ് കമ്മിഷണർ അറിയിച്ചു.