തൃശൂര്‍: വില്ല നിര്‍മിച്ചു നല്‍കാന്‍ പണം കൈപ്പറ്റുകയും ആളുകളെ ചതിക്കുകയും ചെയ്തുവെന്ന പരാതികളില്‍ ശാന്തിമഠം ബില്‍ഡേഴ്‌സ് ആന്‍ഡ് ഡവലപ്പേഴ്‌സ് മാനേജിംഗ് പാര്‍ട്ണര്‍ അറസ്റ്റില്‍. നോര്‍ത്ത് പറവൂര്‍ തെക്കേ നാലുവഴി ശാന്തിമഠം വീട്ടില്‍ രഞ്ജിഷ (48) ആണ് അറസ്റ്റിലായത്. 2012-18 വര്‍ഷങ്ങളില്‍ രജിസ്റ്റര്‍ചെയ്ത കേസാണിത്. വിചാരണയ്ക്ക് കോടതിയില്‍ ഹാജരാകാതെ ഒളിവിലായിരുന്നതിനാല്‍ ഇവര്‍ക്കെതിരേ വാറന്റ് പുറപ്പെടുവിപ്പിച്ചിരുന്നു.

പാലക്കാട് കൊല്ലങ്കോട് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. 2012 മുതല്‍ 2018 വരെ ഗുരുവായൂര്‍ പോലീസില്‍ ഇവര്‍ക്കെതിരെ നൂറിലധികം കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ 35 കേസുകളില്‍ രഞ്ജിഷ പ്രതിയായി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. വിചാരണയ്ക്കു ഹാജരാകാത്തതിനാല്‍ പ്രതിക്കെതിരെ കോടതി വാറന്റ് പുറപ്പെടുവിച്ചു. ഇതേത്തുടര്‍ന്ന് ഗുരുവായൂര്‍ അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ കെ.എം.ബിജു, തൃശൂര്‍ സ്‌പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ കെ.സുഷീര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.

ഗുരുവായൂര്‍ സ്റ്റേഷന്‍ എസ്എച്ച്ഒ സി. പ്രേമാനന്ദകൃഷ്ണന്‍, എസ്‌ഐമാരായ ശരത് സോമന്‍, കെ.എം. നന്ദന്‍, സീനിയര്‍ സിപിഒ ജാന്‍സി, സിപിഒ റെനീഷ്, തൃശൂര്‍ സിറ്റി സ്‌ക്വാഡിലെ എസ്‌ഐ റാഫി, എഎസ്‌ഐ പളനിസാമി, സീനിയര്‍ സിപിഒമാരായ പ്രദീപ് കുമാര്‍, സജി ചന്ദ്രന്‍, സിപിഒമാരായ സിംപ്‌സണ്‍, അരുണ്‍ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു. കേസിലെ മറ്റൊരു പ്രതി രാകേഷ് മനുവിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഗുരുവായൂരില്‍ ശാന്തിമഠം വില്ല പ്രൊജക്റ്റ് എന്ന പേരില്‍ വില്ലകള്‍ നിര്‍മിച്ചു നല്‍കാമെന്നു പറഞ്ഞ് തട്ടിപ്പ് നടത്തിയെന്നാണ് കേസ്. രഞ്ജിഷയെ അറസ്റ്റു ചെയ്യാന്‍ നിര്‍ണ്ണായക നീക്കങ്ങളാണ് ഗുരുവായൂര്‍ എസ് എച്ച് ഒ നടത്തിയത്.

ഗുരുവായൂരപ്പന്റെ വിപണിസാധ്യത പരമാവധി ഉപയോഗിച്ച ശാന്തിമഠം ബില്‍ഡേഴ്സ് ഇന്ന് റിയല്‍ എസ്റ്റേറ്റ് തട്ടിപ്പിന്റെ മറ്റൊരു പേരായാണ് സമൂഹത്തില്‍ നിറഞ്ഞുനില്ക്കുന്നത്.. ഗുരുവായൂര്‍ ക്ഷേത്രനടയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം അകലെയുള്ള കോട്ടപ്പടിയിലും, 7 കിലോമീറ്റര്‍ അകലെ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള മുനിമടയിലുമായി ഏകദേശം 400 ഓളം ആഡംബരവീടുകള്‍. ശാന്തിമഠം രാധാകൃഷ്ണനെന്ന സമര്‍ത്ഥനായ വ്യവസായിയുടെ വാക്ചാതുരിയിലും പരസ്യങ്ങളിലും മയങ്ങി കോടികളാണ് വിദേശമലയാളികള്‍ അടക്കമുള്ളവര്‍ ഗുരുവായൂരില്‍ മുടക്കിയത്.

കുന്നംകുളം, ഗുരുവായൂര്‍ പൊലീസ് സ്റ്റേഷനുകളിലായി 140 ഓളം കേസുകളാണ് ശാന്തിമഠം രാധാകൃഷ്ണനും, മകന്‍ രാകേഷ് മനു, രാധാകൃഷ്ണന്റെ ഭാര്യ രമണി, പെണ്‍മക്കളായ മഞ്ജുഷ, രഞ്ജിഷ എന്നിവര്‍ക്കെതിരായി ചാര്‍ജ്ജ് ചെയ്യപ്പെട്ടിട്ടുള്ളത്. ഈ കേസില്‍ വാറണ്ട് ആയതോടെയാണ് ശാന്തിമഠത്തിന്റെ വൈസ് ചെയര്‍മാന്‍ കൂടിയായ രാകേഷ ്മനു പാലക്കാട് വച്ച് നേരത്തെ പൊലീസ് കസ്റ്റഡിയിലായത്. ജാമ്യം കിട്ടിയ ശേഷം ഒളിവില്‍ പോയി. സഹോദരിയും അത് ചെയ്തു. രാധാകൃഷ്ണനെ നേരത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

പത്രങ്ങളിലൂടെയും ചാനലുകളിലൂടെയും പരസ്യങ്ങള്‍ നല്‍കി ധനസമാഹരണം നടത്തിയ ശാന്തിമഠം വന്‍കിട ബില്‍ഡറായത് ചുരുങ്ങിയ സമയം കൊണ്ടായിരുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കേരളത്തില്‍ കുതിച്ചുചാട്ടമുണ്ടായ വേളയിലായിരുന്നു ശാന്തിമഠത്തിന്റെ വളര്‍ച്ചയും. അതുകൊണ്ട് തന്നെ അതിവേഗം കേരളത്തിലെ മുതിര്‍ന്ന ബില്‍ഡര്‍മാരുടെ സ്ഥാനത്തെത്തി. ഇതിനെതിരെ ചിലരൊക്കെ പരാതിയുമായി വന്നപ്പോള്‍ അധികാരവും പണവും കൊണ്ട് കേസുകള്‍ ഒതുക്കി. ഒടുവില്‍ കൈരളി ചാനലിന്റെ റിയാലിറ്റി ഷോയില്‍ അന്ധഗായകര്‍ക്ക് സമ്മാനമായി പ്രഖ്യാപിച്ച വില്ല കിട്ടാതെ വന്നതോടെയാണ് വിഷയം മാദ്ധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ തട്ടിപ്പുകളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തപ്പോഴും മുഖ്യധാരാ മാദ്ധ്യമങ്ങള്‍ പരസ്യലാഭത്തിന്റെ മറവില്‍ മിണ്ടാതിരുന്നു. ഒടുവില്‍ മുഖ്യധാരാ മാദ്ധ്യമങ്ങള്‍ക്കും ശാന്തിമഠത്തിന്റെ തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടി വരികയായിരുന്നു.

ശാന്തിമഠം എന്ന പേരിലൂടെ തന്നെ ഒരു ഭക്തിതട്ടിപ്പു പ്രസ്ഥാനമായിരുന്നു രാധാകൃഷ്ണന്‍ വിഭാവനം ചെയ്തത്. നഗരകേന്ദ്രീകൃതങ്ങളായിരുന്നു മറ്റ് റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ പ്രൊജക്ടുകള്‍ എങ്കില്‍ രാധാകൃഷ്ണന്‍ തെരഞ്ഞെടുത്തത് പുണ്യസ്ഥലങ്ങളായിരുന്നു. തീര്‍ത്ഥാടന ടൂറിസത്തിന്റെ സാധ്യതകള്‍ കൃത്യമായി വിപണിയിലേക്കെത്തിച്ച് കോടികള്‍ മുതല്‍മുടക്കുള്ള വില്ല പദ്ധതികളാണ് രാധാകൃഷ്ണന്‍ തയ്യാറാക്കിത്.

വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ വലിയ നേട്ടമൊന്നും രാധാകൃഷ്ണന് അവകാശപ്പെടാനില്ല. സാമ്പത്തികമായി അത്ര ഭദ്രമല്ലാത്ത കുടുംബത്തില്‍ പിറന്ന രാധാകൃഷ്ണന് പത്താംതരം വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. കൂലിപ്പണി ചെയ്താണ് ആദ്യകാലത്ത് ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്നത്. ഉപജീവനത്തിനായി സ്വന്തമായി ചായക്കടയും രാധാകൃഷ്ണന്‍ നടത്തിയിട്ടുണ്ട്. നാട്ടിലെ ജീവിതസാഹചര്യം മോശമായതിനാല്‍ ആന്ധ്രാപ്രദേശിലേക്ക് ചേക്കേറി. എന്നാല്‍ അവിടെയും രാധാകൃഷ്ണന്‍ ഉറച്ചുനിന്നില്ല. തിരിച്ച് വടക്കന്‍ പറവൂരിലെത്തി. പിന്നീട് അതിവേഗ സമ്പത്ത് കൈവന്നു.