കൊച്ചി: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ വീണ്ടും ട്വിസ്റ്റ്. കേസിൽ മുഖ്യസാക്ഷി പ്രശാന്ത് മൊഴി മാറ്റി പറഞ്ഞതോടെയാണ് കേസിലെ അവശേഷിക്കുന്ന കച്ചിത്തുരുമ്പും ക്രൈംബ്രാഞ്ചിന് നഷ്ടമാകുന്നത്. മജിസ്‌ട്രേറ്റിന് മുന്നിൽ നൽകിയ രഹസ്യമൊഴിയിലാണ് പ്രശാന്ത് നിലപാട് മാറ്റിയത്. ക്രൈംബ്രാഞ്ച് നിർബന്ധിച്ച് പറയിപ്പിച്ചതാണെന്നാണ് പ്രശാന്തിന്റെ ഏറ്റവും പുതിയ മൊഴി. അതേസമയം, പ്രശാന്ത് മൊഴി മാറ്റിയാലും പ്രശ്‌നമില്ല തെളിവുകൾ കൈവശമുണ്ടെന്നാണ് ഇതുസംബന്ധിച്ച ക്രൈംബ്രാഞ്ച് വിശദീകരണം.

നാലരവർഷം നീണ്ട പരിഹാസത്തിനും കാത്തിരിപ്പിനൊടുവിലാണ് നേരത്തെ കേസിൽ നിർണായക വഴിത്തിരിവുണ്ടായത്. തിരുവനന്തപുരം കുണ്ടമൺകടവിലുള്ള ആശ്രമം കത്തിച്ച സംഭവത്തിൽ ആർ.എസ്.എസുകാരനായ ഈയിടെ ആത്മഹത്യചെയ്ത തന്റെ സഹോദരന് പങ്കുണ്ടെന്ന വെളിപ്പെടുത്തലുമായി പ്രശാന്ത് രംഗത്തെത്തുകയായിരുന്നു. സഹോദരൻ പ്രകാശും കൂട്ടുകാരും ചേർന്നാണ് കത്തിച്ചത് എന്നാണ് യുവാവിന്റെ വെളിപ്പെടുത്തൽ.

2018 ഒക്ടോബർ 27ന് പുലർച്ചെയാണ് തീയിട്ടത്. രണ്ട് കാറടക്കം മൂന്ന് വാഹനങ്ങൾ കത്തിനശിക്കുകയും ആശ്രമത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. സംഭവസമയത്ത് ആശ്രമത്തിലെ സി.സി.ടി.വി പ്രവർത്തനരഹിതമായിരുന്നു. ഇത് മനഃപൂർവം കേടാക്കിയതാണ് എന്നായിരുന്നു ബിജെപി -ആർ.എസ്.എസ് കേന്ദ്രങ്ങളുടെ പ്രചാരണം. കത്തിച്ചശേഷം ആശ്രമത്തിനുമുന്നിൽ ആദരാഞ്ജലികൾ എന്നെഴുതിയ റീത്തും ആക്രമികൾ വെച്ചിരുന്നു.

പ്രതികളെ കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും ക്രൈംബ്രാഞ്ചിനെ ഏറെ കുഴക്കിയ കേസാണ് സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ. പ്രാഥമിക അന്വേഷണത്തിൽ പ്രതികളെ സംബന്ധിച്ച യാതൊരു തെളിവും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നില്ല. 2018ൽ ആശ്രമം ആക്രമണം നടന്ന് നാലു വർഷത്തിന് ശേഷമാണ് നിർണായക മൊഴി ക്രൈംബ്രാഞ്ചിന് ലഭിച്ചത്. ആർ.എസ്.എസ്. പ്രവർത്തകരായിരുന്ന തന്റെ സഹോദരൻ പ്രകാശനും സുഹൃത്തുകളും ചേർന്നാണ് കൃത്യം നിർവഹിച്ചതെന്നായിരുന്നു മൊഴി. അതേസമയം ഈ കേസിലും പൊലീസ് പ്രതികട്ടെ കെട്ടിച്ചമച്ചതാണെന്ന ആരോപണവും ഉയർന്നിരുന്നു.

ശബരിമല വിഷയത്തിലടക്കം സ്വാമി സന്ദീപാനന്ദഗിരിയോടുള്ള എതിർപ്പു കൊണ്ടാണ് ആശ്രമം കത്തിച്ചതെന്നായിരുന്നു കണ്ടെത്തൽ. 2018ലാണ് കുണ്ടമൺകടവിലെ ആശ്രമത്തിന് നേരെ ആക്രമണമുണ്ടായത്. ആക്രമണം നടക്കുന്നതിന് ഏതാനും ദിവസം മുമ്പ് ഒരു ഞായറാഴ്ച സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലേക്ക് ഹിന്ദു ഐക്യവേദി പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ആശ്രമത്തിൽ നിർത്തിയിട്ടിരുന്ന രണ്ട് കാറുകളും ഒരു സ്‌കൂട്ടറും കത്തിച്ച അക്രമികൾ ആശ്രമത്തിന് പുറത്ത് റീത്തുംവെച്ചു. റീത്തിൽ സ്വാമിയെ പരിഹസിച്ച് ഒരു പേരെഴുതി, സൂചന മാത്രമാണെന്ന മുന്നറിയിപ്പും നൽകി. ആശ്രമത്തിലെ കോൺക്രീറ്റടക്കം ഇളകി. സംഭവം നടക്കുമ്പോൾ സന്ദീപാനന്ദഗിരി മുകളിലെ നിലയിലായിരുന്നു. അദ്ദേഹത്തെ കൂടാതെ 82 വയസുള്ള അന്തേവാസിയും ആശ്രമത്തിലുണ്ടായിരുന്നു.

കുണ്ടമൺ കടവിൽ കരമനയാറിന്റെ തീരത്തുള്ള ആശ്രമത്തിനു നേരേയായിരുന്നു പുലർച്ചെ നടന്ന ആക്രമണം. തീയും പുകയും കണ്ട അയൽവാസികളാണ് ആദ്യം ഓടിയെത്തിയത്. അഗ്‌നിശമനസേന തീയണച്ചു. അക്രമികളെ തിരിച്ചറിയാനായില്ല. ആശ്രമത്തിലെ സി.സി.ടി.വി കാമറ പ്രവർത്തിച്ചിരുന്നില്ല. കുണ്ടമൺകടവ് ദേവി ക്ഷേത്രത്തിലെ സി.സി.ടി.വിയിൽ പുലർച്ചെ 2.54ന് യുവാവ് ഓടുന്ന ദ്യശ്യമുണ്ടെങ്കിലും ഇയാൾ അഗ്‌നിശമനസേനയുടെ വഴികാട്ടിയാണെന്ന് പിന്നീട് വ്യക്തമായി.

അക്രമത്തിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. മുഖ്യമന്ത്രി, മന്ത്രിമാർ, കെപിസിസി അധ്യക്ഷൻ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ ആശ്രമത്തിലെത്തി. ഊർജിത അന്വേഷണം തുടങ്ങിയ പൊലീസ് അയൽവാസികളിൽ നിന്ന് മൊഴിയെടുക്കുകയും ചെയ്തിരുന്നു. സിറ്റി പൊലീസ് കമീഷണറുടെ മേൽനോട്ടത്തിൽ കന്റോൺമന്റ് അസിസ്റ്റന്റ് കമീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

കുണ്ടമൺകടവിലെ സാളഗ്രാമം ആശ്രമത്തിന് തീയിട്ട സ്ഥലത്ത് വിരലടയാള വിദഗ്ധരെത്തിയെങ്കിലും തെളിവ് ലഭിച്ചില്ല. പെട്രോൾ വാഹനങ്ങൾ കത്തി ഉയർന്ന പുകയും കരിയും പരിസരമാകെ മൂടിയതിനാൽ വിരലടയാളം ലഭ്യമാകില്ലെന്ന് സ്ഥലത്ത് പരിശോധന നടത്തിയ ഫിംഗർ പ്രിന്റ് വിദഗ്ധ ബി. പ്രിയ വ്യക്തമാക്കിയിരുന്നു. അതേസമയം, ഫോറൻസിക് ജോയന്റ് ഡയറക്ടർ എസ്‌പി. സുനിൽ, അസിസ്റ്റൻഡ് ഡയറക്ടർ ദിവ്യപ്രഭ എന്നിവരുടെ നേതൃത്വത്തിൽ വിദഗ്ധരെത്തി വിശദമായ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.

ആശ്രമത്തിലെ സി.സി.ടി.വികൾ ഇടിവെട്ടി നശിച്ചതിനാൽ നന്നാക്കാൻ നൽകിയിരിക്കുകയായിരുന്നു. കൂടുതൽ പുതിയ സി.സി ടി.വികൾ വെക്കാൻ ആലോചന നടക്കുന്നതിനിടെയാണ് അക്രമം നടന്നത്. പ്രളയത്തിൽ മരം വീണ് ഗേറ്റ് തകർന്നിരുന്നു. ആശ്രമത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ അവ പൂർത്തിയായ ശേഷം ഗേറ്റ് പുനർനിർമ്മിക്കാമെന്ന തീരുമാനത്തിലായിരുന്നു. ഗേറ്റ് ഇല്ലാത്തതിനാൽ അക്രമികൾക്ക് നടന്ന് മുറ്റത്തെത്താൻ കൂടുതൽ എളുപ്പമായെന്നമായിരുന്നു വിലയിരുത്തൽ.