തിരുവനന്തപുരം: തിരുവനന്തപുരം ഫ്‌ളാറ്റ് തട്ടിപ്പ് കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീം കോടതി. സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഉടമ ജേക്കബ് സാംസണും മറ്റു പ്രതികളും കീഴടങ്ങണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. പതിനഞ്ച് ദിവസത്തിനകം കീഴടങ്ങാനാണ് നിർദ്ദേശം. വിചാരണക്കോടതിയിൽ സ്ഥിരജാമ്യത്തിന് അപേക്ഷിക്കാനും കോടതി നിർദേശിച്ചു.

120 കേസുകളാണ് ജേക്കബ് സാംസണ് എതിരെയുള്ളത്. ഇതിൽ പേട്ട സ്വദേശി സജാദ് കരീം നൽകിയ ഒരു കേസിലാണ് മൂൻകൂർ ജാമ്യം തള്ളിയത്. നടി ധന്യ മേരീ വർഗീസിന്റെ ഭർത്താവും ജേക്കബ് സാംസണിന്റെ മകനുമായ ജോൺ ജേക്കബ് ഉൾപ്പെടെയുള്ളവർ കേസിൽ പ്രതികളാണ്. നടി ധന്യ മേരീസ് വർഗീസ് ഉൾപ്പെടെ പ്രതിയായ ഫ്‌ളാറ്റ് തട്ടിപ്പ് കേസുകളിൽ നേരത്തെ പലതിലും പ്രതികൾക്ക് ജാമ്യം ലഭിച്ചിരുന്നു.

കേസിൽ ജേക്കബ് സാംസണായി മുതിർന്ന അഭിഭാഷകൻ ജയന്ത് മുത്തുരാജ്, അഭിഭാഷകൻ മനു ശ്രീനാഥ് എന്നിവരും കേസിലെ പരാതിക്കാരനായ സജാദ് കരീമിനായി അഭിഭാഷകൻ എം ഗീരീഷ് കുമാറും, സംസ്ഥാനത്തിനായി സ്റ്റാൻഡിങ് കൗൺസിൽ നിഷേ രാജൻ ഷൊങ്കറും ഹാജരായി. പുതിയ സാഹചര്യത്തിൽ വിചാരണാ കോടതി മുൻകൂർ ജാമ്യം അനുവദിക്കാത്ത പശ്ചാത്തലത്തിൽ ധന്യാ മേരി വർഗിസ് അടക്കമുള്ളവർ വീണ്ടും ജയിലിൽ പോകേണ്ടി വരും.

വിവാഹശേഷം ഭർത്താവിനോടൊപ്പം ബിസ്സിനസ്സ് കാര്യങ്ങൾ നോക്കി നടത്തിയിരുന്ന ധന്യയുടെ ജീവിതത്തെ ദുരിതത്തിലാഴ്‌ത്തിയാണ് താരത്തിനെതിരെ വഞ്ചനക്കേസ് വന്നത്. ഈ കേസ് സിനിമാ ലോകത്തെ ഞെട്ടിച്ചിരുന്നു. പിൽക്കാലത്ത് ബിഗ് ബോസ് റിയാലിറ്റി ഷോയിലും ധന്യ പങ്കെടുത്തിരുന്നു. ഈ സംഭവത്തെ കുറിച്ച് ധന്യ ഷോയിൽ പറഞ്ഞത് ഇങ്ങനെയാണ്:

'എങ്ങനെ ഒറ്റ രാത്രികൊണ്ട് എല്ലാം മാറിമറിയുമെന്ന് ജീവിതം എന്നെ പഠിപ്പിച്ചു. ഞാൻ എല്ലാവരെയും പെട്ടെന്ന് വിശ്വസിക്കുന്ന കൂട്ടത്തിലാണ്. പക്ഷെ ഇപ്പോൾ ഞാൻ ഓരോരുത്തരെയും അടുത്തറിഞ്ഞു അവരുടെ സമീപനവും പെരുമാറ്റവും മനസിലാക്കാൻ ശ്രമിക്കുന്നു. രണ്ടു വർഷങ്ങൾക്കു മുൻപ് നടന്ന കാര്യങ്ങളുമായി പൊരുത്തപ്പെടാൻ എനിക്ക് ബുദ്ധിമുട്ടായിരുന്നു. പക്ഷെ ആ അനുഭവം എന്നെ വലിയൊരു പാഠം പഠിപ്പിച്ചു. എന്റേത് ഒരു സാധാരണ കുടുംബമാണ്, ഭർത്താവിന്റേത് ബിസിനസ്സ് കുടുംബവും. എനിക്ക് ബിസിനസ്സിനെ പറ്റി ഒന്നും അറിയില്ല, ഞാൻ എന്റെ ഭർത്താവിനെ സഹായിക്കാൻ ശ്രമിച്ചു, ആരെയും കണ്ണുമടച്ചു വിശ്വസിക്കരുത് എന്ന് പഠിച്ചു. എന്നെപ്പോലെ എന്റെ ഭർത്താവും പഠിച്ചു.'ധന്യ പറയുന്നു.

മോഡലിങ്ങിൽ തുടങ്ങി, സിനിമയിലെത്തി താരമായ നടിയാണ് ധന്യ മേരി വർഗീസ്. തലപ്പാവ്, കേരള കഫേ തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനം ധന്യയെ ചെറിയ കാലത്തിനുള്ളിൽ തന്നെ മലയാളിക്ക് പ്രിയപ്പെട്ട താരമാക്കി. നടനും ബിസിനസുകാരനായ ജോണിനെ വിവാഹം കഴിച്ച് സിനിമ വിട്ട ധന്യ പിന്നീട് വാർത്തകളിൽ നിറഞ്ഞത് വഞ്ചന കേസിൽ പെട്ടതോടെയാണ്.

ഫ്‌ളാറ്റ് നിർമ്മിച്ചു നൽകാമെന്നു പറഞ്ഞ് പലരിൽ നിന്നായി 100 കോടിയോളം തട്ടിയെടുത്ത കേസാണ് ഇവർക്കെതിരെ ഉണ്ടായിരുന്നുത്. 2011 മുതൽ നഗരത്തിലെ വിവിധ പ്രോജക്ടുകളിലായി അഞ്ഞൂറോളം ഫ്‌ളാറ്റുകളും 20 വില്ലകളും രണ്ട് വർഷത്തിനകം പൂർത്തിയാക്കി നൽകാമെന്നായിരുന്നു വാഗ്ദാനം. ഭൂമി ഇടപാടിന്റെ രേഖകൾ നൽകണമെന്ന് ആവശ്യപ്പെട്ട്, അന്വേഷണ ഉദ്യോഗസ്ഥർ രജിസ്‌ട്രേഷൻ വകുപ്പിന് കത്തു നൽകി. അറസ്റ്റ് പുറത്തറിഞ്ഞതോടെ, വിദേശ മലയാളികളടക്കം കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തി. ഫ്‌ളാറ്റ് തട്ടിപ്പിന് പുറമേ, സംഘം പലരിൽ നിന്നായി അനധികൃതമായി നിക്ഷേപം സ്വീകരിച്ചിരുന്നു. ഉയർന്ന പലിശ വാഗ്ദാനം ചെയ്തും ലക്ഷങ്ങൾ തട്ടിയെടുത്തൈന്നായിരുന്നു കേസ്.