- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇനിയും കുടുങ്ങാന്‍ വമ്പന്‍ സ്രാവുകള്‍; സ്വര്‍ണപ്പാളി രജിസ്റ്ററില്‍ ചെമ്പെന്ന് രേഖപ്പെടുത്തിയത് ഉന്നതരുടെ നിര്‍ദ്ദേശ പ്രകാരം; മുരാരി ബാബുവിന്റെ നിര്‍ണായക മൊഴിയില്‍ വെട്ടിലാകുന്നത് ആര്? ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനും ഉറക്കമില്ലാ രാത്രികള്‍; എസ്.ഐ.ടി അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക്
ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇനിയും കുടുങ്ങാന്‍ വമ്പന്‍ സ്രാവുകള്‍
തിരുവനന്തപുരം: ശബരിമല സ്വര്‍ണ ക്കൊള്ളയുടെ ആസൂത്രണത്തെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചതായി സൂചന. മുരാരി ബാബുവില്‍ നിന്നും ലഭിച്ച മൊഴിയുടെ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ അന്വേഷണം വീണ്ടും ഉന്നതരിലേക്ക് നീങ്ങുന്ന അവസ്ഥയിലാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകളിലേക്ക് അന്വേഷണം എത്തും. തെളിവുകള്‍ ശേഖകരിക്കുകയാണ് പ്രത്യേക അന്വേഷണം സംഘം.
ശബരിമല സ്വര്‍ണപ്പാളി രജിസ്റ്ററില്‍ ചെമ്പെന്ന് രേഖപ്പെടുത്തിയത് ഉന്നതരുടെ നിര്‍ദ്ദേശപ്രകാരമാണെന്ന് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന്റെ നിര്‍ണായക മൊഴി. ഉണ്ണികൃഷ്ണന്‍ പോറ്റിയും നേരത്തേ എസ്.ഐ.ടിക്ക് സമാന മൊഴിയാണ് നല്‍കിയത്. ഇതോടെ, സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ഉന്നതര്‍ക്കെതിരെ കുരുക്ക് കൂടുതല്‍ മുറുകി. നിലവിലെ ബോര്‍ഡിന്റെ ഇടപെടല്‍ സഹിതം അന്വേഷിക്കാനാണ് ഹൈക്കോടതി ഉത്തരവ്. അതുകൊണ്ട് തന്നെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അടക്കം കടുത്ത പിരിമുറുക്കത്തിലാണ്.യ
ശബരിമലയിലെ മഹസറുകളില്‍ മുരാരിബാബു ബോധപൂര്‍വം തിരിമറി നടത്തിയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. ക്ഷേത്ര ശ്രീകോവിലിലെ സ്വര്‍ണവും മറ്റും മോഷ്ടിക്കാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി. ഇത് അന്നത്തെ ദേവസ്വം ഭാരവാഹികളുടെ അറിവോടെയാണെന്ന് ബാബു സമ്മതിച്ചതായാണ് വിവരം.ഭക്തരുടെ വിശ്വാസം വ്രണപ്പെടുത്തി, ക്ഷേത്ര സമ്പത്ത് ദുരുപയോഗം ചെയ്യാന്‍ ഒത്താശ ചെയ്തു.
1998ല്‍ ശ്രീകോവില്‍ സ്വര്‍ണംപൊതിഞ്ഞ സമയത്തുതന്നെ സ്വര്‍ണപ്പാളിയാണെന്ന് മുരാരിക്ക് അറിവുണ്ടായിരുന്നു. ദ്വാരപാലക ശില്പങ്ങള്‍, വാതില്‍പ്പടി എന്നിവയിലെ സ്വര്‍ണം കവര്‍ന്ന കേസില്‍ രണ്ടാം പ്രതിയും കട്ടിളപ്പാളി കേസില്‍ ആറാം പ്രതിയുമാണ് ബാബു.
കസ്റ്റഡിയില്‍ വാങ്ങുംഇന്നലെ വൈകിട്ട് 6ന് റാന്നി ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ ബാബുവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കോടതിയിലെ അടച്ചിട്ട മുറിയില്‍ വീഡിയോയില്‍ പകര്‍ത്തിയായിരുന്നു വിചാരണ. ഇന്നലെ കോടതി സമയം കഴിഞ്ഞതിനാല്‍ ഇന്നു രാവിലെ പ്രൊഡക്ഷന്‍ വാറണ്ടില്‍ പ്രതിയെ വീണ്ടും ഹാജരാക്കേണ്ട തീയതി പ്രഖ്യാപിക്കും.
ആ ദിവസം എസ്.ഐ.ടി കസ്റ്റഡിയില്‍ വാങ്ങും. കൂട്ടുത്തരവാദികളെ കണ്ടെത്താനും ഓരോരുത്തരുടേയും പങ്ക് അറിയാനും പ്രതിയെ വിശദമായി ചോദ്യം ചെയ്യണമെന്ന് പൊലീസ് ഇന്നലെ അറിയിച്ചു. അഴിമതി നിരോധന നിയമ പ്രകാരമുള്ള കുറ്റം നടന്നോയെന്നും പരിശോധിക്കും. വന്‍ സുരക്ഷാ സന്നാഹങ്ങളോടെയാണ് കോടതിയിലെത്തിച്ചത്. നേരത്തെ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഹാജരാക്കിയപ്പോള്‍ ചെരുപ്പേറ് നടന്നിരുന്നു.
മുരാരി ബാബുവിനെ 15മണിക്കൂറിലേറെയാണ് പ്രത്യേക സംഘം ചോദ്യംചെയ്തത്. മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ ദേവസ്വം ബോര്‍ഡില്‍ നിന്ന് കൂടുതല്‍ രേഖകള്‍ പിടിച്ചെടുത്തു. ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എച്ച്.വെങ്കിടേഷ് നേരിട്ടെത്തി. ബുധനാഴ്ച രാത്രി ചങ്ങനാശേരി പെരുന്നയിലെ വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
മുരാരി ബാബുവിന്റെ മൊഴി വിശദമായി പരിശോധിച്ച് വരികയാണ്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടിയാവും ഏതൊക്കെ ഉദ്യോഗസ്ഥരെ അടുത്തതായി വിളിച്ചു വരുത്തണമെന്ന് എസ്‌ഐടി തീരുമാനിക്കുക. കൂടുതല്‍ തെളിവ് ലഭിക്കുകയാണെങ്കില്‍ മറ്റ് ഉദ്യോഗസ്ഥരുടെയും അറസ്റ്റിലേക്ക് അന്വേഷണസംഘം കടക്കും. അറസ്റ്റിലായ മുരാരി ബാബുവിന്റെ ചങ്ങനാശ്ശേരി പെരുന്നയിലെ വീട്ടില്‍ എസ്‌ഐആടി റെയ്ഡ് നടത്തി. വൈകിട്ട് നടന്ന പരിശോധന ഒരു മണിക്കൂര്‍ നീണ്ടു.
സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച ചില രേഖകള്‍ സംഘത്തിന് കിട്ടിയതായാണ് സൂചന. പരിശോധനകള്‍ക്ക് ശേഷം ടഹഠ സംഘം തിരുവനന്തപുരത്തേക്ക് മടങ്ങി. നേരത്തെ ദേവസ്വം വിജിലന്‍സും മുരാരിയുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. മൂരാരി ബാബുവിനെ കൂടാതെ മറ്റ് എട്ട് ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരെയാണ് അന്വേഷണസംഘം കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. ഇവരുടെ ചോദ്യം ചെയ്ത ശേഷമാകും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാര്‍ അടക്കമുള്ളവരെ വിളിച്ചു വരുത്തുക.
വിവാദ ഇടനിലക്കാരന്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് ശേഷമുള്ള രണ്ടാം അറസ്റ്റാണ് മുരാരി ബാബുവിന്റേത്. പോറ്റിക്ക് സ്വര്‍ണ്ണം കടത്താന്‍ എല്ലാ ഒത്താശയും ചെയ്ത സംഘത്തിലെ പ്രധാനിയാണ് മുരാരി ബാബു. 2019ല്‍ ശബരിമലയിലെ ദ്വാരപാലക പാളികളിലെ സ്വര്‍ണ്ണം കവര്‍ന്ന കേസിലെ രണ്ടാം പ്രതിയാണ് മുരാരി ബാബു. 1998ല്‍ ശ്രീകോവിലിലും ദ്വാരപാലക പാളികളിലും സ്വര്‍ണ്ണം പതിച്ചത് അറിയാമായിരുന്ന മുരാരി ബാബു 2019ലും 2024 ലും ഇത് ചെമ്പെന്ന് രേഖകളില്‍ എഴുതി.
സ്വര്‍ണ്ണക്കൊള്ളക്ക് വഴിതെളിച്ച നിര്‍ണ്ണായക ആസൂത്രണത്തിന് പിന്നില്‍ മുരാരി ബാബുവാണെന്നാണ് ദേവസ്വം വിജിലിന്‍സിന്റെയും എസ്‌ഐടിയുടെയും കണ്ടെത്തല്‍. പാളികള്‍ പോറ്റിയുടെ കൈവശം തന്നെ കൊടുത്ത് വിടാന്‍ അനുവദിക്കണമെന്ന കുറിപ്പ് ദേവസ്വം ബോര്‍ഡിന് നല്‍കിയതും മുരാരി ബാബുവാണ്. വര്‍ഷങ്ങളായി ദേവസ്വം ബോര്‍ഡില്‍ ഉന്നത പദവികള്‍ വഹിച്ചിരുന്ന ബാബു ശക്തനായ ഉദ്യോഗസ്ഥരിലൊരാളാണ്. ഇനി പോറ്റിയെയും ബാബുവിനെയും ഒരുമിച്ച് ചോദ്യം ചെയ്യണം. കേസില്‍ കൂടുതല്‍ ഉദ്യോഗസ്ഥരടക്കം ഇനിയും അറസ്റ്റിലാകുമോ എന്നാണ് ആകാംക്ഷ.
അതിനിടെ ഇന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ചേരും. സ്വര്‍ണക്കൊള്ളയില്‍ നിലവിലെ ദേവസ്വം ബോര്‍ഡിനേയും സംശയമുനയില്‍ നിര്‍ത്തുന്ന ഹൈക്കോടതി പരാമര്‍ശങ്ങളില്‍ ബോര്‍ഡിന് കടുത്ത അതൃപ്തിയുണ്ട്. കാര്യം ഹൈക്കോടതിയെ ബോധ്യപ്പെടുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്ന കാര്യം യോഗം ചര്‍ച്ച ചെയ്യും. ഈ വര്‍ഷത്തെ മേല്‍ശാന്തിയുടെ സഹായികളുടെ മുഴുവന്‍ പേര് വിവരങ്ങള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ വിശദമായ സത്യവാങ്മൂലം നല്‍കാനാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് കോടതി ആവശ്യപ്പെട്ടത്. ഇതും ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യും.
ശബരിമലുടെ പവിത്രതയും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി മേല്‍ശാന്തിമാരുടെ സഹായികളെ സംബന്ധിച്ച അഞ്ച് വിഷയങ്ങളില്‍ മറുപടി നല്‍കാനാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ സഹായികളായി നിയമിക്കപ്പെടുന്നവരുടെ പൂര്‍ണ പേരും വ്യക്തിഗത വിവരങ്ങളും അറിയിക്കണം. മുന്‍കാല ചരിത്രവും പശ്ചാത്തലവും വിശദീകരിക്കണം.
സന്നിധാനത്ത് വരുന്നതിനു മുമ്പ്, ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ ശേഖരിച്ച് ക്രിമിനല്‍ പശ്ചാത്തലം ഉള്‍പ്പെടെ പരിശോധിച്ചിട്ടുണ്ടോ എന്നും അറിയിക്കണം. ആരെങ്കിലും മുന്‍കാല മേല്‍ശാന്തിമാരുടെ സഹായിമാരായി സന്നിധാനത്ത് ഉണ്ടായിരുന്നോ? ഇവര്‍ ശബരിമലയില്‍ നിയമവിരുദ്ധ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടാല്‍ ആര്‍ക്കാണ് ഉത്തരവാദിത്വം എന്നീ കാര്യങ്ങളിലും കോടതി വിശദീകരണം തേടിയിട്ടുണ്ട്.




