പത്തനംതിട്ട: ആറന്മുള പൊലീസ് സ്റ്റേഷനിലെ താൽക്കാലിക ജീവനക്കാരിയെ കടന്നു പിടിച്ച് അപമാനിച്ചുവെന്ന കേസിൽ പ്രതിയായ സീനിയർ സിവിൽ പൊലീസ് ഓഫീസർ സജീഫ്ഖാനെ അറസ്റ്റ് ചെയ്തു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ ഇയാൾ ഇന്ന് വൈകിട്ട് പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ റിമാൻഡു ചെയ്തു. പീഡനത്തിന് കേസെടുത്തതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവി ഇയാളെ സസ്പെൻഡ് ചെയതിരുന്നു.

ഡിസംബർ 15 നാണ് കേസിന് ആസ്പദമായ സംഭവം. പൊലീസ് സ്റ്റേഷൻനിലെ താൽക്കാലിക ജീവനക്കാരിയെ സ്റ്റേഷന്റെ അടുക്കളയിൽ വച്ച് സജീഫ് ഖാൻ കടന്നു പിടിച്ചുവെന്നാണ് പരാതി. യുവതി ഇക്കാര്യം സ്റ്റേഷനിൽ അറിയിച്ചു. തുടർന്ന് പരാതി നൽകാതെ പ്രശ്നം ഒത്തു തീർപ്പാക്കാൻ ശ്രമം നടന്നു. വിവരം അറിഞ്ഞ പത്തനംതിട്ട ഡിവൈ.എസ്‌പി യുവതിയെ കൗൺസിലിങ്ങിന് വിട്ടു. തുടർന്നാണ് യുവതി നടന്ന സംഭവങ്ങൾ പറഞ്ഞത്.

ഇതിന് പിന്നാലെ യുവതിയുടെ മൊഴി പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിൽ രേഖപ്പെടുത്തി. പൊലീസ് ഇൻസ്പെക്ടർ ലീലാമ്മയുടെ നിർദേശ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇതു സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ എസ്‌പി, ഡിവൈ.എസ്‌പിമാരെ ചുമതലപ്പെടുത്തുകയായിരുന്നു.

നാർക്കോട്ടിക് സെൽ ഡിവൈ.എസ്‌പി കെ.എ. വിദ്യാധരൻ, പത്തനംതിട്ട ഡിവൈ.എസ്‌പി എസ്. നന്ദകുമാർ എന്നിവരുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്പെൻഷൻ.