- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാറാ ഷെരീഫിന്റെ പിതാവിനെയും കൂട്ടാളികളെയും കോടതിയിൽ ഹാജരാക്കി പൊലീസ്; 10 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയത് ബങ്ക് ബെഡ്ഡിലെ ബ്ലാങ്കറ്റിനുള്ളിൽ; പില്ലോയുടെ കീഴിൽ കൈകൊണ്ടെഴുതിയ രണ്ട് കുറിപ്പുകളും
ലണ്ടൻ: വോക്കിംഗിൽ ദുരൂഹമായ സാഹചര്യത്തിൽ മരണപ്പെട്ട സാറ ഷെരീഫ് എന്ന പത്തുവയസ്സുകാരിയുടെ കൊലപാതകത്തിലെ പ്രതികൾ എന്ന് സംശയിക്കുന്ന, സാറയുടെ പിതാവ് ഉർഫാൻ ഷരീഫ്, കാമുകി ബീനാശ് ബാത്തൂൾ, സഹോദരൻ ഫെയ്സൽ മാലിക് എന്നിവരെ ഗിൽഡ്ഫോർഡ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ഇക്കഴിഞ്ഞ ഓഗസ്റ്റ് 10 ന് ആയിരുന്നു സറേ, വോക്കിംഗിലെ വീട്ടിൽ സാറയുടെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം കണ്ടെത്തുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് പാക്കിസ്ഥാനിലേക്ക് പടന്ന ഇവർ ഒരു മാസത്തോളം പാക്കിസ്ഥാനിൽ കഴിഞ്ഞ ശേഷമാണ് തിരികെയെത്തുന്നത്. കുഞ്ഞിനെ കൊല്ലുകയോ മരിക്കാൻ വിട്ടുകൊടുക്കുകയോ ചെയ്തു എന്ന കുറ്റത്തിനാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ജയിലിൽ നിന്നും നൽകിയ ചാരനിറമുള്ള ട്രാക് സ്യുട്ട് അണിഞ്ഞായിരുന്നു ഷരീഫ് എത്തിയത്. ചുവന്ന ടീ ഷർട്ടും നീല ജീൻസുമായിരുന്നു സഹോദരൻ മാലിക് ധരിച്ചിരുന്നത്. കറുപ്പ് നിറമുള്ളതായിരുന്നു ബാത്തൂളിന്റെ വേഷം.
കോടതിയിൽ ഹാജരാക്കിയ ഇവരെ കസ്റ്റഡിയിൽ റിമാന്ദ് ചെയ്തു. തങ്ങളുടെ പേരും മറ്റു വിവരങ്ങളും പറയുവാൻ വേണ്ടി മാത്രമായിരുന്നു കോടതിക്കുള്ളിൽ ഇവർ വായ് തുറന്നത്. കേസുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിധത്തിലുള്ള അപേക്ഷകളോ പരാതികളോ ഇവർ കോടതിക്ക് മുൻപിൽ സമർപ്പിച്ചില്ല. പ്രോസിക്യുഷൻ കേസ് വിശദീകരിക്കുമ്പോൾ ഉർഫാൻ ഷരീഫ് തലകുനിച്ച് നിൽക്കുകയായിരുന്നു.
പ്രതികളിൽ രണ്ടു പേർക്ക് ഉറുദുവിൽ കാര്യങ്ങൾ പരിഭാഷപ്പെടുത്തുകയുണ്ടായി. പാക്കിസ്ഥാനിൽ നിന്നും വന്ന ഒരു ഫോൺ വിളിയിലൂടെയാണ് വീടിനുള്ളിലെ മൃതദേഹത്തെ കുറിച്ച് പൊലീസിന് അറിവ് ലഭിച്ചതെന്ന് പ്രോസിക്യുട്ടർ അമൻഡ ബറോസ് കോടതിയിൽ ബോധിപ്പിച്ചു. പ്രതികൾക്ക് പാക്കിസ്ഥാനിലേക്ക് പോകുന്നതിനുള്ള വിമാന ടിക്കറ്റുകൾ ഓഗസ്റ്റ് 8 ന് ആയിരുന്നു ബുക്ക് ചെയ്തത്.
ഒരു കിടക്കയിൽ, പുതപ്പിൽ പുതഞ്ഞ രീതിയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ കൈകൾ നെഞ്ചോട് ചേർത്ത് പിടിച്ച നിലയിലായിരുന്നു എന്നും പ്രോസിക്യുട്ടർ പറഞ്ഞു. സാറയുടെ തലയുടെ കീഴിലായി രണ്ട് കൈയെഴുത്ത് കുറിപ്പുകൾ കണ്ടെത്തുകയും ചെയ്തു. മൃതദേഹം കണ്ടെത്തിയ ഉടൻ തന്നെ ആംബുലൻസിനെ വിവരം അറിയിച്ചെന്നും, അവർ സ്ഥലത്തെത്തീയാണ് കുട്ടി മരണപ്പെട്ടതായി പ്രഖ്യാപിച്ചതെന്നും പ്രോസിക്യുട്ടർ കോടതിയോട് പറഞ്ഞു.
കുഞ്ഞിന്റെ അമ്മ, സോമർസെറ്റിൽ താമസിക്കുന്ന ഓൾഗ ഷെരീഫിന്റെയും മറ്റൊരു ബന്ധുവിന്റെയും ഡി എൻ എ പരിശോധന നടത്തിയായിരുന്നു കുഞ്ഞിനെ തിരിച്ചറിഞ്ഞത്. ഗുരുതരവും ആഴത്തിലുള്ളതുമായ ഒന്നിലധികം മുറിവുകൾ മൃതദേഹത്തിൽ ഉണ്ടായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കുട്ടിയുടെ യഥാർത്ഥ മരണകാരണം ഇനിയും വ്യക്തമാകേണ്ടതുണ്ട്. എന്നാൽ, ആ കുഞ്ഞിന്റെ മരണത്തിൽ മൂന്നാമതൊരാളുടെ ഇടപെടലുണ്ടെന്ന് പ്രോസിക്യുട്ടർ പറഞ്ഞു. പ്രതികൾ കുറ്റം നിഷേധിക്കുന്നതായി പ്രതിഭാഗം വക്കീൽ അറിയിച്ചു. എന്നാൽ ജാമ്യാപേക്ഷ നൽകിയിട്ടില്ല.




