കൊച്ചി: സേലം-കൊച്ചി ദേശീയപാതയിൽ മലയാളികളെ ആക്രമിച്ചതിന് പിന്നിലെ വസ്തുത പുറത്ത്. 11 അംഗ സംഘമാണ് ആക്രമണം നടത്തിയത്. കുഴൽപ്പണവും കടത്തു സ്വർണ്ണവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന മോഷണ മാഫിയയാണ് ആക്രമണത്തിന് പിന്നിൽ. ആളുമാറിയായിരുന്നു ആക്രമണം. അതാണ് കുടുക്കായി മാറിയത്.

മൂന്ന് വാഹനങ്ങളിലെത്തിയ അക്രമിസംഘം വാഹനങ്ങളിൽ ഉപയോഗിച്ചിരുന്നത് വ്യാജ നമ്പർ പ്ലേറ്റുകളാണെന്നും കവർച്ചാ കേസുകളിൽ സ്ഥിരം പ്രതിയായ പാലക്കാട് സ്വദേശിയാണ് കേസിലെ മുഖ്യ പ്രതിയെന്നും പൊലീസ് സ്ഥിരീകരിച്ചു. മറ്റൊരു പ്രതി ലഹരിക്കേസുകളിലും പ്രതിയാണ്. ദേശീയപാത കേന്ദ്രീകരിച്ച് കുഴൽപ്പണം, സ്വർണം എന്നിവയുമായി വരുന്നവരെ ലക്ഷ്യമിട്ടായിരുന്നു ഈ സംഘം നിലയറുപ്പിച്ചത്. കണക്കൂട്ടൽ തെറ്റിയെത്തിവരെ ആക്രമിച്ചു. ഇതോടെ മോഷണ സംഘം കുടുങ്ങി.

പാലക്കാട് ചിറ്റൂർ സ്വദേശികളായ ശിവദാസ് (29), രമേഷ് ബാബു (27), കുന്നത്തുപാളയം സ്വദേശി വിഷ്ണു (28), മല്ലപ്പള്ളി അജയ് കുമാർ (24) എന്നിവരെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. മദ്രാസ് റജിമെന്റിൽ സൈനികനാണ് അറസ്റ്റിലായ വിഷ്ണു. എറണാകുളം പട്ടിമറ്റം സ്വദേശികളായ അസ്ലം സിദ്ദിഖ്, ചാൾസ് റജി എന്നിവരും സഹപ്രവർത്തകരുമാണ് ആക്രമണത്തിനിരയായത്. മധുക്കര സ്റ്റേഷൻ പരിധിയിലെ എൽ ആൻഡ് ടി ബൈപ്പാസിനു സമീപമായിരുന്നു ആക്രമണം. ബെംഗളൂരുവിൽനിന്ന് കമ്പനിയിലേക്കുള്ള കംപ്യൂട്ടറുകൾ വാങ്ങിയ ശേഷം മടങ്ങിവരുകയായിരുന്നു യുവാക്കൾ. ഇന്ത്യൻ സൈന്യത്തിന് തന്നെ അപമാനമാകുകയാണ് പട്ടാളക്കാരൻ വിഷ്ണു. ഇയാൾക്ക് ഇനി സൈന്യത്തിൽ പണിയുണ്ടാകില്ല. സൈന്യം ഇയാളെ പിരിച്ചുവിടും.

കള്ളപ്പണവുമായി വരുന്ന ഒരു വാഹനത്തെ ലക്ഷ്യമിട്ടാണ് കവർച്ചാ സംഘം വെള്ളിയാഴ്ചയും ആക്രമണത്തിനിറങ്ങിയതെങ്കിലും വാഹനം മാറിപ്പോകുകയായിരുന്നു. ആക്രമണത്തിനുശേഷം, പ്രതികൾ ഉപയോഗിച്ചിരുന്ന കാറുകൾ മലമ്പുഴ ഡാം പരിസരത്താണ് ഒളിപ്പിച്ചിരുന്നത്. ഇവിടെനിന്ന് കാറുകൾ മാറ്റുന്നതിനിടെ സംശയം തോന്നിയ നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. അങ്ങനെയാണ് മൂന്ന് പേർ കുടുങ്ങിയത്. മറ്റു പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. ഏതാനും പേർ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.

തമിഴ്‌നാട് മധുക്കര പൊലീസും പാലക്കാട് കസബ പൊലീസും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണത്തിനായി ഡിഎസ്‌പിയുടെ നേതൃത്വത്തിൽ 3 പ്രത്യേക സംഘങ്ങൾ രൂപീകരിച്ചതായി മധുക്കര പൊലീസ് അറിയിച്ചു. അതേസമയം, ആക്രമണത്തിനിരയായ യുവാക്കളുടെ പരാതി പരിഗണിക്കാൻ വിസമ്മതിച്ച കുന്നത്തുനാട് പൊലീസിനെതിരെ അന്വേഷണത്തിന് സ്‌പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പിയെ റൂറൽ എസ്‌പി ചുമതലപ്പെടുത്തി. ബുധനാഴ്ച ഡിവൈഎസ്‌പി ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകും. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികളുണ്ടായേക്കും.

വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് എറണാകുളം പട്ടിമറ്റം സ്വദേശികളായ അസ്ലം സിദ്ദിഖും ചാൾസ് റജിയും രണ്ട് സഹപ്രവർത്തകരും ആക്രമണത്തിനിരയായത്. ബംഗളൂരുവിൽ നിന്ന് കമ്പനിയിലേക്കുള്ള കംപ്യൂട്ടറുകൾ വാങ്ങിയ ശേഷം മടങ്ങുന്നതിനിടെയാണ് ഇവർ ആക്രമണത്തിന് ഇരയായത്. കോയമ്പത്തൂർ എൽആൻഡ്ടി ബൈപ്പാസിനു സമീപത്തെ സിഗ്‌നലിൽ കാർ നിർത്തിയപ്പോൾ മൂന്നു വാഹനങ്ങളിലെത്തിയ മുഖംമൂടി സംഘം ആക്രമണം നടത്തുകയായിരുന്നു.

കഴിഞ്ഞദിവസം പാലക്കാടു നിന്നാണ് പ്രതികളെ പിടികൂടിയത്. മറ്റു പ്രതികൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. സൈനികനായ വിഷ്ണു ഏപ്രിൽ നാലിനാണ് അവധിക്ക് വന്നത്. തുടർന്ന് സംഘത്തിനൊപ്പം ചേർന്ന് കവർച്ചയ്ക്കിറങ്ങുകയായിരുന്നു.