- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാറാ ഷെരീഫിന്റെ മരണത്തിൽ പിതാവിനെയും പങ്കാളിയെയും സഹോദരനെയും ചാർജ്ജ് ചെയ്ത് കോടതി; 10 വയസ്സുകാരിയുടെ ശരീരത്തിലെ ഉണങ്ങിയ മുറിവുകളും പൊട്ടലുകളും തുടർച്ചയായുള്ള ഉപദ്രവമേൽക്കേണ്ടി വന്നതിന്റെ സൂചനകൾ; പ്രതികളുടെ വിചാരണ അടുത്ത സെപ്റ്റംബറിൽ തുടങ്ങും
ലണ്ടൻ: വോക്കിംഗിൽ പത്തു വയസ്സുകാരി സാറാ ഷെരീഫിനെ കൊലപ്പെടുത്തി എന്ന കുറ്റത്തിന് കുട്ടിയുടെ പിതാവും രണ്ടാനമ്മയും അമ്മാവനും വിചാരണ നേരിടണം. ഓൾഡ് ബെയ്ലിയിൽ ഇന്നലെ നടന്ന വിചാരണയിൽ സ്‌കൂൾ വിദ്യാർത്ഥിയുടെ മരണകാരണം ഇനിയും കൃത്യമായി സ്ഥാപിക്കപ്പെട്ടിട്ടില എന്ന് വെളിപ്പെടുത്തി. ഈ കുഞ്ഞിനെ കൊല ചെയ്തവരുടെ വിചാരണ അതുകൊണ്ടു തന്നെ ഒരു വർഷത്തിനുള്ളിൽ നടക്കാൻ ഇടയില്ല.
സാറയുടെ പിതാവ് ഉർഫാൻ ഷരീഫ് (41), രണ്ടാനമ്മ ബീനാശ് ബാത്തൂൾ (28), അമ്മാവൻ ഫൈസൽ മാലിക് (28) എന്നിവർ വീഡിയോ ലിങ്ക് വഴിയാണ് വിചാരണയിൽ എത്തിയത്. തങ്ങളുടെ ഐഡന്റിറ്റി വ്യക്തമാക്കുകയും പേരും ജനത്തീയതിയും പറഞ്ഞതൊഴിച്ചാൽ അവർ ഏറെയൊന്നും സംസാരിച്ചില്ല. ഇതിലെ പ്രതികളായ രണ്ട് പുരുഷന്മാരും തെക്കൻ ലണ്ടനിലെ ബെൽമാർഷ് ഹൈ സെക്യുരിറ്റി ജയിലിലാണ് തടവിൽ കഴിയുന്നത്. ബാത്തോൾ സറേയിലെ ബ്രോൺസ്ഫീൽഡ് ജയിലിലും.
സാറയുടെ യഥാർത്ഥ മരണ കാരണം കണ്ടെത്തുന്നതിനുള്ള പോസ്റ്റ് മോർട്ടം റിപ്പോർട്ട് പരിശോധന ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു എന്നാണ് പ്രോസിക്യുട്ടർ ഗിൽസ് ബെഡ്ലോയ് കോടതിയിൽ പറഞ്ഞത്. തുടർന്ന് 2024 സെപ്റ്റംബർ 2 മുതൽ വിചാരണ ആരംഭിക്കുമെന്ന് കോടതി വ്യക്തമാക്കി. സാറയുടെ മൃതദേഹം, വോക്കിംഗിലെ വീടിനുള്ളിൽ കണ്ടെത്തിയതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് സ്വദേശമായ പാക്കിസ്ഥാനിലേക്ക് കടന്ന പ്രതികളെ കഴിഞ്ഞയാഴ്‌ച്ച പാക്കിസ്ഥാനിൽ നിന്നും മടങ്ങിയെത്തുമ്പോൾ ഗാറ്റ്‌വിക് വിമാനത്താവളത്തിൽ വച്ചായിരുന്നു അറസ്റ്റ് ചെയ്തത്.
കുഞ്ഞിന്റെ കൊലപാതകത്തിനും, മരണകാരണമാവുകയോ അല്ലെങ്കിൽ മരണപ്പെടാൻ അനുവദിക്കുകയോ ചെയ്തു എന്ന കുറ്റത്തിനുമാണ് ഇവർക്ക്മേൽ കേസ് ചാർജ്ജ് ചെയ്തിരിക്കുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 10 ന് ആയിരുന്നു സാറയുടെ മൃതദേഹം അവർ താമസിച്ചിരുന്ന വീടിനുള്ളിൽ നിന്നും കണ്ടെത്തിയത്. അതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് സാറയുടെ പിതാവും കാമുകിയും സഹോദരനും മറ്റ് അഞ്ച് കുട്ടികളുമായി പാക്കിസ്ഥാനിലേക്ക് കടന്നിരുന്നു. ഇവർ പാക്കിസ്ഥാനിലേക്ക് എത്തിയശേഷം പൊലീസിനെ വിളിച്ച് കൊലപാതക വിവരം അറിയിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഇപ്പോൾ സോമർസെറ്റിൽ താമസിക്കുന്ന, സാറയുടെ അമ്മ ഓൾഗ ഷെരീഫിന്റെയും മറ്റൊരു കുടുംബാംഗത്തിന്റെയും ഡി എൻ എ സാമ്പിൾ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് സാറയുടെ ഐഡന്റിറ്റി സ്ഥിരീകരിച്ചത്. മൃതദേഹം കണ്ടെത്തുമ്പോൾ ശരീരമാസകലം ആഴത്തിലുള്ള, ഒന്നിലേറെ മുറിവുകൾ ഉണ്ടായിരുന്നു. ഈ മുറിവുകളാണ് മരണ കാരണം എന്ന് തെളിഞ്ഞെങ്കിലും, മുറിവുകൾ ഉണ്ടായത് എങ്ങനെയെന്ന് തെളിഞ്ഞിട്ടില്ല.




