തിരുവനന്തപുരം: കുണ്ടമൺകടവിൽ സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ക്രൈംബ്രാഞ്ചിന് നിർണായകമായ വിവരങ്ങൾ ലഭിച്ചെന്ന് സൂചന. ആശ്രമിത്തിന് അടുത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. ഇതിൽ പ്രാധമിക പരിശോധനയിൽ പ്രതികളെന്ന് സംശയിക്കുന്ന ചിലരെ കുറിച്ച് വിവരം ലഭിച്ചെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ വ്യക്തമാക്കുന്ന വിവരം. അതേസമയം സംഭവത്തൽ സിസി ടിവി ദൃശയങ്ങൾ കൂടുതൽ വിശദമായി പരിശോധിക്കേണ്ടതുണ്ട്. അതിന് ശേഷം മാത്രമേ പ്രതികളെ കുറിച്ചുള്ള കൂടതൽ വിവരങ്ങൾ പുറത്തുവിടുകയുള്ളൂ.

ആശ്രമത്തിന് സമീപത്തുള്ള വീട്ടിലെ സിസിടിവിയിൽ നിന്നുള്ള ദൃശ്യങ്ങളിൽ അക്രമികൾ എന്ന് സംശയിക്കും വിധത്തിൽ ചിലർ വന്നുപോകുന്നത് വ്യക്തമാണ്. ഈ ദൃശ്യങ്ങളാണ് കൂടുതൽ പരിശോധിക്കേണ്ടത്. ആശ്രമിത്തിലെ സിസിടിവികൾ അക്രമത്തിന് ആറ് മാസം മുമ്പ് പ്രവർത്തന രഹിതമായിരുന്നതിനാൽ പ്രതികൾ എത്തുന്ന ദൃശ്യങ്ങൾ ശേഖരിക്കാനായിരുന്നില്ല. ദൃശ്യങ്ങൾ ശേഖരിച്ച സാഹചര്യത്തിൽ പ്രതികളിലേക്ക് എളുപ്പത്തിലെത്താനാകുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച്.

2018 ഒക്ടോബർ 27ന് പുലർച്ചെ രണ്ടരയ്ക്കാണ് ആശ്രമത്തിന് തീയിട്ടത്. 2.27നാണ് ബൈക്കിൽ ചിലർ എത്തുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. . പത്ത് മിനിറ്റിന് ശേഷം മടങ്ങുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. തൊട്ടടുത്ത് നിന്നുള്ള സിസിടിവിയിൽ നിന്നുള്ള ദൃശ്യങ്ങളല്ല ലഭ്യമായിരിക്കുന്നത്. ഫോറൻസിക് പരിശോധനയ്ക്ക് കൈമാറിയാലേ ദൃശ്യങ്ങളിലുള്ള വ്യക്തികളെ തിരിച്ചറിയാൻ സാധിക്കൂ. ലഭ്യമായ ദൃശ്യങ്ങൾ ഫോറൻസിക് ലാബിന് കൈമാറാനുള്ള നടപടികളിലേക്ക് ക്രൈം ബ്രാഞ്ച് ഉടൻ കടക്കും. കൂടുതൽ സമീപ പ്രദേശങ്ങളിൽ സിസിടിവി ഉണ്ടായിരുന്നോ എന്നുള്ള പരിശോധനയും അന്വേഷണ സംഘം നടത്തുന്നുണ്ട്.

സംഭവം നടക്കുന്നതിന് ആറ് മാസം മുമ്പ് ആശ്രമത്തിലെ സിസിടിവികൾ പ്രവർത്തന രഹിതമായിരുന്നു. അറ്റകുറ്റപ്പണികൾക്ക് 65000 രൂപ ചെലവ് വരുന്നതിനാൽ തൽക്കാലം പ്രവൃത്തി മാറ്റിവെച്ചിരുന്നു. സിസിടിവി അറ്റകുറ്റപ്പണിക്കെത്തിയ വ്യക്തിയുടെ മൊഴിയിലും ഇക്കാര്യമുണ്ട്. സിസിടിവി പ്രവർത്തനരഹിതമാണെന്നും സെക്യുരിറ്റി ഇല്ലായെന്നുമറിയുന്ന പ്രദേവാസികളായവർ തന്നെയാണ് അക്രമത്തിന് പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.

സംഭവത്തിലുൾപ്പെട്ടുവെന്ന് സഹോദരൻ വെളിപ്പെടുത്തിയ പ്രകാശിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പുരോഗമിക്കുന്നതോടെ ഇക്കാര്യത്തിലും വ്യക്തത വരുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്. ആശ്രമം കത്തിച്ച കേസിലെ പ്രതി പ്രകാശിന്റെ മരണത്തിലെ ദിരൂഹത ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ആത്മഹത്യ കേസിലെ ഫയലുകൾ വിളപ്പിൽശാല സ്റ്റേഷനിൽ നിന്ന് ക്രൈംബ്രാഞ്ച് വിളിച്ചു വരുത്തി.

തിരുവനന്തപുരം കുണ്ടുമൺകടവ് സ്വദേശി പ്രകാശും സുഹൃത്തുക്കളുമാണ് ആശ്രമം കത്തിച്ചതെന്ന് ക്രൈം ബ്രാഞ്ചിനോട് പ്രകാശിന്റെ സഹോദരൻ പ്രശാന്ത് ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയത്. ഈ വർഷം ജനുവരിയിൽ പ്രകാശ് ആത്മഹത്യ ചെയ്തിരുന്നു. ഇതിന് ശേഷമാണ് സഹോദരന്റെ വെളിപ്പെടുത്തൽ. കേസിൽ ഒരാഴ്ച മുമ്പാണ് പ്രകാശിന്റെ സഹോദരൻ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്. ഇയാളുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് തിരുവനന്തപുരം അഡീഷണൽ ചീഫ് മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.

2018 ഒക്ടോബർ 27നായിരുന്നു തിരുവനന്തപുരം കുണ്ടമൺ കടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീപിടിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് സഹോദരൻ ആശ്രമം കത്തിച്ച വിവരം തന്നോട് പറഞ്ഞതെന്ന് പ്രശാന്ത് പറഞ്ഞു. കൂട്ടുകാരനെ അറസ്റ്റ് ചെയ്തതോടെ പ്രകാശ് അസ്വസ്ഥനായിരുന്നുന്നുവെന്നും ഇതിന് ശേഷമാണ് തന്നോട് കാര്യങ്ങൾ പറഞ്ഞതെന്നും പ്രശാന്ത് പ്രതികരിച്ചു.