- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇവിടെ എല്ലാം മണൽ ലഹരി മാഫിയ തീരുമാനിക്കും; പൊലീസ് പിടിച്ചെടുത്ത് പുഴയിൽ തിരിച്ചു നിക്ഷേപിച്ച പൂഴി തൊട്ടടുത്ത ദിവസം മണലൂറ്റ് സംഘം തിരിച്ചെടുത്ത് കടത്തും; മാസപ്പടി കൃത്യമായതുകൊണ്ട് രാഷ്ട്രീയക്കാർക്കും മൗനം; കുമ്പള വളയത്ത് മണൽ മാഫിയയുടെ വിളയാട്ടം
കാസെർകോട് /കുമ്പള:കാസർഗോഡ് കുമ്പളയിലെ വളയം പ്രദേശം കേന്ദ്രീകരിച്ച് വീണ്ടും മണലൂറ്റ് സംഘം സജീവമായി. കഴിഞ്ഞമാസം കുമ്പള പൊലീസ് ഇൻസ്പെക്ടർ തകർത്ത മണലൂറ്റ് കേന്ദ്രവും സംഘം പുനഃസ്ഥാപിച്ചു. പൊലീസ് പിടിച്ചെടുത്ത് പുഴയിൽ തിരിച്ചു നിക്ഷേപിച്ച പൂഴി തൊട്ടടുത്ത ദിവസം മണലൂറ്റ് സംഘം ജെസിബി ഉപയോഗിച്ച് തിരിച്ചെടുത്ത് കടത്തിയിരുന്നു.
വളയം പ്രദേശം മാത്രം കേന്ദ്രീകരിച്ച് മാത്രം ഏഴോളം അനധികൃത മണലൂറ്റ് കടവുകളാണ് നിലവിൽ പ്രവർത്തിച്ചു വരുന്നത്. മണൽമാഫിയ സംഘത്തിൽ ലഹരി നൽകിയാണ് നിരവധി യുവാക്കളെ നിലനിർത്തി പോകുന്നത്. പൊലീസ് വരുന്നുണ്ടോ എന്ന് മുന്നറിയിപ്പ് നൽകാൻ രാത്രികാലങ്ങളിൽ സ്കൂൾ വിദ്യാർത്ഥികളെ ഉപയോഗിക്കുന്നതായും ആക്ഷേപമുണ്ട്.
അതേസമയം ഇത്രയും വ്യാപകമായ രീതിയിൽ മണലൂറ്റാൻ സാധിക്കുന്നത് പൊലീസിൽ തന്നെ ചിലരുടെ പിന്തുണ കൊണ്ടാണെന്ന് ആരോപണമുണ്ട്. മാസപ്പടി കിട്ടുന്നതുകൊണ്ട് പ്രദേശത്തെ രാഷ്ട്രീയ നേതൃത്വം പ്രതികരിക്കാൻ മുന്നോട്ടുവരുന്നില്ല. മാസങ്ങൾക്കു മുമ്പാണ് ഇവിടെ പൂഴി മണൽ കടത്ത് സംഘം രണ്ടു വിദ്യാർത്ഥിനികളെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗ്രാമങ്ങളെ പോലും ഭയപ്പെടുത്തുന്ന രീതിയിൽ ചീറിപ്പാഞ്ഞു പോകുന്ന മണൽ ലോറികൾ കണ്ടു നെടുവീർപ്പിടാൻ മാത്രമേ സാധാരണക്കാർക്ക് സാധിക്കുന്നുള്ളൂ.
അമിതഭാരം കയറ്റിയുള്ള ഓട്ടത്തിൽ റോഡുകളും തകർന്നു തുടങ്ങി. പൂഴിമണൽ കടത്തിന് നിയമപരമായി പ്രയോഗിക്കാവുന്ന നിയമങ്ങൾ നിലനിൽക്കെ ചെറിയ വകുപ്പുകൾ ചേർത്ത് കേസെടുക്കുന്നതാണ് പൂഴിമണൽ കടുത്ത് വർധിക്കാൻ പ്രധാന കാരണം. പാരസ്ഥിതിക സംരക്ഷണ നിയമം 1986 പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകരം കേസെടുത്താൽ ചുരുങ്ങിയത് അഞ്ചുവർഷം കഠിനതടവ് ലഭിക്കുന്നതാണ്. എന്നാൽ കേസുകൾ ചാർജ് ചെയ്യാൻ ഡിവൈഎസ്പിയോ അതിനു മുകളിലുള്ള ഓഫീസർമാറോ തയാറായാൽ മാത്രമെ ഈ വകുപ്പ് ഉപയോഗിക്കാൻ സാധിക്കുകയുള്ളു.
കഴിഞ്ഞ നാല് വർഷങ്ങൾക്കിടയിൽ കാസർകോട് ജില്ലയിൽ മാത്രം പൊലീസ് പിടിച്ചെടുത്ത് നശിപ്പിച്ചത് 278 ഓളം മണൽ കടത്തു വള്ളങ്ങളാണന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. പിടിച്ചെടുക്കുന്ന വള്ളങ്ങൾ പൊലീസ് ജെസിബി ഉപയോഗിച്ച് തകർക്കുകയും പ്രദേശത്ത് ഉപേക്ഷിച്ചു വരികയും ചെയ്യുന്നതാണ് നിലവിൽ സ്വീകരിക്കുന്ന നടപടി.
ശക്തമായ നിയമനടപടികൾ ഉണ്ടാവാത്ത പക്ഷം കാസർകൊട് ജില്ലയിലെ പുഴകൾ വറ്റിവരണ്ട് ഇല്ലാതാകും എന്നാണ് പ്രകൃതി സ്നേഹികൾ പറയുന്നത്. നിലവിൽ കേരളത്തിൽ പുഴകളാൽ സമ്പന്നമായ ജില്ലയാണ് കാസർകോട് . കാര്യങ്ങൾ ഈ രീതിയിലാണ് പോകുന്നതെങ്കിൽ വൈകാതെ തന്നെ ഈ സ്ഥാനം ഉപേക്ഷിക്കാം എന്നും ഇവർ പറയുന്നു.
കാസർകോട് മുൻ ജില്ലാ കലക്ടർ ആയിരുന്ന ഡോ:സജിത് ബാബു ഐപിഎസ് മണലൂറ്റ് സംഘത്തിനെതിരെ ശക്തമായ നടപടികളാണ് സ്വീകരിച്ചിരുന്നത്. രാത്രികാലങ്ങളിൽ സ്ഥിരമായി നേരിട്ട് പരിശോധനകൾ നടത്തിയാണ് സജിത് ബാബു ഐപിഎസ് മണൽ മാഫിയക്ക് ഭീഷണി ആയി മാറിയത്. കൃത്യമായ നിയമസംവിധാനത്തിലൂടെ പൂഴിമണൽ ജനങ്ങൾക്ക് ലഭ്യമാക്കാനും ഇദ്ദേഹത്തിന്റെ ഭരണകാലത്ത് സാധിച്ചിരുന്നു. എന്നാൽ നിലവിൽ അത്തരം ഒരു പരിശോധനയോ മറ്റു കാര്യങ്ങളോ ഉണ്ടാകുന്നില്ല എന്നുള്ളത് മണൽ മാഫിയക്ക് വളരാൻ കാരണമായി മാറുന്നു എന്നാണ് ആരോപണം.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്