- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോയൽ ട്രാവൻകൂർ നിക്ഷേപതട്ടിപ്പ്: അറസ്റ്റിലായ രാഹുൽ ചക്രപാണി ജാമ്യത്തിലിറങ്ങി; എല്ലാ നിക്ഷേപകർക്കും പണം തിരിച്ചു നൽകുമെന്ന് സത്യവാങ്മൂലം; വിവിധ സ്റ്റേഷനുകളിൽ പരാതികളുമായി കൂടുതൽ നിക്ഷേപകർ; മിക്ക സ്ഥാപനങ്ങൾക്കും താഴുവീണു
കണ്ണൂർ: കണ്ണൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന റോയൽ ട്രാവൻകൂറെന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ മറവിൽ നിക്ഷേപതട്ടിപ്പ് നടത്തിയെന്ന പരാതിയിൽ അറസ്റ്റിലായ മാനേജിങ് ഡയറക്ടറും ചെയർമാനുമായ രാഹുൽചക്രപാണിക്ക് കോടതി ജാമ്യം അനുവദിച്ചു.കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
കണ്ണൂർ ടൗൺ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ടു കേസുകളിലും പരാതിക്കാർക്ക് പണം തിരികെ നൽകും. നിക്ഷേപകർക്ക് എല്ലാം പണം തിരികെ നൽകാൻ സംവിധാനമുണ്ടാക്കുമെന്ന് കമ്പനി ഉറപ്പുനൽകിയിട്ടുണ്ട്്. രാഹുൽ ചക്രപാണിയെ അറസ്റ്റു ചെയ്തതോടെ വിവിധ സ്റ്റേഷനുകളിൽ നിക്ഷേപകർ പരാതി നൽകിയിട്ടുണ്ട്. കണ്ണൂർ സയൻസ് പാർക്കിന് എതിർവശത്തെ സ്ഥാപനത്തിന്റെ ഹെഡ് ഓഫീസിൽ വച്ചാണ് കണ്ണൂർ ടൗൺ പൊലിസ് ഇയാളെ അറസ്റ്റു ചെയ്തത്.
കണ്ണൂർ ജില്ലയിലെ വിവിധ പൊലിസ് സ്റ്റേഷനുകളിലും ജില്ലയ്ക്കു പുറത്തും രാഹുൽ ചക്രപാണിക്കെതിരെ നിക്ഷേപ തട്ടിപ്പു നടത്തിയതിന് പരാതികളുണ്ട്. അരോളി സ്വദേശി ഇ.കെ മോഹനനിൽ നിന്നും പത്തുലക്ഷംരൂപയും കണ്ണൂക്കര സ്വദേശി നിധിനിൽ നിന്നും 3,76,000 രൂപ നിക്ഷേപമായി സ്വീകരിച്ചു മുതലും പലിശയും മടക്കികൊടുക്കാതെ വഞ്ചിച്ചുവെന്ന പരാതിയിലുമാണ് രാഹുൽ ചക്രപാണിക്കെതിരെ നിലവിൽ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തത്.
എന്നാൽ ഇയാൾക്കെതിരെ നിരവധി നിക്ഷേപകർ പൊലിസിനെ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം. വരുംദിവസങ്ങളിൽ ഇതിൽ പൊലിസ് കേസെടുത്തേക്കും. നിക്ഷേപതുക അവധിയെത്തിയിട്ടും തിരികെ ലഭിക്കാത്തതിനെ തുടർന്ന് വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് കൂട്ടത്തോടെ രാഹുൽ ചക്രപാണിയുടെ ഓഫീസിലെത്തുകയായിരുന്നു. ഓഫീസിലുണ്ടായിരുന്ന രാഹുൽചക്രപാണി പണത്തിന് അവധി പറഞ്ഞു നിക്ഷേപകരെ പിൻതിരിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും ഇവർ വഴങ്ങിയില്ല. ഒടുവിൽ ബഹളമുണ്ടായതിനെ തുടർന്ന് കണ്ണൂർ ടൗൺ പൊലിസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പണം തിരികെ ലഭിക്കാനുള്ളവർ കൂട്ടത്തോടെ എത്തുന്നതിനാൽ കണ്ണൂർ ജില്ലയിലെ മിക്കസ്ഥാപനങ്ങളും പൂട്ടിയിട്ടിരിക്കുകയാണ്. നിശ്ചിതതുക നിക്ഷേപമായി ആളുകളെ കൊണ്ടു സ്ഥാപനത്തിൽ അടപ്പിക്കണമെന്ന വ്യവസ്ഥയിലാണ് ഇവിടെ ജീവനക്കാരെ നിയമിച്ചിരുന്നത്.
്സംസ്ഥാനത്താകെ എൺപത്തിമൂന്ന് ശാഖകളുള്ള സ്ഥാപനത്തിന്റെ ഭൂരിഭാഗം ശാഖകളും പൂട്ടിയിരിക്കുകയാണ്. കരുവഞ്ചാൽ, ആലക്കോട് ഉൾപ്പെടെ ജില്ലയിലെ മലയോര മേഖലകളിലെ ഓഫീസുകളും അടച്ചു പൂട്ടിയിട്ടുണ്ട്. ആലക്കോട്് ന്യൂബസാറിലെ ഷോപ്പിങ് കോംപ്ളക്സിലെയും കരുവഞ്ചാൽ മെയിൻ റോഡിന് സമീപത്തെ കോംപ്ളക്സിൽ പ്രവർത്തിക്കുന്ന ഓഫീസുകളുമാണ് അടച്ചുപൂട്ടിയത്.
ആലക്കോട് നേരത്തെ വൻപ്രചാരണത്തോടെ എ.ടി. എം കൗണ്ടർ തുടങ്ങിയിരുന്നു. എന്നാൽ താമസിയാതെ, അതും അടച്ചു പൂട്ടി. കാർത്തിക പുരത്തെ ഓഫീസും മാസങ്ങൾ മാത്രമെ തുറന്നു പ്രവർത്തിച്ചിരുന്നുള്ളൂ. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ നിക്ഷേപകരെ കബളിപ്പിച്ചു കൊണ്ടു അതിനും താഴുവീണു. പെരുമ്പടവ്, നടുവിൽ ഉൾപ്പെടെയുള്ള സ്ഥങ്ങളിലെ ഓഫീസുകളും പൂട്ടിയ നിലയിലാണ്. സാധാരണക്കാരായ കർഷകരും വ്യാപാരികളുമാണ് ഇവിടെ പണം നിക്ഷേപിച്ചിരുന്നത്.
കരുവന്നൂർ ബാങ്ക് തട്ടിപ്പുവിവരം പുറത്തുവന്നതോടെയാണ് റോയൽ ട്രാവൻകൂർഫാർമേഴ്സ് കമ്പ നിയിൽ വൻതോതിൽ നിരവധി പേർ പണം നിക്ഷേപിച്ചത്. സഹകരണബാങ്കുകൾ സുരക്ഷിതമല്ലെന്ന പ്രചാരണത്തോടെ സ്ഥാപനത്തിലെ മാർക്കറ്റിങ് രംഗത്തുള്ളവർ നിക്ഷേപകരെ വലയിൽ വീഴ്ത്തുകയായിരുന്നു. ഇതേ തുടർന്ന് പലരും സഹകരണബാങ്കുകളിൽ നിന്നും പണം പിൻവലിച്ചു റോയൽ ട്രാവൻകൂറിൽ നിക്ഷേപിക്കുകയായിരുന്നു.
വിരമിച്ച സഹകരണ ഉദ്യോഗസ്ഥരെയും യുവതികളെയുമാണ് പ്രധാനമായും ജീവനക്കാരായി നിയമിച്ചത്. സാധാരണ കുടുംബാംഗമായ രാഹുൽ ചക്രപാണി തേർത്തല്ലിക്കു സമീപം കൊട്ടാര സമാനമായ ആഡംബര വീടാണ് നിർമ്മിക്കുന്നത്. എന്നാൽ ഇതിന്റെ നിർമ്മാണം ഇപ്പോൾ നിലച്ചിരിക്കുകയാണ്. മലയോര മേഖലയിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്നതിന്റെ ഭാഗമായി നിരവധി പേർക്ക് സ്ഥലം വാങ്ങുന്നതിനായി അഡ്വാൻസും നൽകിയിരുന്നു. എന്നാൽ ഇതിന്റെയൊന്നും രജിസ്ട്രേഷൻ ഇതുവരെ നടന്നിട്ടില്ല. തേർത്തല്ലി ചെക്കിച്ചേരി സ്വദേശിയായ രാഹുൽ ചക്രപാണി വിദ്യാർത്ഥിയായിരുന്ന കാലത്ത് ഇടതു വിദ്യാർത്ഥി സംഘടനയുടെ ജില്ലാ നേതൃത്വത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭരണകക്ഷിയിലെ ചില നേതാക്കളുമായി വ്യക്തിപരമായ അടുപ്പവും പുലർത്തിയിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്