- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പണം വാങ്ങിയതിന്റെ തെളിവുകൾ മൊബൈൽ ഫോണിൽ
കൊച്ചി: അവയവ കടത്തു കേസിൽ പിടിയിലായ സാബിത്ത് നാസർ പറഞ്ഞതെല്ലാം പച്ചക്കള്ളം. സാബിത് ഇടനിലക്കാരൻ അല്ലെന്നും സംഭവത്തിന്റെ മുഖ്യസൂത്രധാരകരിലൊരാളാണെന്നും അന്വേഷണ സംഘം കണ്ടെത്തി. ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങൾക്ക് പുറമെ ഡൽഹിയിൽ നിന്നും ആളുകളെ കടത്തിയിട്ടുണ്ട്. അവയവ ദാനവുമായി ബന്ധപ്പെട്ട് സാബിത്ത് പറഞ്ഞതെല്ലാം കളവാണെന്നാണ് സൂചന. കോടികൾ ഇയാൾ അവയവ കടത്തിലൂടെ നേടിയിട്ടുണ്ട്. രാജ്യാന്തര മാഫിയ സംഘങ്ങളുടെ പങ്ക് സംശയിക്കുന്ന കേസിൽ കേന്ദ്ര ഏജൻസികളും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
പണം വാങ്ങിയതിന്റെ തെളിവുകൾ അന്വേഷണ സംഘം സാബിത്തിന്റെ മൊബൈൽ ഫോണിൽ കണ്ടെത്തിയിട്ടുണ്ട്. ഈ ഫോൺ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കും. അവയവക്കടത്ത് സംഘത്തിലെ പ്രധാനികൾ ഉത്തരേന്ത്യക്കാരാണെന്നും സാബിത്ത്, സുഹൃത്തുകൊച്ചി സ്വദേശി, എന്നിവരാണ് അവയവക്കടത്തിലെ പ്രധാന കണ്ണികളെന്നും കണ്ടെത്തി. തൃശ്ശൂർ വലപ്പാട് സ്വദേശിയാണ് സബിത്ത്. ആദ്യം നെടുമ്പാശ്ശേരിയിൽ നിന്ന് കുവൈത്തിലേക്കും അവിടെ നിന്ന് ഇറാനിലേക്കുമാണ് ആളുകളെ കൊണ്ടുപോയിരുന്നത്. ഇങ്ങനെ അവയവക്കടത്തിനായി ആളുകളെ കൊണ്ടുപോയി തിരികെ വരുംവഴിയാണ് സബിത്ത് നാസർ അറസ്റ്റിലായത്.
കേസിൽ അഞ്ച് വർഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നും പ്രതി ദാതാക്കളെ ഇറാനിലെത്തിച്ച് പണമുണ്ടാക്കി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെയടക്കം ഇറാനിലെ ഫരീദിഖാൻ ആശുപത്രിയിൽ ശസ്ത്രക്രിയക്കെത്തിച്ച് സ്വീകർത്താവിൽ നിന്ന് പണം വാങ്ങിയെടുത്തു. കേരളത്തിലെ മൂന്ന് ആശുപത്രികളും സംശയ നിഴലിലാണ്. ഇതുമായി ബന്ധപ്പെട്ട് പൊലീസിന് കിട്ടിയ മൊഴി എല്ലാം കളവാണോ എന്നും പരിശോധിക്കും. എൻഐഎയും വിശദ അന്വേഷണത്തിലാണ്. തീവ്രവാദ ബന്ധവും സംശയിക്കുന്നുണ്ട്. വൃക്ക വിൽക്കാൻ പോയാണ് സംഘവുമായ അടുത്തതെന്ന സാബിത്തിന്റെ മൊഴിയും പൊലീസ് വിശ്വസിക്കുന്നില്ല. സാബിത്തിനെ വിശദ മെഡിക്കൽ പരിശോധനയ്ക്കും വിധേയമാക്കും.
അവയവ കടത്ത് കേസിൽ നെടുമ്പാശേരിയിൽ പിടിയിലായ സാബിത്ത് നാസറിന് രാജ്യാന്തര ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ഒരു മലയാളി ഉൾപ്പെടെ 20 പേരെ അവയവത്തിനായി ഇറാനിലേക്ക് കടത്തിയെന്ന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്. ഇയാളെ എൻഐഎ ചോദ്യം ചെയ്തു. കേസിൽ കൊച്ചി സ്വദേശിയായ യുവാവിനെയും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. കഴിഞ്ഞ അഞ്ചുവർഷമായി ഇറാനിൽ താമസിച്ചാണ് സാബിത്ത് അവയവക്കടത്ത് ഏകോപിപ്പിച്ചിരുന്നത്. വൃക്കദാതാക്കളെ ഇറാനിലെ ആശുപത്രിയിൽ എത്തിച്ചു നൽകുന്നതായിരുന്നു രീതി.
അവയവ വില്പന ഇറാനിൽ നിയമപരം എന്ന് വിശ്വസിപ്പിച്ചാണ് ഇരകളെ കൊണ്ടുപോയിരുന്നത്. സാബിത്ത് കടത്തിക്കൊണ്ടുപോയവരിൽ പാലക്കാടുകാരൻ ഒഴികെ ബാക്കിയുള്ള 19 പേരും ഉത്തരേന്ത്യക്കാരാണെന്നാണ് ഇയാൾ മൊഴി നൽകിയിരിക്കുന്നത്. ഇത് ശരിയാണോ എന്നും പരിശോധിക്കുന്നുണ്ട്. അവയവദാതാവിന് പത്ത് ലക്ഷവും സാബിത്തിന് കമ്മിഷനായി അഞ്ച് ലക്ഷവുമാണ് സംഘം നൽകിയിരുന്നത് എന്നാണ് മൊഴി. ഇതും പൊലീസ് വിശ്വസിച്ചിട്ടില്ല.
കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിലെ ഇമിഗ്രേഷൻ വിഭാഗമാണ് സബിത്തിനെ പിടികൂടി പൊലീസിന് കൈമാറിയത്. അവയവ ഇടപാടിലെ മുഖ്യകണ്ണി എന്ന് സംശയിക്കുന്ന കൊച്ചി സ്വദേശിയായ യുവാവിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സാബിത്ത് പൊലീസ് കസ്റ്റഡിയിലാണ്. വിശദ ചോദ്യം ചെയ്യൽ ഇനിയും നടക്കും.