- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
നിരന്തരം പ്രണയാഭ്യര്‍ഥന; ബന്ധുവീട്ടിലേക്ക് മാറിയിട്ടും ശല്യം തുടര്‍ന്നു; തനിക്കൊപ്പം ഇറങ്ങിവരണമെന്ന് നിര്‍ബന്ധിച്ചു; പിന്നാലെ ആക്രമണം; 17-കാരിയെ പെട്രോളൊഴിച്ച് കത്തിച്ചു കൊന്ന പ്രതിയ്ക്ക് ജീവപര്യന്തം കഠിനതടവ്
17-കാരിയെ പെട്രോളൊഴിച്ച് കത്തിച്ചു കൊന്ന പ്രതിയ്ക്ക് ജീവപര്യന്തം കഠിനതടവ്
പത്തനംതിട്ട: കടമ്മനിട്ടയില്‍ പതിനേഴുകാരിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ ആണ്‍സുഹൃത്തായിരുന്ന പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. രണ്ട് ലക്ഷം രൂപ പിഴയൊടുക്കാനും വിധിച്ചു. പണം കൊല്ലപ്പെട്ട ശാരികയുടെ മാതാപിതാക്കള്‍ക്ക് നല്‍കണമെന്നാണ് കോടതി വിധി. പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.
കൂടെ ഇറങ്ങി ചെല്ലാന്‍ വിസമ്മതിച്ചതിനാണ് കടമ്മനിട്ട സ്വദേശി ശാരികയെ അയല്‍വാസി സജില്‍ കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ മരണമൊഴിയും സംഭവത്തിനിടെ പ്രതിക്ക് പൊള്ളലേറ്റതും കേസില്‍ പ്രധാന തെളിവായി കോടതി പരിഗണിച്ചെന്ന് പറഞ്ഞ പ്രോസിക്യൂട്ടര്‍ ഹരിശങ്കര്‍ പ്രസാദ്, പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി കിട്ടിയെന്നും പ്രതികരിച്ചു.
2017 ജൂലൈ 14ന് വൈകിട്ടാണ് ശാരിയെ ആണ്‍സുഹൃത്ത് ആക്രമിച്ചത്. അയല്‍വാസി കൂടിയായ സജിലിന്റെ ശല്യം സഹിക്കാനാവാതെ ബന്ധുവീട്ടിലേക്ക് പെണ്‍കുട്ടി താമസം മാറിയിരുന്നു. ഇവിടെ വച്ചാണ് സജില്‍ ശാരികയെ പെട്രോളൊഴിച്ച് തീകൊളുത്തിയത്. തന്റെ ഒപ്പം ഇറങ്ങിവരണമെന്ന നിര്‍ബന്ധത്തിന് വഴങ്ങാതെ വന്നതാണ് ആക്രമണത്തിന് കാരണം.
ശാരികയോട് പ്രതി നിരന്തരം പ്രണയാഭ്യര്‍ഥന നടത്തിയിരുന്നുവെന്നാണ് വിവരം. ഇയാളുടെ ശല്യം സഹിക്കാനാകാതെ വന്നപ്പോഴാണ് ശാരിക ബന്ധുവീട്ടിലേക്ക് മാറിയത്. 2017 ജൂലൈ 14ന് പ്രതി അവിടെയെത്തി തനിക്കൊപ്പം ഇറങ്ങിവരണമെന്ന് നിര്‍ബന്ധിച്ചു. ഇതിന് വഴങ്ങാതെ വന്നപ്പോഴായിരുന്നു ആക്രമണം. കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ശാരികയുടെ ശരീരത്തില്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ശാരികയുടെ മുത്തച്ഛന്‍ സംഭവത്തിന് സാക്ഷിയായിരുന്നു. എന്നാല്‍ കേസിലെ വിചാരണ തുടങ്ങും മുന്‍പ് അദ്ദേഹം മരിച്ചു.
ഗുരുതരമായി പരിക്കേറ്റ ശാരികയെ ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമെത്തിച്ചു. വിദഗ്ധ ചികിത്സക്കായി പിന്നീട് ഹെലികോപ്റ്റര്‍ മാര്‍ഗം കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി.
കോയമ്പത്തൂരില്‍ ചികിത്സയിലിരിക്കെ ജൂലൈ 22 നാണ് ശാരിക മരിച്ചത്. മരണമൊഴിയും പ്രതിക്ക് ശരീരത്തിലേറ്റ പൊള്ളലും പ്രധാന തെളിവായി പ്രോസിക്യൂഷന്‍ കോടതിയില്‍ അവതരിപ്പിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. കേസില്‍ പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിചാരണക്ക് ശേഷം ശിക്ഷ വിധിച്ചത്.