കൊട്ടാരക്കര: സ്വന്തം ചികിത്സാ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സന്ദീപ് സ്‌കൂൾ അദ്ധ്യാപകരുടെ വാട്‌സാപ് ഗ്രൂപ്പുകളിലേക്ക് അയച്ചു നൽകി. ജില്ലാ ക്രൈംബ്രാഞ്ച് സംഘം സൈബർ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് 3 ഗ്രൂപ്പുകളിൽ ദൃശ്യങ്ങൾ കണ്ടെത്തിയത്. എന്തിനാണ ഇങ്ങനെ ചെയ്തതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ശാസ്ത്രീയ പരിശോധനയ്ക്കായി ഡോ.വന്ദന കൊലക്കേസ് പ്രതി ജി.സന്ദീപിന്റെ മൊബൈൽ ഫോൺ കോടതി മുഖേന ഇന്നു തിരുവനന്തപുരത്തെ ഫൊറൻസിക് സയന്റിഫിക് ലാബിലേക്ക് അയയ്ക്കും.

കൂടുതൽ ശാസ്ത്രീയ തെളിവുകൾ കണ്ടെത്തുന്നതിനാണ് നടപടി. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെയും തെളിവെടുപ്പു തുടർന്നു. സന്ദീപിന്റെ ബന്ധുക്കളുടെയും പരിസരവാസികളുടെയും മൊഴികളാണ് രേഖപ്പെടുത്തിയത്. മദ്യലഹരിയിൽ വാഹനം ഓടിച്ചതിന് പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ നേരത്തേ സന്ദീപിന് എതിരെ കേസുള്ളതായും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ച വൈദ്യ പരിശോധനയ്ക്ക് സന്ദീപ് കത്രിക കൈവശപ്പെടുത്തി ഡോ.വന്ദനയെ കുത്തിക്കൊല്ലുകയും പൊലീസുകാർ ഉൾപ്പെടെ കുത്തി പരുക്കേൽപ്പിക്കുകയും ചെയ്തതായാണ് കേസ്. 10ന് പുലർച്ചെ 4.30നാണ് സംഭവം.

കേസിൽ റിമാൻഡിലായ സന്ദീപിനെ കസ്റ്റഡിയിൽ വാങ്ങാൻ ക്രൈംബ്രാഞ്ച് സംഘം ഇന്ന് അപേക്ഷ നൽകും. ഡിവൈഎസ്‌പി എം.എം.ജോസിന്റെ സംഘത്തിലാണ് അന്വേഷണം. അന്വേഷണം വേഗത്തിലാക്കാനാണ് തീരുമാനമെന്ന് കൊല്ലം റൂറൽ എസ്‌പി എം.എൽ.സുനിൽ പറഞ്ഞു. അതേസമയം ഡോ.വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപ് പൂജപ്പുര സെൻട്രൽ ജയിലിൽ മാനസിക പ്രശ്‌നങ്ങളോ മറ്റ് അസ്വസ്ഥതകളോ പ്രകടിപ്പിക്കുന്നില്ലെന്നു ജയിൽ അധികൃതരും വ്യക്തമാക്കി.

ജയിലിൽ ഭക്ഷണം കഴിക്കുന്നുണ്ട്. മാതാവുമായി വളരെ അടുപ്പം പുലർത്തിയിരുന്നതായി ഇയാൾ ജയിൽ അധികൃതരോട് പറഞ്ഞു. ശനിയാഴ്ച പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ജയിലിൽ എത്തി ഇയാളെ പരിശോധിച്ചു. നിലവിൽ ആശുപത്രിയിലേക്ക് മാറ്റേണ്ട സാഹചര്യമില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.

നാട്ടുകാരുമായുള്ള പ്രശ്‌നത്തെ തുടർന്നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നതെന്ന് ഇയാൾ ജയിൽ അധികൃതരോട് പറഞ്ഞു. ആശുപത്രിയിൽ പരിശോധിക്കുന്നതിനിടെ ചിലരുടെ സംസാരം പ്രകോപനമുണ്ടാക്കി. അവിടെയുള്ളവർ ആക്രമിക്കുമെന്ന സംശയത്തിലാണ് കത്രികയെടുത്തത്. പുരുഷ ഡോക്ടറെ ഉപദ്രവിക്കാനാണ് ലക്ഷ്യമിട്ടത്.

ഡോ.വന്ദന ദാസിനെ ലക്ഷ്യം വച്ചില്ലെന്നാണ് ഇയാളുടെ ഏറ്റുപറച്ചിൽ. ആശുപത്രിയിൽ പോകാനായി ആദ്യം പൊലീസിനെ വിളിച്ച സന്ദീപ് ഉദ്യോഗസ്ഥർ എത്തുന്നതിനിടെ മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു കുറ്റിക്കാട്ടിൽ ഒളിച്ചു. നാട്ടുകാർ ബൈക്കിൽ പിൻതുടരുന്നെന്ന സംശയത്തെ തുടർന്നായിരുന്നു ഇത്. താൻ കരാട്ടെ ബ്ലാക്ക് ബെൽറ്റാണെന്നാണ് സന്ദീപ് ജയിൽ അധികൃതരോട് പറഞ്ഞത്.

ഇയാൾ സാധാരണ നിലയിലായതോടെയാണ് ജയിൽ സൂപ്രണ്ട് സത്യരാജിന്റെ നേതൃത്വത്തിൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞത്. കാൽക്കുഴയിലെ പരുക്കിന് ബാൻഡേജ് ചുറ്റിയിട്ടുണ്ട്. ജയിൽ ഡോക്ടർ ദിവസവും പരിശോധന നടത്തുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.