- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡാനിഷ് കമ്പനിയിൽ ഓഹരിയുണ്ടെന്നു തെറ്റിദ്ധരിപ്പിച്ച് 2012 മുതൽ തുടർച്ചയായ 3 വർഷം നികുതി റീഫണ്ട് കൈപ്പറ്റി; ഹെഡ്ജ് ഫണ്ടിംഗിലൂടെ സ്വന്തമാക്കിയത് ആഡംബര വീടുകളും ശതകോടികളുടെ ആസ്തിയും; ഒടുവിൽ ഡാനിഷ് സർക്കാർ പിടിമുറുക്കിയപ്പോൾ ദുബായിൽ എത്തി; ബ്രിട്ടീഷ് പൗരനായ ഇന്ത്യൻ വംശജന് 10000 കോടിയുടെ പിഴ; സഞ്ജയ് ഷാ കുടുങ്ങുമ്പോൾ
ദുബായ്: ഡെന്മാർക്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നികുതി വെട്ടിപ്പ് നടത്തിയ ഇന്ത്യൻ വംശജൻ സഞ്ജയ് ഷായ്ക്ക് 10,000 കോടി രൂപ ദുബായ് കോടതി പിഴ വിധിച്ചു. ബ്രിട്ടിഷ് പൗരത്വമുള്ള ഷാ വർഷങ്ങളായി ദുബായിലാണ് താമസിക്കുന്നത്. ഡെന്മാർക്കിൽ 1.7 ബില്യൺ ഡോളറിന്റെ നികുതി തട്ടിപ്പ് കേസിലെ മുഖ്യപ്രതിയാണ് ഷാ. ഇയാളെ കൈമാറാനുള്ള അപേക്ഷ തിങ്കളാഴ്ച നേരത്തെ കോടതി തള്ളിയിരുന്നു.
ഡാനിഷ് കമ്പനിയിൽ ഓഹരിയുണ്ടെന്നു തെറ്റിദ്ധരിപ്പിച്ച് 2012 മുതൽ തുടർച്ചയായ 3 വർഷം നികുതി റീഫണ്ട് കൈപ്പറ്റിയെന്നാണ് ഡെന്മാർക്ക് നികുതി വകുപ്പിന്റെ ആരോപണം. ദുബായ് അപ്പീൽ കോടതിയാണ് സഞ്ജയ് ഷായ്ക്കെതിരെ വെള്ളിയാഴ്ച വിധി പ്രസ്താവിച്ചത്. നാല് വർഷം മുമ്പാണ് ഡെന്മാർക്ക് കോടതിയിൽ കേസ് ഫയൽ ചെയ്തത്. 2012 മുതൽ 2015 വരെയുള്ള കാലയളവിൽ വിദേശ നിക്ഷേപകരെ നികുതിയുടെ കാര്യത്തിൽ ഷാ വഞ്ചിച്ചിരുന്നു. ഇക്കാര്യം പുറത്തറിഞ്ഞതോടെ 2018ൽ ദുബായിലേക്ക് താമസം മാറിയ ഇയാൾ ദുബായിലാണ് താമസം.
ഡെന്മാർക്കിൽ 170കോടി ഡോളർ തട്ടിപ്പ് നടത്തിയെന്ന കേസിൽ അന്വേഷണം നേരിടുന്ന ബ്രിട്ടീഷ് പൗരൻ സഞ്ജയ് ഷായെ നാടുകടത്തുന്നത് തടഞ്ഞ കോടതിവിധിക്കെതിരെ അപ്പീലുമായി ദുബൈ അറ്റോർണി ജനറൽ രംഗത്തു വ്ന്നിരുന്നു. ഡെന്മാർക്കിന്റെ ആവശ്യമനുസരിച്ച് തട്ടിപ്പ് കേസിൽ പ്രതിയായ ഇയാളെ ദുബായ് പൊലീസ് ജൂണിലാണ് കസ്റ്റഡിയിലെടുത്തത്. എന്നാൽ കോടതി ദുബായിൽ തുടരാൻ അനുമതി നൽകുകയും ചെയ്തു. നികുതി വെട്ടിപ്പു കേസിൽ അന്വേഷണം നേരിടുന്ന ഇയാളെ കുറ്റവാളികളെ കൈമാറുന്ന അന്താരാഷ്ട്ര ധാരണപ്രകാരമാണ് ദുബായ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഡെന്മാർക്ക് സർക്കാരിന് വേണ്ടി പ്രവർത്തിക്കുന്ന യു.എ.ഇ പ്രോസിക്യൂട്ടർമാർ കുറ്റവാളികളെ കൈമാറുന്നതിനുള്ള രേഖകൾ ശരിയായി സമർപ്പിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നാടുകടത്തൽ തടഞ്ഞത്. ഈ വിധി വന്നതോടെ സഞ്ജയ് ഷായെ മോചിപ്പിക്കാൻ അദ്ദേഹത്തിന്റെ അഭിഭാഷകർ ശ്രമം തുടങ്ങിയിരുന്നു. ഇതിനിടെയാണ് ഡെന്മാർക്ക് സർക്കാർ ഫയൽ ചെയ്ത കേസിൽ ദുബായ് കോടതി പിഴ വിധിച്ചത്. ദുബൈപാം ജുമൈറയിലെ ഒരു വില്ലയിൽ താമസിച്ചിരുന്ന സഞ്ജയ് ഷാ നിലവിൽ തടങ്കലിൽ തുടരുകയാണ്.
വിചാരണ വേളയിൽ താൻ നിരപരാധിയാണെന്ന് പറഞ്ഞിരുന്നു. ഹെഡ്ജ് ഫണ്ട് വ്യാപാരിയായ സഞ്ജയ് ജൂൺ മുതൽ ദുബായിലെ തടങ്കലിലാണ്. ഡെന്മാർക്കിലെ നികുതി തട്ടിപ്പ് 2012-ൽ ആരംഭിച്ച് മൂന്ന് വർഷത്തോളം തുടർന്നു. വിദേശത്ത് ബിസിനസ് നടത്തുന്നതിനിടെയാണ് സഞ്ജയ് ഡാനിഷ് കമ്പനികളിൽ ഓഹരിയുടമയെന്ന് അവകാശപ്പെട്ടതെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണ് അർഹതയില്ലാത്ത നികുതി റീഫണ്ട് ആവശ്യപ്പെട്ടത്. പല രാജ്യങ്ങളിലും സമാന തട്ടിപ്പ് ഇയാൾ നടത്തിയിട്ടുണ്ട്. ചില രാജ്യങ്ങളിൽ നിയമപരമായ പഴുതുകൾ ഉപയോഗിച്ച് പണം സമ്പാദിച്ചു. സിംഗിൾ-സ്റ്റോക്ക് ഡിവിഡന്റ് ടാക്‌സ് റീഫണ്ടുകൾ സഞ്ജയ് ഷാ പലതവണ പ്രയോജനപ്പെടുത്തി.
ലണ്ടനിലെ അദ്ദേഹത്തിന്റെ 2 മില്യൺ ഡോളറിന്റെ വീട് ഉൾപ്പെടെ ഏകദേശം 3.5 ബില്യൺ ആസ്തി ഡെന്മാർക്കിന്റെ ഭരണകൂടം മരവിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ കമ്പനിയായ സോളോ ക്യാപിറ്റൽ പാർട്ണേഴ്സ് എൽഎൽപി ഓഹരികൾ വിറ്റതിനുശേഷവും ഡിവിഡന്റ് നികുതി റീഫണ്ട് ലഭിക്കാൻ നിക്ഷേപകരെ സഹായിച്ചതായി ഡാനിഷ് സർക്കാർ ആരോപിക്കുന്നു.
മുമ്പ് സാമ്പത്തിക പ്രതിസന്ധിയിൽ സഞ്ജയ് ഷായ്ക്ക് ജോലി നഷ്ടപ്പെട്ടപ്പോൾ, പെട്ടെന്ന് ജോലി നഷ്ടപ്പെട്ട ആയിരക്കണക്കിന് ഇടത്തരം വ്യാപാരികളിൽ ഒരാളായിരുന്നു അദ്ദേഹം. ഡിവിഡന്റ്-ടാക്സ് നിയമങ്ങളിലെ വിടവുകൾ ലക്ഷ്യമിട്ട് സ്വന്തം ഫണ്ട് രൂപീകരിച്ചുകൊണ്ട് ഗെയിമിലേക്ക് മടങ്ങിവരാൻ ഷാ അധിക സമയം എടുത്തില്ല. ഏതാനും വർഷങ്ങൾക്കുള്ളിൽ, ട്രേഡിങ്-ഫ്‌ളോർ അവ്യക്തതയിൽ നിന്ന് 700 മില്യൺ ഡോളറും സ്വദേശമായ ലണ്ടനിലെ റീജന്റ്‌സ് പാർക്ക് മുതൽ ദുബായ് വരെ നീണ്ടുകിടക്കുന്ന ഒരു പ്രോപ്പർട്ടി പോർട്ട്ഫോളിയോയും അദ്ദേഹം നേടിയെടുത്തു. ഇടപാടുകൾ യൂറോപ്പിലുടനീളമുള്ള നിയമപരമായ പഴുതുകൾ മുതലെടുത്തു,
മോർഗൻ സ്റ്റാൻലി, ക്രെഡിറ്റ് സ്യൂസ്, റബോബാങ്ക് എന്നിവയുടെ ബാങ്കറായി ഷാ 'ഏകദേശം 20 വർഷക്കാലം ജോലി ചെയ്തു. 2008-ൽ സ്വയം തൊഴിൽരഹിതനായതിനെ തുടർന്ന് സ്വന്തമായി നിക്ഷേപ മാനേജ്മെന്റ്, ബ്രോക്കറേജ്, പ്രധാന വ്യാപാര ബിസിനസ്സ് എന്നിവ സ്ഥാപിക്കുകയായിരുന്നു. ലണ്ടനിൽ സോളോ ക്യാപിറ്റൽ എന്ന ഹെഡ്ജ് ഫണ്ട് സ്ഥാപനം സ്ഥാപിച്ചു. നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയും സോളോ ക്യാപിറ്റൽ 2016-ൽ അടച്ചുപൂട്ടുകയും ചെയ്തു. ഡാനിഷ് അധികൃതരുടെ അന്വേഷണത്തിനിടയിൽ, അദ്ദേഹത്തിന്റെ ലണ്ടനിലെ വസതിയും ഓഫീസുകളും നിയമ കുരുക്കിലായി.
മറുനാടന് മലയാളി ബ്യൂറോ