- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്ന് വേര്‍തിരിച്ച ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണം ഗോവര്ധന് കൈമാറിയത് ആര്‍ക്ക്? ഹൈകോടതി അനുവദിച്ച സമയപരിധി അവസാനിക്കാനിരിക്കെ തൊണ്ടി മുതല്‍ എവിടെയെന്ന ചോദ്യം ബാക്കി; പുരാവസ്തു കടത്ത് ആരോപണത്തില്‍ തെളിവ് ലഭിച്ചാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ എസ്.ഐ.ടി; ഡി മണിയെ നാളെ ചോദ്യം ചെയ്യും
ഡി മണിയെ നാളെ ചോദ്യം ചെയ്യും
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയിലെ പുരാവസ്തു കടത്ത് ആരോപണത്തില്‍ തെളിവ് ലഭിച്ചാല്‍ മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം. സ്വര്‍ണ്ണക്കൊള്ളയില്‍ പങ്കുണ്ടെന്ന് വിദേശ വ്യവസായി മൊഴി നല്‍കിയ ദിണ്ടിഗല്‍ സ്വദേശി ഡി.മണിക്ക് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇയാളില്‍ നിന്നും കാര്യമായ വിവരങ്ങള്‍ ലഭിച്ചാല്‍ മറ്റൊരു കേസു കൂടി രജിസ്റ്റര്‍ ചെയ്യാനാണ് നീക്കം.
മണിക്ക് പുറമെ ബാലമുരുകന്‍, ശ്രീകൃഷ്ണന്‍ എന്നിവര്‍ക്കും ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. ജയിലില്‍ കഴിയുന്ന പങ്കജ് ഭണ്ഡാരിയെയും ഗോവര്‍ധനെയും കൂടുതല്‍ ചോദ്യംചെയ്യാന്‍ കോടതിയില്‍ എസ്‌ഐടി നാളെ കസ്റ്റഡി അപേക്ഷ നല്‍കും. ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്ന് വേര്‍തിരിച്ച ശബരിമല ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണം ഗോവര്‍ധന് കൈമാറിയതായി എസ്‌ഐടി കണ്ടെത്തിയെങ്കിലും ഗോവര്‍ധന്‍ ആര്‍ക്ക് കൈമാറിയെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
അതേസമയം ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഹൈകോടതി അനുവദിച്ച സമയപരിധി അവസാനിക്കാനിരിക്കെ തൊണ്ടിമുതല്‍ എവിടെയെന്ന ചോദ്യം ബാക്കിയാണ്. ദ്വാരപാലക ശില്‍പങ്ങളിലെ തങ്കം പൊതിഞ്ഞ പാളികള്‍ ഉരുക്കിയെന്നാണ് പ്രതികള്‍ മൊഴി നല്‍കിയത്. എന്നാല്‍, ഇക്കാര്യം എസ്.ഐ.ടി വിശ്വാസത്തിലെടുത്തിട്ടില്ല. ഉണ്ണികൃഷ്ണന്‍ പോറ്റിയും സ്മാര്‍ട്ട് ക്രിയേഷന്‍സ് സി.ഇ.ഒ പങ്കജ് ഭണ്ഡാരിയും ബെല്ലാരിയിലെ റൊദാം ജ്വല്ലറി ഉടമ ഗോവര്‍ധനും പരസ്പരവിരുദ്ധ കാര്യങ്ങളാണ് പറയുന്നത്. അന്വേഷണത്തെ വഴിതെറ്റിക്കാനാണെന്ന സംശയവും എസ്.ഐ.ടിക്കുണ്ട്.
ദ്വാരപാലക ശില്‍പങ്ങളില്‍നിന്ന് ചെന്നൈ സ്മാര്‍ട് ക്രിയേഷനില്‍ വെച്ചാണ് സ്വര്‍ണം വേര്‍തിരിച്ചെടുത്തത്. ഇത് ഗോവര്‍ധന്‍ വാങ്ങിയെന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി. എന്നാല്‍, പിന്നീട് എന്തുചെയ്തു എന്നത് വ്യക്തമല്ല. ഇക്കാര്യത്തില്‍ വ്യക്തത തേടി ഗോവര്‍ധനെയും പങ്കജ് ഭണ്ഡാരിയെയും വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം തിങ്കളാഴ്ച അപേക്ഷ നല്‍കും.
കേസില്‍ പ്രവാസി വ്യവസായിയുടെ മൊഴിയെ തുടര്‍ന്ന് അന്വേഷണ സംഘം ചോദ്യം ചെയ്ത ഡി. മണിയുടെ മൊഴിയില്‍ അടിമുടി പൊരുത്തക്കേടെന്ന് എസ്‌ഐടി പറയുന്നത്. ഇടപാടുകളുടെ ഭാഗമായി മണി തിരുവനന്തപുരത്ത് എത്തിയെന്ന് വിവരം ലഭിച്ചെങ്കിലും സ്ഥിരീകരിക്കാന്‍ ആയിട്ടില്ല. ഉണ്ണികൃഷ്ണന്‍ പോറ്റിക്കും ഡി.മണിക്കും സ്വര്‍ണക്കൊള്ളയുമായി ബന്ധമുണ്ടെന്നാണ് പ്രവാസി വ്യവസായിയുടെ മൊഴി. അതേസമയം ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി നേരിട്ടുള്ള ബന്ധം സ്ഥിരീകരിക്കാന്‍ തെളിവ് ലഭിച്ചിട്ടില്ലെന്നും സൂചനയുണ്ട്.
ശബരിമല കൊള്ളയുമായി ബന്ധമില്ലെന്നും ഡി. മണിയല്ല, എം.എസ് മണിയാണ് താനെന്നും ആവര്‍ത്തിക്കുകയാണ് ഈ ഡിണ്ടിഗല്‍ സ്വദേശി. തന്റെ വീട്ടില്‍ ഡിസംബര്‍ 25ന് ഡിവൈ.എസ്.പി സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ പരിശോധ നടത്തിയിരുന്നെന്ന് രാജപാളയം സ്വദേശി ശ്രീകൃഷ്ണന്‍ വെളിപ്പെടുത്തി. ശബരിമല സ്വര്‍ണക്കടത്ത്, ഡി. മണി, ഉണ്ണികൃഷ്ണന്‍ പോറ്റി എന്നിവയുമായി ബന്ധമില്ലെന്നും ഇറിഡിയം കടത്തുമായി ബന്ധപ്പെട്ട കേസ് മാത്രമേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഉണ്ണികൃഷ്ണന്‍ പോറ്റിയും ശ്രീകൃഷ്ണനും തമ്മില്‍ ഫോണ്‍ സംഭാഷണം നടത്തിയ വിവരം എസ്.ഐ.ടിക്കു ലഭിച്ചിട്ടുണ്ട്. മണിയുടെ സുഹൃത്തായ ബാലമുരുകനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
എസ്.ഐ.ടി ഓഫിസില്‍ ഹാജരാകാന്‍ ബാലമുരുകനും നോട്ടിസ് നല്‍കിയിട്ടുണ്ട്. മണിയും പഞ്ചലോഹ വിഗ്രഹക്കടത്ത് മൊഴിയും കേസില്‍ പുതിയ വഴിത്തിരിവാണ്. ദിണ്ഡിഗല്‍ സംഘം പാളികള്‍ അപ്പാടെ മാറ്റിയോ എന്നും വിഗ്രഹങ്ങള്‍ കടത്തിയോ എന്നും അന്വേഷിക്കും.
അതേസമയം ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണം ദിണ്ടിഗല്‍ സ്വദേശി ഡി. മണിയില്‍ തട്ടി വഴിമാറുമോ എന്ന ആശങ്കയും ഒരു വശത്തുണ്ട്. ശബരിമല സ്വര്‍ണക്കൊള്ളയില്‍ മണിയുടെ പങ്ക് ഇതുവരെ വെളിവായിട്ടില്ല. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്തപ്പോള്‍ ഡി. മണി എന്ന വ്യക്തിയെ അറിയില്ലെന്നാണ് പറഞ്ഞത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ചിത്രം കാട്ടിയപ്പോള്‍ ഡി. മണിയും തിരിച്ചറിഞ്ഞില്ല. എന്നാല്‍ പോറ്റിയും വിഗ്രഹ കടത്തില്‍ മണിയുടെ ഇടനിലക്കാരന്‍ എന്നു കരുതുന്ന വിരുദനഗര്‍ സ്വദേശി ശ്രീകൃഷ്ണനും തമ്മില്‍ ബന്ധമുണ്ടെന്നതാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ ലഭിച്ച വിവരം.
2020 ഒക്ടോബര്‍ 26ന് തിരുവനന്തപുരത്തുള്ള ഹോട്ടലില്‍ ഡി. മണിക്കും ഉണ്ണികൃഷ്ണന്‍ പോറ്റിക്കുമൊപ്പം വിഗ്രഹ വില്‍പ്പനയ്ക്ക് ഉണ്ടായിരുന്ന ദേവസ്വം ബോര്‍ഡ് ഉന്നതന്‍ ആരാണെന്നതും അറിയണം. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഒരു കാര്യങ്ങളും തനിക്കറിയില്ലെന്ന് ശ്രീകൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു. ഡിണ്ടിഗല്‍ ഉള്ള മണിയെയോ, ബാലമുരുകനെയോ തനിക്ക് അറിയില്ല . തനിക്കെതിരെ ഇറിഡിയം കടത്തുമായി ബന്ധപ്പെട്ട കേസ് നിലവിലുണ്ട് എന്നത് സത്യമാണ്. എസ്ഐടി സംഘം രാജപാളയത്തുള്ള തന്റെ വീട്ടില്‍ ഡിസംബര്‍ 25ന് എത്തിയിരുന്നുവെന്നും ശ്രീകൃഷ്ണന്‍ പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഒന്നും ചോദിച്ചില്ല. വീട്ടില്‍ പരിശോധന നടത്തി. ഒന്നും കണ്ടെത്തിയിട്ടില്ല. ദിണ്ടിഗല്‍ മണിയും ഞാനും തമ്മില്‍ ബന്ധമൊന്നുമില്ല. ശബരിമലയുമായി ഒരു ബന്ധവുമില്ല. 30 തിയതി തിരുവനന്തപുരത്തേക്ക് ഒപ്പിടാന്‍ ചെല്ലാന്‍ പറഞ്ഞിട്ടുണ്ട്. വണ്ടിപ്പെരിയാറാണ് സ്വന്തം സ്ഥലം. അവിടേക്ക് ഇടയ്ക്ക് വന്ന് പോകാറുണ്ട്. കേരളവുമായി മറ്റ് വ്യവസായ ബന്ധങ്ങളൊന്നുമില്ല. ഇറീഡിയം കടത്തുമായി ബന്ധപ്പെട്ട് ഉണ്ടായ കേസ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ് ഇയാള്‍ പറയുന്നു.




