കുന്നംകുളം: കിഴൂർ ചൂഴിയാട്ടിൽ രുഗ്മിണിയെ (59) കൊലപ്പെടുത്തിയ കേസിൽ ചുരുളെല്ലാം അഴിഞ്ഞു. മകളുടെ സ്വത്തിനോടുള്ള മോഹം തന്നെയാണ് കൊലപാതകമായി മാറിയത്. ഇന്ദുലേഖ (39) അച്ഛൻ ചന്ദ്രനെയും കൊലപ്പെടുത്താൻ ശ്രമിച്ചു. രുചിവ്യത്യാസം തോന്നി ചന്ദ്രൻ ചായ കുടിക്കാതിരുന്നതുകൊണ്ടു രക്ഷപ്പെട്ടു. അച്ഛനമ്മമാരുടെ പേരിലുള്ള 14 സെന്റ് ഭൂമിയും വീടും തട്ടിയെടുത്തു പണയപ്പെടുത്താൻ വേണ്ടി ഇന്ദുലേഖ കൊലപാതകത്തിനു തുനിഞ്ഞെന്നാണു പൊലീസിന്റെ കണ്ടെത്തൽ. ഡോക്ടറുടെ സംശയമാണ് കേസിൽ നിർണ്ണായകമായത്. അതുകൊണ്ടാണ് പോസ്റ്റ് മോർട്ടം നടന്നതും.

സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർ രുഗ്മിണിയോട് 'എന്തിനാ വിഷം കഴിച്ചത്?' എന്നു ചോദിച്ചിരുന്നു. താൻ വിഷം കഴിച്ചിട്ടില്ലെന്നായിരുന്നു രുഗ്മിണിയുടെ മറുപടി. രുഗ്മിണി ആത്മഹത്യയ്ക്കു ശ്രമിച്ചതാകുമെന്ന സംശയത്തെത്തുടർന്നായിരുന്നു ഡോക്ടറുടെ ചോദ്യം. എന്നാൽ, അമ്മയ്ക്കു മഞ്ഞപ്പിത്തമാണെന്നായിരുന്നു മകൾ ഇന്ദുലേഖ ആദ്യം മുതൽക്കേ വിശദീകരിച്ചിരുന്നത്. പോസ്റ്റ്മോർട്ടം നടത്തിയതോടെ വിഷബാധയാണു മരണ കാരണമെന്നു സ്ഥിരീകരിക്കപ്പെട്ടു.

സ്വർണാഭരണങ്ങൾ പണയപ്പെടുത്തി വായ്പയെടുത്ത ഇന്ദുലേഖയ്ക്ക് 8 ലക്ഷത്തിലധികം രൂപയുടെ ബാധ്യതയുണ്ട്. വീടും സ്ഥലവും പണയപ്പെടുത്തി ആഭരണങ്ങൾ തിരിച്ചെടുക്കാൻ ഇന്ദുലേഖ ആഗ്രഹിച്ചു. എന്നാൽ, അമ്മ എതിർത്തു. ഇതിനിടെ വിദേശത്തു ജോലി ചെയ്യുന്ന ഭർത്താവ് അപ്രതീക്ഷിതമായി കഴിഞ്ഞ 18ന് അവധിയെടുത്ത് നാട്ടിലെത്തി. ഭർത്താവ് അറിയാതെയാണ് ആഭരണം പണയപ്പെടുത്തിയത് എന്നതിനാൽ ഇന്ദുലേഖ ഭയപ്പാടിലായി. മാതാപിതാക്കളുടെ കാലശേഷം വീടും സ്ഥലവും ഇവരുടെ രണ്ടു പെൺമക്കളിൽ മൂത്തയാളായ ഇന്ദുലേഖയ്ക്കു ലഭിക്കുമെന്നു മരണപത്രം എഴുതിയിരുന്നു. ഈ സ്വത്ത് കൈക്കലാക്കാനായിരുന്നു കൊല. ഭർത്താവ് ഗൾഫിൽ നിന്ന് വരുമ്പോൾ കൂട്ടാനായി മകൾക്കൊപ്പം അമ്മയും പോയിരുന്നു. ഇതിനിടെയാണ് വിഷം നൽകിയതെന്നാണ് സൂചന.

എലിവിഷം ഉള്ളിൽച്ചെന്ന് അവശനിലയിലായ രുഗ്മിണിയെ ആശുപത്രിയിലെത്തിക്കുമ്പോൾ ഒന്നുമറിയാത്തമട്ടിൽ ഇന്ദുലേഖയും ഒപ്പമുണ്ടായിരുന്നു. നില വഷളായതോടെ രുഗ്മിണിയെ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്കു മാറ്റി. വിദഗ്ധ പരിശോധനയിൽ വിഷം ഉള്ളിലെത്തിയതിന്റെ സൂചന ലഭിച്ചു. ഇതോടെയാണ് ഡോക്ടർ രഗ്മിണിയോട് വിഷത്തിലെ സംശയം ചോദിച്ചത്. രുഗ്മിണി മരിച്ച് 2 ദിവസങ്ങൾക്കു ശേഷം പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വിഷം ഉള്ളിൽച്ചെന്നെന്നു സ്ഥിരീകരിച്ചു. ഇതോടെ ചിത്രം വ്യക്തമായി. പിന്നീട് ചോദ്യം ചെയ്യലിൽ രുഗ്മിണി കുറ്റസമ്മതം നടത്തി.

ദിവസങ്ങളായി ആസൂത്രണം ചെയ്താണു കൊലപാതകം നടപ്പാക്കിയതെന്നും സമ്മതിച്ചു. അമ്മയെ കൊലപ്പെടുത്തിയതിന്റെ മനഃപ്രയാസമൊന്നും പൊലീസ് കസ്റ്റഡിയിൽ ഇന്ദുലേഖ പ്രകടിപ്പിച്ചില്ലെന്നു സൂചനയുണ്ട്. പാറ്റയെ അകറ്റാൻ ഉപയോഗിക്കുന്ന വിഷപദാർഥങ്ങളടങ്ങിയ ചോക്ക് ചുരണ്ടി ചായയിൽ കലർത്തി നൽകി അച്ഛൻ ചന്ദ്രനെ കൊലപ്പെടുത്താൻ ഇന്ദുലേഖ മുൻപും ശ്രമിച്ചതായി പൊലീസ് കണ്ടെത്തി. അച്ഛൻ അന്നും ചായ കുടിക്കാതിരുന്നതു രക്ഷയായി.

കൊലപാതകമെന്നു തോന്നാത്തവിധത്തിൽ അച്ഛനെയും അമ്മയെയും മാരക രോഗികളാക്കി മരണത്തിനു വിട്ടുകൊടുക്കാനായിരുന്നു ഇന്ദുലേഖയുടെ ആദ്യശ്രമം. ഇവരുടെ കരൾ തകരാറിലാക്കാൻ ഇവരറിയാതെ വേദനസംഹാരി ഗുളിക സ്ഥിരമായി നൽകി. കറികളിലും മറ്റും പൊടിച്ചുചേർത്തായിരുന്നു ഗുളിക കഴിപ്പിക്കൽ. ഇന്ദുലേഖയ്ക്കു സാമ്പത്തിക ബാധ്യത ഉണ്ടായത് എങ്ങനെയാണെന്നു പൊലീസ് അന്വേഷിച്ചു വരുന്നു. ഇതു സംബന്ധിച്ചു പരസ്പര വിരുദ്ധമായ മൊഴികളാണു പ്രതി നൽകിയത്. മകന്റെ റമ്മി കളിയാണ് ഇതിന് കാരണമെന്ന അഭ്യൂഹം ശക്തമാണ്.

രുഗ്മിണിയെന്ന അമ്പത്തിയെട്ടുകാരിയെ കടുത്ത ഛർദ്ദിയെത്തുടർന്ന് മകൾ ഇന്ദുലേഖയാണ് കഴിഞ്ഞ പതിനെട്ടിന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഗൾഫിലായിരുന്ന ഇന്ദുലേഖയുടെ ഭർത്താവ് അവധിക്ക് വന്ന ദിവസമായിരുന്നു അത്. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും സ്ഥിതി വഷളായതോടെ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളെജിലേക്ക് മാറ്റി. പരിശോധിച്ച ഡോക്ടർമാർ വിഷം ഉള്ളിൽ ചെന്നെന്ന സംശയം പ്രകടിപ്പിച്ചിരുന്നു.

ആശുപത്രിയിൽ ഭാവഭേദമില്ലാതെ കൂട്ടിരുന്നത് മകൾ ഇന്ദുലേഖ തന്നെയായിരുന്നു. ഡോക്ടർമാരുടെ സംശയം കേട്ട രുഗ്മിണി മകളോട് നീവല്ലതും കലക്കിത്തന്നോടീ എന്ന് ചോദിച്ചു. മരിക്കാൻ കിടക്കുമ്പോഴാണോ ഇങ്ങനെയൊക്കെ പറയുന്നതെന്നായിരുന്നു മകളുടെ മറുപടി. ഇതിന് സാക്ഷിയായി അച്ഛൻ ചന്ദ്രൻ അടുത്തുണ്ടായിരുന്നു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ചന്ദ്രൻ ഇക്കാര്യം പറഞ്ഞു. 23 ന് രുഗ്മിണി മരിച്ചു. പോസ്റ്റ്‌മോർട്ടം പരിശോധനയിൽ വിഷം ഉള്ളിൽ ചെന്നാണ് മരണമെന്ന് ഉറപ്പാക്കിയ പൊലീസ് കുടുംബാംഗങ്ങളെ വിളിച്ചുരുത്തി. മകളിലേക്ക് സംശയത്തിന്റെ വിരലാദ്യം ചൂണ്ടിയത് അച്ഛൻ തന്നെയായിരുന്നു. അതിന് ചന്ദ്രന് കാരണവുമുണ്ടായിരുന്നു.

രുഗ്മിണി ചികിത്സയിലിരിക്കുന്ന ദിവസങ്ങളിലൊന്നിൽ ഇന്ദുലേഖയുടെ മകൻ ഒരു പൊതി മുത്തച്ഛൻ ചന്ദ്രനെ കാണിച്ചു. എലിവിഷമാണെന്നും അമ്മ കളയാൻ തന്നതെന്നുമായിരുന്നു പറഞ്ഞത്. ഇതെവിടുന്നെന്ന ചോദ്യത്തിന് ഇന്ദുലേഖ ഒഴുക്കൻ മട്ടിൽ ഉത്തരം നൽകിയത് വല്ലാത്ത എലി ശല്യമായിരുന്നു, അതിനെ കൊല്ലാൻ വാങ്ങിച്ചതെന്നുമായിരുന്നു. രണ്ടു മാസത്തിനിടെ നടന്ന രണ്ടു സംഭവങ്ങൾ പൊലീസ് മൊഴിയെടുക്കലിൽ ചന്ദ്രൻ ഓർത്തെടുത്തു. മകൾ നൽകിയ ചായയിൽ രുചി വ്യത്യാസം തോന്നിയതിനാൽ കുടിച്ചില്ല. പാറ്റയെയും ഉറുന്പിനെയും കൊല്ലാൻ ഉപയോഗിക്കുന്ന ചോക്കു പോലത്തെ കീടനാശിനി ചുരണ്ടി വച്ചിരിക്കുന്നതും ചന്ദ്രൻ അന്നു ശ്രദ്ധിച്ചിരുന്നു. ഒരുദിവസം ചോറിന് കൈപ്പ് തോന്നിയതിനാൽ കളഞ്ഞതും ചന്ദ്രൻ ഓർത്തെടുത്തു

വീട്ടുകാരുടെ മൊഴികളും സംശങ്ങളും കൂട്ടിവായിച്ച കുന്നംകുളം എസിപി ടി.എസ്. സിനോജും സിഐ ഷാജഹാനും ഇന്ദുലേഖയെ ചോദ്യം ചെയ്യാനും പശ്ചാത്തലമന്വേഷിക്കാനും തീരുമാനിച്ചു. ഭർത്താവ് ഗൾഫിലായ ഇന്ദുലേഖയും രണ്ടു മക്കളും രുഗ്മിണിയുടെയും ചന്ദ്രന്റെയും കൂടെയായിരുന്നു താമസം. കഴിഞ്ഞ മൂന്നു കൊല്ലത്തിനിടെ ഏഴു ലക്ഷം രൂപയ്ക്ക് ആഭരണങ്ങൾ ഇന്ദുലേഖ പണയം വച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ഇത് ഭർത്താവ് അറിയാതെയാണെന്നും പൊലീസ് സ്ഥിരീകരിച്ചു.

പൊലീസിന്റെ ചോദ്യങ്ങളോട് ആദ്യം ഇന്ദുലേഖ ഒഴിഞ്ഞു മാറി. ഇന്ദുലേഖയുടെ ഫോൺ പരിശോധിക്കുന്നതിനിടെ ആ നിർണായക തെളിവിൽ പൊലീസിന്റെ കണ്ണുടക്കി. ഗൂഗിൾ സെർച്ചിൽ വിഷം കൊടുത്തു കൊല്ലുന്നതിന്റെയും എലിവിഷം ഉപയോഗിക്കുന്നതിന്റെയും വിവരങ്ങൾ ഇന്ദുലേഖ തിരഞ്ഞിരിക്കുന്നു. കുന്നംകുളത്തെ മെഡിക്കൽ ഷോപ്പിൽ നിന്ന് ഒരു വിവരം കൂടി കിട്ടി. ഡോളോയുടെ ഇരുപത് ഗുളികകൾ ഒരുമിച്ച് വാങ്ങിയിരിക്കുന്നു ഇന്ദുലേഖ. എന്തിനെന്ന് ഷോപ്പുടമ ചോദിച്ചപ്പോൾ വയസ്സായ അച്ഛനും അമ്മയ്ക്കും പനിയാണെന്നും എപ്പഴുമെപ്പഴും വരാൻ കഴിയാത്തതിനാൽ വാങ്ങുന്നതാണെന്നുമായിരുന്നു മറുപടി നൽകിയത്.

അതിനിടെ ഓട്ടോറിക്ഷാക്കാരനിൽ നിന്ന് മറ്റൊരു വിവരം കൂടി പൊലീസിന് കിട്ടി. ഒരുദിവസം ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ ഡോളോ ഗുളികകൾ അമിതമായി കഴിച്ച ഒരാളെ ആശുപത്രിയിലാക്കി വരികയാണെന്ന് ഇന്ദുലേഖയോട് പറഞ്ഞിരുന്നു. കൂടുതൽ അളവിൽ ഗുളിക കഴിച്ചാൽ മരണം വരെ സംഭവിക്കാമെന്നും ഇന്ദുലേഖ ആ സംഭാഷണത്തിൽ നിന്നാണ് മനസ്സിലാക്കിയത്. ബലൂൺ കച്ചവടം നത്തിയും ഷോപ്പിൽ ജോലി ചെയ്തുമാണ് ചന്ദ്രനും രുഗ്മിണിയും രണ്ടു പെൺമക്കളെ വളർത്തിയത്. തറവാട്ടിലെ സ്ഥലം വിറ്റ പണം കൂടി ചേർത്താണ് കിഴൂരിൽ പതിനാല് സെന്റ് സ്ഥലം വാങ്ങിയത്. മൂത്തമകൾ ഇന്ദുലേഖയ്ക്ക് തന്നെയായിരുന്നു ഈ സ്ഥലവും വീടും നൽകാനിരുന്നത്.

ഭർത്താവ് അറിയാതെ സ്വർണം എടുക്കാൻ കണ്ടെത്തിയ വഴിയായിരുന്നു സ്വത്ത് പണയം വയ്ക്കുക. അച്ഛന്റെയും അമ്മയുടെയും പേരിലുള്ള പതിനാല് സെന്റ് സ്ഥലവും വീടും കൈക്കലാക്കണമെങ്കിൽ ഒരാളെ ഒഴിവാക്കണം. അച്ഛന്റെ വിരലടയാളം വാങ്ങാമെങ്കിലും അമ്മയെ സമ്മതിപ്പിക്കൽ എളുപ്പമല്ല. അവസാനം അമ്മയെ ലക്ഷ്യം വച്ചു. ലക്ഷ്യം നിറവേറ്റിയ ശേഷവും കൂസലില്ലാതെയായിരുന്നു ഇന്ദുലേഖയുടെ പെരുമാറ്റം.