ന്യൂഡൽഹി: എഡ്‌ടെക് കമ്പനിയായ ബൈജൂസ് 9000 കോടിയുടെ വിദേശ ധനവിനിമയ നിയമ(ഫെമ) ലംഘനം നടത്തിയെന്ന് ഇഡി കണ്ടെത്തിയതായി എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. കമ്പനിക്ക് ഇതുവരെ നോട്ടീസ് അയച്ചിട്ടില്ലെങ്കിലും, ഉടൻ അയയ്ക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

എന്നാൽ, തങ്ങൾക്ക് ഇഡിയുടെ നോട്ടീസ് കിട്ടിയെന്ന വാർത്തകൾ ബൈജൂസ് നിഷേധിച്ചു. ഇത്തരത്തിൽ ഒരറിയിപ്പും കമ്പനിക്ക് ഇതുവരെ ഇഡിയിൽ നിന്ന് ലഭിച്ചിട്ടില്ല. 2011 മുതൽ 23 വരെ ബൈജൂസിലേക്ക് വന്ന വിദേശ നിക്ഷപവുമായി ബന്ധപ്പെട്ടാണ് ഇഡി ഫെമ ലംഘനം കണ്ടെത്തിയത്. ഇക്കാര്യത്തിൽ, ബൈജൂസ് ചീഫ് എക്‌സിക്യൂട്ടീവ് ബൈജു രവീന്ദ്രൻ ഈ വിഷയത്തിൽ വിശദീകരണം നൽകിയിട്ടില്ല. കഴിഞ്ഞ രണ്ടുവർഷത്തിനിടെ, മൂന്നോ നാലോ തവണ ബൈജു രവീന്ദ്രനോട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു.

ബൈജൂസുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ കഴിഞ്ഞ ഏപ്രിലിൽ ഇഡി തിരച്ചിൽ നടത്തിയിരുന്നു. എഡ്‌ടെക് കമ്പനി കോർപറേറ്റ് കാര്യ മന്ത്രാലയത്തിന്റെയും, ജിഎസ്ടി ഇന്റലിജൻസ് ഡിജിയുടെയും നിരീക്ഷണത്തിലാണ്. 2011നും 2023നും ഇടയിൽ ഏകദേശം 28,000 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപമാണ് ബൈജൂസിന് ലഭിച്ചതെന്നാണ് ഇ ഡി പറയുന്നത്. ഇതേ കാലയളവിൽ വിദേശ അധികാരപരിധികളിലേക്ക് ഏകദേശം 9,754 കോടി രൂപ ബൈജുവിന് അയച്ചതായാണ് ഇ ഡിവൃത്തങ്ങൾ പറയുന്നത്. എന്നാൽ അത്തരത്തിലുള്ള ആശയവിനിമയങ്ങൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് ബൈജൂസ് എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചത്.

ബൈജൂസിന്റെ മാതൃസ്ഥാപനം തിങ്കിനും, ലേൺ പ്രൈവറ്റ് ലിമിറ്റഡിനും, ബൈജ രവീന്ദ്രനും ഇഡി നോട്ടീസ് അയച്ചതായി സിഎൻബിസി-ടിവി 18 ആണ് റിപ്പോർട്ട് ചെയ്തത്. സ്വകാര്യ വ്യക്തികൾ നൽകിയ പരാതികളിലാണ് ബൈജൂസിനെതിരെ ഇഡി കേസെടുത്തത്. അന്വേഷണത്തിന്റെ ഭാഗമായി പലതവണ ബൈജു രവീന്ദ്രന് സമൻസ് നൽകിയെങ്കിലും ഹാജരായിരുന്നില്ല. പരിശോധനയിൽ നിരവധി ഡിജിറ്റൽ രേഖകളും ഡാറ്റകളും പിടിച്ചെടുത്തതായും ഇ.ഡി. പത്രകുറിപ്പിൽ വ്യക്തമാക്കി.

'ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ടിന്റെ വ്യവസ്ഥകൾ പ്രകാരം (ഫെമ) പ്രകാരമായിരുന്നു റെയ്ഡ്. 2011 മുതൽ 2023 വരെയുള്ള കാലയളവിൽ കമ്പനിക്ക് 28,000 കോടി രൂപ (ഏകദേശം) വിദേശ നിക്ഷേപം ലഭിച്ചിട്ടുണ്ട്. ഇതേ കാലയളവിൽ 9754 കോടി രൂപ വിവിധ വിദേശ സ്ഥാപനങ്ങളിലേക്ക് നിക്ഷേപമായി മാറ്റുകയും ചെയ്തിട്ടുണ്ട്' ഇ.ഡി. ഏപ്രിലിൽ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.

കമ്പനിയിൽ നിന്നും പിരിച്ചുവിട്ട ജീവനക്കാരുടെ ആനൂകൂല്യങ്ങൾ പൂർണമായി കൊടുത്തുതീർക്കുന്നതിൽ കാലതാമസം വരുത്തുന്നതിനിടെയാണ് പുതിയ സംഭവിവകാസം. ബെഗംളൂരു കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കമ്പനി തുക കൊടുത്തുതീർക്കൽ സെപ്റ്റംബറിൽ നിന്ന് നവംബറിലേക്ക് മാറ്റിയിരുന്നു,

ബൈജുവിന്റെ ഉപസ്ഥാപനമായ ആകാശും ഡേവിഡ്‌സൺ കെംപ്‌നറുമായി ബന്ധപ്പെട്ട ദീർഘകാലത്തെ കരാർ പ്രശ്‌നം അടുത്തിടെ കമ്പനി തീർപ്പാക്കിയിരുന്നു. അടുത്ത ആറുമാസത്തിനകം, 1.2 ബില്യൻ ഡോളർ മുഴുവനായി തിരിച്ചടയക്കാമെന്ന് ബൈജൂസ് തങ്ങളുടെ വായ്പാ ദാതാക്കൾക്ക് ഉറപ്പു നൽകിയിരുന്നു. അടുത്ത മൂന്നുമാസം 300 ദശലക്ഷം ഡോളറാണ് ഇതിനായി മാറ്റി വയ്ക്കുക. കടം തീർക്കാൻ തങ്ങളുടെ പ്രധാനപ്പെട്ട ആസ്തികൾ വിലയിരുത്താനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.

തങ്ങളുടെ അപ്‌സ്‌കില്ലിങ് പ്ലാറ്റ്‌ഫോം ഗ്രേറ്റ് ലേണിങ്ങും, ബുക്ക് റീഡിങ് പ്ലാറ്റ്‌ഫോം എപ്പിക്കും വിൽപനയ്ക്ക് വച്ചിരിക്കുകയാണ് ബൈജൂസ്. അതുവഴി ഒരു ബില്യൻ ഡോളർ കമ്പനിക്ക് നേടിയെടുക്കാമെന്ന് മണി കൺട്രോൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് കമ്പനിയായി കുറഞ്ഞ സമയത്തിനുള്ളിൽ ഉയർന്ന ബൈജൂസ് വമ്പൻ ഏറ്റെടുക്കലുകളും ലാഭക്ഷമതയില്ലാത്ത വിപണന തന്ത്രങ്ങളും മൂലം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയായിരുന്നു. 2015 ലാണ് ലോകത്തിലെ ഏറ്റവും ഉയർന്ന മൂല്യമുള്ള എഡ്യുടെക് സ്റ്റാർട്ടപ്പായ ബൈജൂസിന് മുൻ അദ്ധ്യാപകനായ ബൈജു രവീന്ദ്രൻ തുടക്കം കുറിക്കുന്നത്.