തൊടുപുഴ: പാമ്പനാറിലെ വ്യാപാരസ്ഥാപനത്തിലെ പെട്ടിയിൽ നിന്നു പണം മോഷ്ടിച്ചെന്ന പരാതിയെത്തുടർന്ന് സിവിൽ പൊലീസ് ഓഫിസറെ സസ്‌പെൻഡ് ചെയ്യുമ്പോൾ നാറുന്നത് കേരളാ പൊലീസ്. ഏരുമേലിയിലെ പഴക്കടയിൽ നിന്നും മോഷണം നടത്തിയ പൊലീസുകാരനെതിരെ അന്വേഷണം അട്ടിമറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പീരുമേട് പൊലീസ് സ്റ്റേഷനിലെ സിപിഒ സാഗർ പി.മധുവും മോഷണത്തിൽ കുടുങ്ങുന്നത്.

എല്ലാ അർത്ഥത്തിലും കേസൊതുക്കാൻ ശ്രമം നടന്നു. എന്നാൽ പൊലീസ് ആസ്ഥാനത്തെ കർശന നിലപാട് തിരിച്ചടിയാണ്. ഇതേ തുടർന്ന് ആണ് സാഗറിനെ ആണ് ജില്ലാ പൊലീസ് മേധാവി വി.യു.കുര്യാക്കോസ് സസ്‌പെൻഡ് ചെയ്തത്. കടയിലെ നിത്യസന്ദർശകനായ യുവ പൊലീസുകാരൻ പരിചയം മുതലെടുത്ത് പണം മോഷ്ടിക്കാൻ ശ്രമിച്ചെന്നാണു പരാതി.

മുൻപു പൊലീസുകാരൻ കടയിൽ എത്തിയപ്പോഴൊക്കെ പെട്ടിയിൽ നിന്നു പണം നഷ്ടപ്പെട്ടതിനാൽ കടയുടമ പൊലീസുകാരനെ നിരീക്ഷിച്ചു. പെട്ടിയിൽ കയ്യിട്ടതിനു പിന്നാലെ ഇയാളെ ഉടമ പിടികൂടി. ബഹളം കേട്ട് ആളുകൂടിയതോടെ പൊലീസുകാരൻ 5,000 നഷ്ടപരിഹാരം നൽകുകയും മാപ്പു പറയുകയും ചെയ്തു. കേസിൽ കുടുങ്ങാതിരിക്കാനായിരുന്നു ഇത്. സംഭവം പൊലീസിനേയും അറിയിച്ചു.

പീരുമേട് പൊലീസ് സ്ഥലത്തെത്തിയെങ്കിലും കേസെടുക്കാതെ മടങ്ങിപ്പോയി. പൊലീസ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ ഇയാളെ രക്ഷിക്കാനുള്ള ശ്രമത്തിനെതിരെ ഒരുവിഭാഗം പൊലീസുകാർ രംഗത്തുവന്നതോടെ സംഭവം വിവാദമായി. കുട്ടിക്കാനത്തും ഇയാൾ സമാനരീതിയിൽ പണം അപഹരിച്ചതായി ആക്ഷേപമുയർന്നിരുന്നു. മോഷണമെന്ന മാനസിക രോഗം ഇയാൾക്കുണ്ടെന്നാണ് ഉയരുന്ന വാദം.

കേസെടുക്കാത്തതിനാൽ പ്രശ്‌നമുണ്ടാകില്ലെന്ന് കരുതി ഇരിക്കുമ്പോഴാണ് വിഷയം സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തത്. ഇതോടെ നടപടി എടുക്കേണ്ടത് അനിവാര്യതയാണെന്ന് പൊലീസ് ആസ്ഥാനം തിരിച്ചറിഞ്ഞു. മോഷണം നടന്നത് പൊലീസുകാരന്റെ പേര് വയ്ക്കാതെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കേസില്ലാത്തതു കൊണ്ടായിരുന്നു അത്തരം വാർത്തകളെത്തിയത്. ഈ സാഹചര്യമെല്ലാം മനസ്സിലാക്കിയാണ് എസ് പി നടപടി എടുത്തത്.

കേസില്ലാത്തതു കൊണ്ട് തന്നെ പൊലീസ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ സാഗർ ഉടൻ സർവ്വീസിൽ മടങ്ങിയെത്താനും സാധ്യത ഏറെയാണ്. വാർത്തകൾ വന്ന സാഹചര്യത്തിൽ വിവാദം ഒഴിവാക്കാൻ വേണ്ടി മാത്രമാണ് നടപടിയെന്നും സൂചനകളുണ്ട്. ഉന്നതതലത്തിൽ ഒതുക്കിത്തീർക്കാൻ ശ്രമിച്ച സംഭവം കഴിഞ്ഞ തിങ്കളാഴ്ച വാർത്തയായി പുറത്തുകൊണ്ടുവന്നതോടെ സ്‌പെഷൽ ബ്രാഞ്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന്, പെരിയാറിൽ ശബരിമല മെസിന്റെ സ്‌പെഷൽ ഡ്യൂട്ടിയിലായിരുന്ന സാഗറിനെ ഇടുക്കി എ.ആർ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് സസ്‌പെൻഷൻ.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്‌പെഷൽ ബ്രാഞ്ചും നടത്തിയ അന്വേഷണത്തിൽ സാഗർ കുട്ടിക്കാനത്തെ കടയിൽനിന്ന് പണം മോഷ്ടിച്ചതായും പൊലീസ് വെരിഫിക്കേഷന്റെ പേരിൽ പലരിൽനിന്നും ഗൂഗിൾ പേ വഴി 500 രൂപ വീതം വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. സ്‌പെഷൽ ബ്രാഞ്ച് കഴിഞ്ഞ ദിവസം പാമ്പനാറ്റിലെ കടയുടമയുടെ മൊഴി എടുത്തിരുന്നു. ഡാൻസാഫിൽ അംഗമായിരുന്ന സാഗർ ഉൾപ്പെട്ട സംഘം മുമ്പ് പാമ്പനാറിലെ യേശുദാസ് എന്നയാളുടെ കടയിൽ നിന്നും പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ഇതിനു ശേഷം സാഗർ മിക്കപ്പോഴും ഈ കടയിൽ വരാറുണ്ടായിരുന്നു. സഹൃദം മുതലെടുത്ത് കടയിൽ എത്തിയാൽ കൗണ്ടറിൽ ഇരിക്കുകയും പതിവായിരുന്നു.

സംഭവ ദിവസം കടയിലെത്തിയ സാഗർ നാരങ്ങവെള്ളം ആവശ്യപ്പെട്ടു. ഉടമ നാരങ്ങാ വെള്ളം എടുക്കുന്നതിനിടെ കടയിലെ പണപ്പെട്ടി പൊലീസുകാരൻ തുറന്നു. മുൻപ് പല തവണ പൊലീസുകാരൻ കടയിൽ എത്തിയപ്പോൾ പെട്ടിയിൽ നിന്നു പണം നഷ്ടപ്പെട്ടതിനാൽ കടയുടമ ചോദ്യം ചെയ്തു. ബഹളം കേട്ടു സമീപത്തെ കച്ചവട സ്ഥാപനങ്ങളിൽ നിന്നുള്ളവരുമെത്തി. പൊലീസുകാരനോട് 40000 രൂപ നഷ്ട പരിഹാരം നൽകണമെന്നാവശ്യപ്പെട്ടു. പൊലീസുകാരൻ 5000 രൂപ നൽകി.

കടയുടമ പരാതി നൽകാത്തതിനാൽ പൊലീസ് കേസെടുത്തില്ല. സംഭവ ദിവസം പണം നഷ്ടപ്പെടാത്തതിനാലാണ് പരാതി നൽകാത്തതെന്നാണ് കടയുടമ പൊലീസിനോട് പിന്നീട് പറഞ്ഞത്. സാമൂഹ്യ മാധ്യമങ്ങളിലുൾപ്പെടെ വാർത്ത പ്രചരിച്ചതോടെ രഹസ്യാന്വേഷണ വിഭാഗവും പീരുമേട് ഡിവൈഎസ് പിയും അന്വേഷണം നടത്തി. പൊലീസിന് നാണക്കേടും അവമതിപ്പും ഉണ്ടാക്കിയതിനാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.

കൂടുതൽ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പീരുമേട് ഡിവൈഎസ്‌പി ജെ കുര്യാക്കോസിനെ ഇടുക്കി ജില്ല പൊലീസ് മേധാവി വി യു കുര്യാക്കോസ് ചുമതലപ്പെടുത്തി.