- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻഡോറിന് പോകുന്നതിന് മുൻപ് സജിത്ത് കുമാർ മുഴുവൻ ജോലികളും മുൻകൂറായി തീർത്തു വെച്ചു; ജീവനക്കാരോടും ജനങ്ങളോടും മാന്യമായ പെരുമാറ്റം; പത്തനംതിട്ട നഗരസഭാ സെക്രട്ടറിയുടെ ദുരൂഹ മരണത്തിന്റെ ഞെട്ടലിൽ സഹപ്രവർത്തകരും നാട്ടുകാരും
പത്തനംതിട്ട: ഇടുക്കി മൂലമറ്റം അറക്കുളം 12ാം മൈൽ കരിപ്പിലങ്ങാട് കടുകുംമാക്കൽ വീട്ടിൽ കെ.കെ. സജിത്ത് കുമാർ(45) പത്തനംതിട്ട നഗരസഭ സെക്രട്ടറിയായി ചുമതലയേൽക്കുന്നത് ഏഴു മാസം മുൻപാണ്. കണ്ണൂരിൽ നിന്നുമാണ് ഇവിടേക്ക് എത്തിയത്. ഹൃദ്യമായ പെരുമാറ്റവും ജോലിയിലെ ആത്മാർഥതയും കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളിൽ ഏവരുടെയും ഹൃദയം കവർന്ന സജിത്തിന്റെ വേർപാടിന്റെ ഞെട്ടലിലാണ് സഹപ്രവർത്തകരും ജനപ്രതിനിധികളും നാട്ടുകാരും.
ഇൻഡോറിൽ മാലിന്യ സംസ്‌കരണത്തെപ്പറ്റി പഠിക്കാൻ പോയ സജിത്ത് അവിടെ ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. ഇൻഡോർ പൊലീസ് അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ബുധനാഴ്ച രാവിലെ എട്ടുമണിയോടെയാണ് കേരളത്തിൽ നിന്നുള്ള 33 അംഗ സംഘം താമസിച്ചിരുന്ന ഇൻഡോർ ബൈപ്പാസിലുള്ള ഹോട്ടൽ ബ്രൈറ്റിലെ മുറിയിലാണ് സജിത്ത് കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥൻ വിളിച്ചിട്ടും എണീൽക്കാതിരുന്നതിനെ തുടർന്ന് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ വിധിയെഴുതി.
ചൊവ്വാഴ്ച രാത്രിയിലെ സംഭവ വികാസങ്ങളാണ് ദുരൂഹതയിലേക്ക് വിരൽ ചൂണ്ടുന്നത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ കനാഡിയ പൊലീസ് പരിശോധിച്ചിരുന്നു. പോസ്റ്റുമോർട്ടത്തിന്റെ പ്രാഥമിക വിവരങ്ങൾ പൊലീസ് മാധ്യമങ്ങളുമായി പങ്കു വച്ചിരുന്നു. തലയ്ക്ക് പരുക്കുണ്ടെന്നും ആമാശയത്തിൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നുവെന്നും സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.പി. യാദവ് മാധ്യമങ്ങളെ അറിയിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി ബാൽക്കണിയിൽ സജിത്ത് തലയിടിച്ചു വീണുവെന്നും താൻ എടുത്ത് മുറിയിൽ കൊണ്ടു വന്നു കിടത്തിയെന്നും ഒപ്പം താമസിച്ചിരുന്ന ഉദ്യോഗസ്ഥൻ പറയുന്നു.
എംബാം ചെയ്ത മൃതദേഹം കൊച്ചി വിമാനത്താവളത്തിൽ എത്തിച്ചപ്പോൾ പത്തനംതിട്ട നഗരസഭാ ചെയർമാൻ അഡ്വ. ടി. സക്കീർഹുസൈൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ജെറി അലക്സ് എന്നിവരും ഉണ്ടായിരുന്നു. എംബാം ചെയ്ത പെട്ടിയിൽ നിന്നും മൃതദേഹം എടുക്കുമ്പോൾ കണ്ണിന് താഴെയും ചെവിക്ക് പിന്നിലും പരുക്കുകൾ കണ്ടു. ഇതു സംബന്ധിച്ച് ഇംഗ്ലീഷ് പത്രങ്ങളിൽ വന്ന വാർത്ത കൂടിയായതോടെ ചെയർമാനും സംഘവും മൃതദേഹം ദഹിപ്പിക്കാതെ സംസ്‌കരിക്കാൻ ബന്ധുക്കളോട് നിർദേശിക്കുകയായിരുന്നു.
തൊടുപുഴയിലെ വൈദ്യുതി ശ്മശാനത്തിൽ ദഹിപ്പിക്കാനുള്ള തീരുമാനം മാറ്റി വീട്ടു വളപ്പിൽ മറവു ചെയ്യുകയായിരുന്നു. കേരളത്തിൽ നിന്നുള്ള സംഘത്തിൽ നിന്നുള്ളവരുടെ മൊഴി കനാഡിയ പൊലീസ് രേഖപ്പെടുത്തിയിരുന്നു. കൂടെയുള്ളവരുടെ മൊഴിയും രേഖപ്പെടുത്തി. ചൊവ്വാഴ്ച വൈകിട്ട് സജിത്ത് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്നാണ് ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷൻ അഡീഷണൽ കമ്മിഷണർ സിദ്ധാർഥ് ജെയിനും പറഞ്ഞു.
ജോലിയിൽ വളരെയധികം ആത്മാർഥതയും സഹപ്രവർത്തകരോടും നാട്ടുകാരോടും കരുണയും കാട്ടിയിരുന്ന ആളാണ് സജിത്തെന്ന് നഗരസഭ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ പറഞ്ഞു. ജോലികൾ എല്ലാം കൃത്യമായി ചെയ്തു തീർക്കും. ഒരു ഫയൽ പോലും കെട്ടിക്കിടക്കാൻ അനുവദിച്ചിരുന്നില്ല. സഹപ്രവർത്തകരെ സംരക്ഷിക്കുന്ന കാര്യത്തിലും അദ്ദേഹം ശ്രദ്ധാലുവായിരുന്നു. എന്തെങ്കിലും കാര്യങ്ങൾക്കായി നഗരസഭയിൽ എത്തുന്നവരോടും മാന്യമായ പെരുമാറ്റമായിരുന്നു സജിത്തിന്റേതെന്നും സക്കീർ ഹുസെൻ അനുസ്മരിച്ചു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്