കൊച്ചി: ശബരിമലയിൽ ഭക്ഷ്യ യോഗ്യമല്ലാത്ത നെയ്യ് എത്തുന്നതായി വിവരം. ഭക്തരുടെ ഇരുമുടിക്കെട്ടിനുള്ളിലെ നെയ്ത്തേങ്ങകൾ വഴിയാണ് ഭക്ഷ്യ യോഗ്യമല്ലാത്ത നെയ്യ് സന്നിധാനത്തിലെത്തുന്നത്. ഇത്തരം നെയ്യ് വിപണികളിൽ സുലഭമായതിനെ കുറിച്ച് ലഭിച്ച സൂചനകൾ പ്രകാരം മറുനാടൻ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരം ലഭിച്ചത്. പാലക്കാട് നിന്നും വരുന്ന അയ്യപ്പാ ഗീ എന്ന പേരിലുള്ള നെയ്യാണ് അയ്യപ്പ ഭക്തർ തേങ്ങകളിൽ നിറച്ച് സന്നിധാനത്തെത്തിക്കുന്നത്.

പാലക്കാട് നൂറണിയിലുള്ള വെങ്കടേശ്വരാ ട്രേഡേഴ്സാണ് ഈ നെയ്യ് വിപണികളിലെത്തിക്കുന്നത്. ഭക്ഷ്യയോഗ്യമല്ലെന്നും വിളക്ക് തെളിയിക്കാനുള്ളതുമാണെന്ന് എഴുതിയിട്ടുള്ളത് ഇംഗ്ലീഷിലാണ്. അതിനാൽ ഇംഗ്ലീഷ് അറിയാത്തവർ ഈ നെയ്യ് മറ്റാവശ്യങ്ങൽക്ക് ഉപയോഗിക്കാനും സാധ്യത കൂടുതലാണ്.

ഒട്ടുമിക്ക അയ്യപ്പ ഭക്തരും നെയ്യ് തേങ്ങ പൊട്ടിച്ച് പകുതി നെയ്യ് ക്ഷേത്രത്തിലെ നെയ് ഒഴിക്കുന്നിടത്ത് നൽകുകയും പകുതി വീട്ടിലേക്ക് കൊണ്ടു പോകുകയും ചെയ്യാറുണ്ട്. ഭക്തിയോടെ കൊണ്ടു പോകുന്ന നെയ്യ് ചിലർ കുടിക്കാറുമുണ്ട്. അതിനാൽ തന്നെ ഇത്തരം നെയ്യ് മനുഷ്യ ജീവന് തന്നെ അപകടമുണ്ടാക്കാറുണ്ട്.

ഇതിനിടയിൽ സോഷ്യൽ മീഡിയയിൽ ചില പ്രചരണങ്ങളും നടക്കുന്നുണ്ട്. ഇത്തരം നെയ്യ് ഉപയോഗിച്ച് അപ്പം, അരവണ നിർമ്മിക്കുന്നുണ്ട് എന്നാണ്. എന്നാൽ ഇതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ട്. ഭക്തർ കൊണ്ടു വരുന്ന നെയ്യ് അപ്പം, അരവണ നിർമ്മാണത്തിനായി ഉപയോഗിക്കുന്നില്ല. സന്നിധാനത്തും ദേവസ്വം ബോർഡിന്റെ മറ്റ് ക്ഷേത്രങ്ങളിലും വിളക്കുകൾ തെളിയിക്കാനും മറ്റും മാത്രമാണ് ഉപയോഗിക്കുന്നത്. എങ്കിലും ഭക്തർ ഇത്തരം നെയ്യ് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലതെന്ന് ദേവസ്വം ബോർഡ് അഭിപ്രായപ്പെട്ടു.

അതേ സമയം ഭക്ഷ്യ യോഗ്യമല്ലാത്ത നെയ്യ് വിൽപ്പന നടത്തുന്ന കടകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന തുടരുകയാണെന്ന് പത്തനംതിട്ട ഭക്ഷ്യ സുരക്ഷാ അസി.കമ്മീഷ്ണർ മറുനാടനോട് പറഞ്ഞു. ഭക്ഷ്യ യോഗ്യമല്ലാത്ത സാധനങ്ങളിൽ കൊടുക്കുന്ന ചുവന്ന മാർക്കില്ലെങ്കിൽ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാലക്കാടുള്ള ചില സ്ഥാപനങ്ങൾ പരിശോധനയിൽ അടച്ചു പൂട്ടിച്ചിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരം നെയ്യ് ശബരിമലയിലെത്തുന്നുണ്ടെങ്കിലും ഭക്തർ ആശങ്ക പെടേണ്ട സാഹചര്യമില്ല. അപ്പം, അരവണ തുടങ്ങിയ വഴിപാടുകളിൽ ഉപയോഗിക്കുന്ന എല്ലാ സാധനങ്ങളും ഭക്ഷ്യ സുരക്ഷാ വകുപ്പും നിർമ്മാണം ഏറ്റെടുത്തിരിക്കുന്ന കരാറുകാരും കൃത്യമായി പരിശോധിച്ച് ഗുണനിലവാരം ഉറപ്പ് വരുത്തുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.