കൊച്ചി: അവയവ കടത്ത് കേസ് അന്വേഷിക്കാൻ ഹൈദരാബാദിലെത്തിയ പൊലീസ് അന്വേഷണ സംഘത്തിന് വെല്ലുവിളി ഏറെ. കേസിൽ ഇനി അറസ്റ്റിലാകാനുള്ള മൂന്നാമനായാണ് അന്വേഷണം. ഇറാനിലെ അവയവ മാഫിയ സംഘങ്ങളുമായി ബന്ധം സ്ഥാപിച്ചത് ഹൈദരാബാദിൽ വച്ചാണെന്നാണ് കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി സാബിത്ത് നാസറിന്റെ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഹൈദരാബാദിലെത്തിയത്. ഇറാനിലുള്ള മലയാളി ഡോക്ടറെ കേന്ദ്രീകരിച്ചും അന്വേഷണം ഉണ്ട്.

ഹൈദരാബാദ് സ്വദേശിയെ കണ്ടെത്തുക എന്നതാണ് അന്വേഷണ സംഘത്തിന് മുന്നിലെ വെല്ലുവിളി. നാലാം പ്രതി ആലുവ സ്വദേശി മധു ഇറാനിലാണ്. ഇയാളെ നാട്ടിലെത്തിക്കാൻ ബ്ലു കോർണർ നോട്ടീസ് ഇറക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഓരോ ഇടപാടിലും പ്രതികൾ 20 മുതൽ 30 ലക്ഷം വരെ ലാഭമുണ്ടാക്കിയെന്ന് വിലയിരുത്തൽ. 5 വർഷം നടത്തിയ ഇടപാടിൽ പ്രതികൾ 4 മുതൽ 6 കോടി രൂപ വരെ നേടിയിരിക്കാമെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അതിനിടെ കൊച്ചി കേന്ദ്രീകരിച്ചുള്ള വമ്പൻ റാക്കറ്റും ചർച്ചകളിലുണ്ട്. ലേക് ഷോർ ആശുപത്രിയുമായി ബന്ധപ്പെട്ടാണ് സംശയങ്ങൾ. എന്നാൽ ഈ തട്ടിപ്പുകളിലേക്ക് പൊലീസ് അന്വേഷണം കടന്നിട്ടില്ല.

സാബിത്ത് നാസറിനെ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലൂടെയാണ് അറസ്റ്റ് ചെയ്തത്. ഇതിലൂടെ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കേസിലെ മുഖ്യപ്രതികൾ നാല് പേരാണ്. ഇതിൽ രണ്ട് പേരാണ് ഇനി അറസ്റ്റിലാകാനുള്ളത്. മുഖ്യ പ്രതി സബിത്ത് നാസറിന്റെ നേതൃത്വത്തിലായിരുന്നു ആളുകളെ വിദേശത്തേക്ക് കടത്തിയത്. രാജ്യാന്തര അവയവക്കച്ചവട റാക്കറ്റിൽപ്പെട്ടയാൾ നേരത്തെ മുംബൈയിൽ പിടിയിലായതോടെയാണ് മലയാളിയായ സബിത്ത് നാസർ അന്വേഷണ സംഘത്തിന്റെ റഡാറിലേക്ക് വരുന്നത്.

അവയവ കടത്ത് നടത്തിയവരിൽ ഭൂരിഭാഗവും ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലെ യുവാക്കൾ ആണെന്ന് സബിത് നാസർ പൊലീസിനോട് സമ്മതിച്ചിരുന്നു. ഇരകളെ കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച് വിദേശത്തേക്ക് കടത്തി വൃക്ക കച്ചവടം ആണ് സംഘം നടത്തിവന്നിരുന്നത്. ആദ്യം നെടുമ്പാശ്ശേരിയിൽ നിന്ന് കുവൈത്തിലേക്കും അവിടെ നിന്ന് ഇറാനിലേക്കുമാണ് ആളുകളെ കൊണ്ടുപോയിരുന്നത്. ഇങ്ങനെ അവയവക്കടത്തിനായി ആളുകളെ കൊണ്ടുപോയി തിരികെ വരും വഴിയാണ് സബിത്ത് നാസർ അറസ്റ്റിലായത്.

ഐപിസി 370, അവയവ കടത്ത് നിരോധന നിയമം 19 വകുപ്പ് പ്രകാരമാണ് നെടുമ്പാശേരി പൊലീസ് കേസെടുത്തിരിക്കുന്നത്. അവയവക്കടത്തുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ സാബിത്തിന്റെ ഫോണിൽ നിന്ന് ലഭിച്ചെന്നു പൊലീസ് പറഞ്ഞു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ ആളുകളെ പറഞ്ഞ് വിശ്വസിപ്പിച്ച് വിദേശത്തുകൊണ്ടുപോയി കിഡ്‌നി കച്ചവടം നടത്തുകയായിരുന്നു. അവയവദാതാക്കൾക്ക് കുറച്ച് പണം നൽകി, സ്വീകർത്താവിൽ നിന്ന് നാലിരട്ടി പണം സബിത്ത് കൈപ്പറ്റിയിരുന്നു.സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഇരകളുണ്ടെന്നാണ് കണ്ടെത്തൽ. ഉത്തരേന്ത്യക്കാർ നയിക്കുന്ന അവയവക്കടത്ത് ശൃംഖലയിലെ പ്രധാനകണ്ണികളാണു സബിത്തും സുഹൃത്ത് മധുവുമെന്ന് അന്വേഷണസംഘം വ്യക്തമാക്കിയിട്ടുണ്ട്. 2019-ൽ ശ്രീലങ്കയിൽനിന്നാണു മധുവിനൊപ്പം താൻ ഇറാനിലേക്കു പോയതെന്നു സബിത്ത് ചോദ്യംചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു.

കൊച്ചി നഗരത്തിൽ അവയവ മാഫിയകൾ സജീവമെന്ന് വെളിപ്പെടുത്തൽ പല ചാനലുകളും നടത്തി. കൊച്ചിയിലെ ലേക്ഷോർ ഉൾപ്പെടയുള്ള പ്രധാന ആശുപത്രികൾ കേന്ദ്രീകരിച്ചാണ് മാഫിയകളുടെ പ്രവർത്തനമെന്ന് ജനം ടിവിയും റിപ്പോർട്ട് ചെയ്തു. അവയവ ദാനത്തിന് ഏജന്റുമാർ കൈപ്പറ്റുന്നത് 25 ലക്ഷം രൂപവരെയാണ്. അവയവങ്ങൾ സ്വീകരിക്കുന്ന വിദേശികളിൽ നിന്നും ഇരട്ടിയിലേറെ തുക വാങ്ങിയാണ് കച്ചവടം. വൃക്ക നൽകിയ ഒരു സ്വകാര്യ ആശുപത്രി ജീവനക്കാരിയാണ് ജനം ടിവിയോട് ഇത് സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. എന്നാൽ ഈ ആരോപണങ്ങൾ ആശുപത്രി നിഷേധിക്കുന്നു. പ്‌ക്ഷേ ആരോപണങ്ങളിൽ അന്വേഷണം പോലും പൊലീസ് നടത്തുന്നില്ലെന്ും പരാതിയുണ്ട്.

സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിച്ചിരുന്ന സ്ത്രീയെ സമീപിച്ച ഏജന്റുമാർ പണം നൽകി വൃക്ക ദാനം ചെയ്യാൻ പ്രേരിപ്പിക്കുകയായിരുന്നു. 8.5 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെങ്കിലും ശസ്ത്രക്രിയയ്ക്ക് ശേഷം 3.5 ലക്ഷം രൂപ മാത്രമാണ് ഏജന്റുമാർ നൽകിയതെന്നും തന്നെ കബളിപ്പിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു. ബാക്കി തുക ചോദിക്കുമ്പോൾ ഇവർ യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാൽ ഏജന്റുമാർ ഇതിനു പ്രതിഫലമായി 25 ലക്ഷം രൂപയോളം സ്വീകർത്താവിൽ നിന്നും കൈപ്പറ്റിയതായും അവർ പറഞ്ഞു. കൊച്ചിയിലെ പ്രധാന ആശുപത്രികളിലെല്ലാം ഇത്തരത്തിൽ ഏജന്റുമാരുടെ സംഘം പ്രവർത്തിക്കുന്നുണ്ട്. ഇവരുമായി ചില ആശുപത്രി ജീവനക്കാർക്കും ഡോക്ടർമാർക്കും വരെ ബന്ധമുണ്ടെന്നും ഇവർ പറയുന്നു.