- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഗോപന്റെ മൂക്കിലും തലയിലും മുഖത്തിലും നെറ്റിയിലും ചതവ് ഉണ്ടെങ്കിലും അതു മരണകാരണമല്ല; ചതവുകള്‍ മൂലം അസ്ഥികള്‍ പൊട്ടുകയോ ആന്തരിക രക്തസ്രാവം ഉണ്ടാകുകയോ ചെയ്തിട്ടില്ല; കരള്‍-വൃക്ക സംബന്ധമായ ഗുരുതര രോഗങ്ങളുണ്ടായിരുന്നു; ഗോപന് സ്വാമിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണ രൂപം
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മക്കള്‍ സമാധി ഇരുത്തിയ ആറാലുംമൂട് കാവുവിളാകം സിദ്ധന്‍ ഭവനില്‍ ഗോപന്റെ പോസ്റ്റമോര്‍ട്ട് ചര്‍ച്ചയാക്കുന്ന സ്വാഭാവിക മരണത്തിന്റെ സാധ്യതകള്‍. ഗോപന്റെ മൂക്ക്, തല, മുഖം, നെറ്റി എന്നിവിടങ്ങളില്‍ ചതവ് ഉണ്ടെങ്കിലും അതു മരണകാരണമല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ചതവുകള്‍ മൂലം അസ്ഥികള്‍ പൊട്ടുകയോ ആന്തരിക രക്തസ്രാവം ഉണ്ടാകുകയോ ചെയ്തിട്ടില്ല. അസ്വാഭാവികമായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഒന്നും കണ്ടെത്തിയിട്ടില്ല. മരണ കാരണം അറിയണമെങ്കില്‍ ആന്തരിക പരിശോധനാ ഫലം പുറത്തു വരണമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഗോപനു ഗുരുതരമായ നിരവധി അസുഖങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കരള്‍-വൃക്ക സംബന്ധമായ ഗുരുതര രോഗങ്ങളുണ്ടായിരുന്നു. ഹൃദയധമനികള്‍ 75 ശതമാനത്തിലധികം അടഞ്ഞ നിലയിലായിരുന്നു. കാലില്‍ ഗുരുതരമായ നിലയില്‍ അള്‍സറുണ്ടായിരുന്നു. കഴിഞ്ഞ മാസം ഗോപന്റെ സമാധിയില്‍ വിവാദങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തുകയായിരുന്നു. പ്രാഥമിക പരിശോധനയില്‍ അസ്വഭാവികത ഒന്നും ഇല്ലെന്നു കണ്ടെത്തിയിരുന്നു. മരണകാരണം സംബന്ധിച്ച വ്യക്തതയ്ക്കാണു കൂടുതല്‍ പരിശോധന നടത്തിയത്. ലിവര്‍ സിറോസിസും വൃക്കകളില്‍ സിസ്റ്റും കാലില്‍ അള്‍സറുമുണ്ട്. ഇരുത്തിയ നിലയില്‍ ഭസ്മങ്ങളും പൂജാദ്രവ്യങ്ങളും കൊണ്ട് മൂടിയായിരുന്നു മൃതദേഹം.
ഗോപന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പരാതി ലഭിച്ചതിന് പിന്നാലെയായിരുന്നു സമാധി കല്ലറ തുറന്നത്. പരാതിയെ തുടര്‍ന്ന് മക്കള്‍ സ്ഥാപിച്ച സമാധിക്കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. ജനുവരി ഒന്‍പതിന് 'സ്വര്‍ഗവാതില്‍' ഏകാദശി ദിവസം പിതാവിന്റെ ആഗ്രഹപ്രകാരമാണ് സമാധിയിരുത്തിയതെന്നായിരുന്നായിരുന്നു മക്കളുടെ മൊഴി. തുടര്‍ന്നായിരുന്നു വിവാദവും ഉയര്‍ന്നത്. തലയില്‍ കരുവാളിച്ച പാടുകള്‍ കണ്ടതായി നേരത്തെ തന്നെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ശ്വാസകോശത്തില്‍ ഭസ്മം നിറഞ്ഞതായി കണ്ടത് മക്കള്‍ സമാധി സ്ഥലത്തിരുത്തിയപ്പോള്‍ ഉള്ളിലായതാണെന്നും സംശയങ്ങള്‍ ഉയര്‍ന്നിരുന്നു.
ജനുവരി ഒന്‍പതിന് 'സ്വര്‍ഗവാതില്‍' ഏകാദശി ദിവസം പിതാവിന്റെ ആഗ്രഹപ്രകാരമാണ് സമാധിയിരുത്തിയതെന്നായിരുന്നു മക്കളുടെ വെളിപ്പെടുത്തല്‍. ഇതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പിന്നാലെ വന്‍വിവാദവും തലപൊക്കി. കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. സമാധിയുമായി ബന്ധപ്പെട്ട് 41 ദിവസത്തെ പൂജകളുണ്ടെന്നും കല്ലറ പൊളിക്കാന്‍ അനുവദിക്കരുതെന്നുമായിരുന്നു കുടുംബത്തിന്റെ ആവശ്യം. ഇത് കോടതി തള്ളിയതോടെയാണ് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തത്.