തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനെ അറസ്റ്റു ചെയ്തത് കൃത്യമായ തെളിവുകളോടെ. എ പത്മകുമാറിന് കുരുക്കായത് സ്വന്തം കൈപ്പടയിലെഴുതിയ രേഖകളാണ്. ഉണ്ണി കൃഷ്ണന്‍ പോറ്റിക്ക് പാളികള്‍ കൈമാറാനുള്ള നിര്‍ദേശം ദേവസ്വം ബോര്‍ഡില്‍ ആദ്യം അവതരിപ്പിച്ചത് എ പത്മകുമാര്‍ എന്നാണ് എസ്‌ഐടി കണ്ടെത്തല്‍. ഇക്കാര്യം പച്ചമഷിയില്‍ അദ്ദേഹം എഴുതിയിരുന്നു.

അപേക്ഷ താഴെ തട്ടില്‍ നിന്നും വരട്ടെ എന്ന് ബോര്‍ഡ് നിര്‍ദേശിച്ചതോടെ മുരാരിയില്‍ നിന്നും കത്തിടപാട് തുടങ്ങി. പോറ്റിക്ക് അനുകൂലമായ നിര്‍ദേശങ്ങള്‍ പത്മകുമാര്‍ നല്‍കിയെന്നാണ് ഉദ്യോഗസ്ഥമൊഴി. ബോര്‍ഡ് മിനുട്‌സില്‍ മറ്റ് അംഗങ്ങള്‍ അറിയാതെ തിരുത്തല്‍ വരുത്തിയെന്നും എസ്‌ഐടി കണ്ടെത്തി. അംഗങ്ങള്‍ അറിയാതെ പത്മകുമാര്‍ ബോര്‍ഡ് മിനുട്‌സില്‍ തിരുത്തല്‍ വരുത്തി. പച്ചമഷി കൊണ്ടാണ് തിരുത്തല്‍ വരുത്തിയത്. ഇത് നിര്‍ണായക തെളിവായി. ചിരിച്ചുകൊണ്ടാണ് പത്മകുമാര്‍ അന്വേഷണ സംഘത്തോട് സംസാരിച്ചത്. നിങ്ങള്‍ തേടിവരുമെന്ന് എനിക്ക് ഉറപ്പായിരുന്നു എന്നാണ് എസ് ഐ ടിയോട് പറഞ്ഞത്.

കേസിലെ അടുത്ത ഘട്ടത്തില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തേക്കും. അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ എ പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യല്‍. കട്ടിളപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്‍കിയത് അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്റെ അറിവോടെയാണെന്നാണ് പത്മകുമാര്‍ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി. ദൈവതുല്യരായി കാണുന്നവരാണ് കൊള്ളയ്ക്ക് പിന്നിലെന്ന് പത്മകുമാര്‍ നേരത്തേ പറഞ്ഞിരുന്നു.

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പാളികള്‍ കൈമാറാന്‍ ദേവസ്വം ബോര്‍ഡില്‍ ആദ്യം നിര്‍ദേശംവച്ചത് പത്മകുമാറാണെന്നാണ് എസ് ഐ ടിയുടെ കണ്ടെത്തല്‍. പോറ്റിക്ക് അനുകൂലമായ നിര്‍ദേശങ്ങള്‍ പത്മകുമാര്‍ നല്‍കിയെന്ന് ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

നേരത്തെ ശബരിമല മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെയും മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാറിനെയും ചോദ്യം ചെയ്തപ്പോള്‍, ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ പത്മകുമാര്‍ നിര്‍ദേശം നല്‍കിയതായി മൊഴി നല്‍കിയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി എങ്ങനെ പങ്കുചേര്‍ന്നു എന്നതു സംബന്ധിച്ച് ഇന്നലെ നടന്ന ചോദ്യം ചെയ്യലില്‍ പത്മകുമാര്‍ മറുപടി നല്‍കിയില്ല എന്നാണ് റിപ്പോര്‍ട്ട്.

കേസില്‍ അറസ്റ്റിലാവുന്ന ആറാമനും രണ്ടാമത്തെ ബോര്‍ഡ് പ്രസിഡന്റുമാണ് പത്മകുമാര്‍. മുന്‍ പ്രസിഡന്റ് എന്‍ വാസു റിമാന്‍ഡിലാണ്. കേസില്‍ എട്ടാം പ്രതിയായി പത്മകുമാര്‍ അദ്ധ്യക്ഷനായ ബോര്‍ഡിനെയാണ് ചേര്‍ത്തിരുന്നത്. ബോര്‍ഡംഗങ്ങളായ കെ പി ശങ്കരദാസ്, എ വിജയകുമാര്‍ എന്നിവരെയും അറസ്റ്റ് ചെയ്‌തേക്കും. ഇന്നലെ രാത്രിയോടെ കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ പത്മകുമാറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് തിരുവനന്തപുരം സബ് ജയിലിലടച്ചു.