- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറു വർഷം മുമ്പ് പണിസ്ഥലത്ത് തുടങ്ങിയ പരിചയം; വേളാങ്കണ്ണിയിൽ പോയി മാല ചാർത്തി ഒരുമിച്ചു; തിരിച്ചറിയൽ രേഖ ഇല്ലാത്തതു കൊണ്ട് വിവാഹം രജിസ്ട്രർ ചെയ്തില്ല; മാമനെ കാണാൻ പോയ ഭാര്യ മടങ്ങി വന്നില്ല; അശ്ലീല സിനിമയിൽ അഭിനയിക്കാൻ പോയത് അറിഞ്ഞതും നരബലി പുറത്തായ ശേഷം; സജീഷിന് കേൾക്കുന്നതെല്ലാം അമ്പരപ്പ്; റോസ്ലിന്റെ പങ്കാളി ഒന്നും അറിയാതെ പോയപ്പോൾ
കാലടി: റോസ്ലിന് സംഭവിച്ചത് കേട്ട് ഞെട്ടുകയാണ് സജി. ഇലന്തൂരിൽ നരബലിക്ക് വിധേയയായ റോസ്ലിൻ തന്നിൽനിന്ന് എല്ലാ കാര്യങ്ങളും മറച്ചുവെക്കുകയായിരുന്നുവെന്ന് മറ്റൂരിലെ വാടക വീട്ടിൽ അവർക്കൊപ്പം താമസിച്ചിരുന്ന സജി. നരബലി വാർത്ത വന്നതോടെ പുറത്തിറങ്ങാതെ വാടക വീട്ടിൽ കഴിയുകയാണ് നിർമ്മാണ തൊഴിലാളിയായ സജി. സജിയുടെ യഥാർത്ഥ പേര് സജീഷ് എന്നാണ്. എന്നാൽ സജി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
ഒറ്റപ്പാലം സ്വദേശിയായ സജി ആറുവർഷം മുൻപാണ് പണിസ്ഥലത്തുെവച്ച് റോസ്ലിനെ പരിചയപ്പെടുന്നത്. വേളാങ്കണ്ണിയിൽ പോയി മാല ചാർത്തി ഒന്നിച്ചു താമസിച്ചു പോരുകയായിരുന്നു. നിയമപരമായ വിവാഹ രജിസ്ട്രേഷൻ നടത്തിയിരുന്നില്ല. റോസ്ലിന്റെ കൈയിൽ തിരിച്ചറിയൽ രേഖകളൊന്നും ഇല്ലാതിരുന്നതിനാലാണ് വിവാഹം നടക്കാതെ പോയത്. ലോട്ടറിക്കച്ചവടം, കേസിലെ ഒന്നാം പ്രതി മുഹമ്മദ് ഷാഫിയുമായുള്ള ബന്ധം എന്നിവയൊന്നും തനിക്ക് അറിയില്ലായിരുന്നു. ജൂൺ 8ന് ചങ്ങനാശേരിയിലേക്ക് എന്നു പറഞ്ഞാണ് റോസ്‌ലി പോയത്.
പലയിടങ്ങളിൽ വാടകയ്ക്ക് ഒന്നിച്ചു താമസിച്ചു. ആലുവയിൽ മരുന്നുകടയിൽ പണിക്ക് പോകുന്നുവെന്നാണ് റോസ്ലിൻ പറഞ്ഞിരുന്നത്. നരബലി കേസിലെ ഷാഫിയെപ്പറ്റി പറഞ്ഞിട്ടില്ല. ലോട്ടറി വില്പനയുണ്ടെന്നു പോലും അറിഞ്ഞിരുന്നില്ല. മാമൻ ഗൾഫിൽനിന്നു വന്നിട്ടുണ്ടെന്നു പറഞ്ഞാണ് പോയത്. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയി. പൊലീസ് എത്തിയപ്പോഴാണ് നരബലിയെ കുറിച്ച് സജി അറിയുന്നത്. സജിയേയും തിരോധാന കേസിൽ പൊലീസ് സംശയിച്ചിരുന്നു എന്നതാണ് വസ്തുത.
ചങ്ങനാശേരിയിലെ ഒരു മാമൻ വിദേശത്തു നിന്നു വരുന്നുണ്ടെന്നാണ് പറഞ്ഞത്. അന്നുരാത്രിയും ഒരാഴ്ചയ്ക്കുശേഷവും വിളിച്ചപ്പോൾ ഫോൺ റിങ് ചെയ്തശേഷം സ്വിച്ച് ഓഫായി എന്നും സജി ഓർക്കുന്നു. കഴിഞ്ഞ ജൂണിലാണ് തൃശൂർ സ്വദേശി സജീഷെന്ന യുവാവിനൊപ്പം റോസ്ലിൻ തന്റെ ഔട്ട്ഹൗസിൽ വാടകയ്ക്ക് താമസത്തിനെത്തിയതെന്നും 3 ആഴ്ച കഴിഞ്ഞ് റോസ്ലിനെ കാണാതായെന്നും വീട്ടുടമ ലീല പറഞ്ഞു.
'ഭാര്യാ ഭർത്താക്കന്മാരെന്നു പറഞ്ഞാണ് സജിയും റോസ്ലിനും എത്തിയത്. ഇരുവരും തമ്മിൽ പ്രായവ്യത്യാസമുണ്ട്. ഇരുവരും വലിയ വിശ്വാസികളായിരുന്നു. എല്ലാ ഞായറാഴ്ചകളിലും ഇടപ്പള്ളി പള്ളിയിൽ പോകും. സജി അതിരാവിലെ ജോലിക്കുപോയാൽ രാത്രി 7 മണിയാകും തിരിച്ചെത്താൻ. അതുകൊണ്ട് സജിയെ അധികം ഞാൻ കാണാറില്ല. റോസ്ലിനെ കാണാതായ വിവരം പറഞ്ഞപ്പോൾ പൊലീസിൽ പരാതി നൽകാൻ പറഞ്ഞു.' ലീല പറഞ്ഞു.
ഓഗസ്റ്റ് 6 മുതലാണ് റോസ്ലിനെ കാണാതായത്. ഓഗസ്റ്റ് 15ന് കാലടി പൊലീസിൽ പരാതി നൽകി. എന്നാൽ മൂന്നാഴ്ച മുൻപാണ് പൊലീസ് അന്വേഷണത്തിന് ഔട്ട്ഹൗസിലേക്ക് എത്തിയത്. റോസ്ലിനെ കൂടാതെ കടവന്ത്ര പൊന്നുരുന്നി സ്വദേശിനി പത്മത്തെയും (57) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. പത്മത്തിന്റെ മകൻ സെൽവന്റെ പരാതിയിലുള്ള അന്വേഷണത്തിലാണ് നരബലി കണ്ടെത്തിയത്. സെപ്റ്റംബർ 26നാണ് പത്മത്തെ കാണാതായത്.
'ശ്രീദേവി' എന്ന ഫേസ്‌ബുക് ഐഡി വഴി തിരുവല്ല സ്വദേശി ഭഗവൽ സിങ്ങിനെ പരിചയപ്പെട്ട പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഷാഫിയാണ് സ്ത്രീകളെ തട്ടിക്കൊണ്ടുപോയത്. ഐശ്വര്യത്തിനും സമ്പൽസമൃദ്ധിക്കും നരബലിയാണ് പരിഹാരമെന്നും പറഞ്ഞ് ഭഗവൽ സിങ്ങിന്റെ കയ്യിൽനിന്നു ഷാഫി പണം കൈക്കലാക്കിയിരുന്നു. റോസ്ലിനെ 10 ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് കൊന്നുവന്നത്. അശ്ലീല ചിത്രത്തിൽ അഭിനയിക്കാനാണ് ഈ തുക വാഗ്ദാനം ചെയ്തത്. വീട്ടിലെത്തിച്ച റോസ്ലിന്റെ കൈകാലുകൾ ബന്ധിച്ച് വായിൽ പ്ലാസ്റ്റിക് കുത്തിത്തിരുകി. പത്മത്തെ കൊന്ന അതേ രീതിയിൽ തന്നെയാണ് പ്രതികൾ റോസ്ലിനെയും കൊന്നതെന്നാണ് റിമാൻഡ് റിപ്പോർട്ടുലുള്ളത്.
ജൂലായ് 29-ാം തീയതി അമ്മയെ ഫോണിൽവിളിച്ചിട്ട് കിട്ടാതായതോടെയാണ് ആദ്യം അന്വേഷണം ആരംഭിച്ചതെന്നായിരുന്നു റോസ്ലിന്റെ മകൾ മഞ്ജുവിന്റെ പ്രതികരണം. സജീഷിനെ വിളിച്ചപ്പോൾ ചങ്ങനാശ്ശേരിയിലെ ബന്ധുവീട്ടിൽ പോയെന്നായിരുന്നു മറുപടി. ആലപ്പുഴ കൈനടിയാണ് അമ്മയുടെ സ്വദേശം. ആ ഭാഗങ്ങളിലൊക്കെ ബന്ധുക്കളും ഉണ്ട്. അവിടെയെല്ലാം അമ്മ ഇടയ്ക്ക് പോകാറുമുണ്ട്. എന്നാൽ ബന്ധുവീടുകളിലെല്ലാം വിളിച്ച് അന്വേഷിച്ചപ്പോഴും അമ്മ അവിടെ എത്തിയിട്ടില്ലെന്ന വിവരമാണ് ലഭിച്ചത്. ഇതോടെയാണ് ഓഗസ്റ്റ് 17-ാം തീയതി പൊലീസിൽ പരാതി നൽകിയതെന്നും മഞ്ജു പറഞ്ഞു.
'മമ്മി ഒരു ചെറിയ ഫോണാണ് ഉപയോഗിച്ചിരുന്നത്. പരാതി നൽകിയതിന് ശേഷം അന്വേഷണം നടക്കുന്നുണ്ടെന്നും ഫോണിന്റെ ഐഎംഇ നമ്പറൊന്നും കണ്ടുപിടിക്കാനായില്ലെന്നായിരുന്നു പൊലീസിന്റെ പ്രതികരണം. വീട്ടുജോലിക്കെല്ലാം പോയി വളരെ കഷ്ടപ്പെട്ടാണ് മമ്മി ഞങ്ങളെ വളർത്തിയത്. ഞങ്ങളെ സഹായിക്കാൻ ആരുമില്ലായിരുന്നു. മമ്മിക്ക് ഒരു വിദ്യാഭ്യാസവുമില്ല. സാമ്പത്തികലാഭം എന്നൊക്കെ പറഞ്ഞാൽ മമ്മിക്ക് അത് മനസിലാക്കാൻ പോലും കഴിയുമെന്ന് കരുതുന്നില്ല. വീട് മാറിയാലും എന്ത് ചെയ്താലും മമ്മി എന്നെ വിളിച്ച് അറിയിക്കുന്നതാണ്. ഇപ്പോൾ വാർത്തകൾ പുറത്തുവന്നതോടെയാണ് സംഭവം അറിയുന്നത്. പൊലീസിനെ വിളിച്ചപ്പോൾ ഒന്നും സ്ഥിരീകരിച്ചിട്ടില്ലെന്നായിരുന്നു മറുപടി' മഞ്ജു കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ