തിരുവനന്തപുരം: സോളാർ കേസ് പ്രതി സരിത എസ് നായരെ വധിക്കാൻ ഭക്ഷണത്തിൽ സ്ലോ പോയ്‌സൺ കലർത്തിയെന്ന കേസിൽ സരിതയുടെ മുൻ ഡ്രൈവറുടെ വിളവൂർക്കലിലെ വീടും പരിസരവും കോടതിയുടെ സെർച്ച് വാറണ്ടുത്തരവ് പ്രകാരം പരിശോധിച്ച ക്രൈംബ്രാഞ്ച് തുടർ നടപടികൾക്ക്. സരിതയുടെ മുൻ ഡ്രൈവർ വിനു കുമാർ 2014 മുതൽ ഭക്ഷണത്തിൽ രാസ പദാർത്ഥം കലർത്തിയെന്നാണ് സരിതയുടെ കേസ്. ഭക്ഷണത്തിൽ രാസപദാർത്ഥം നൽകി കൊലപ്പെടുത്താൻ ശ്രമം നടന്നുവെന്നാണ് സരിതയുടെ പരാതിയിൽ ക്രൈം ബ്രാഞ്ച് കേസെടുത്ത് എഫ് ഐ ആർ തിരുവനന്തപുരം സിജെഎം കോടതിയിൽ കഴിഞ്ഞ ദിവസം ഹാജരാക്കിയിരുന്നു.

വധശ്രമക്കേസ് എടുത്തതിനെ തുടർന്ന് ഒളിവിൽ കഴിയുന്ന വിനുകുമാർ ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യ ഹർജി ഫയൽ ചെയ്യും. താൻ നിരപരാധിയാണെന്നും കേസിനാസ്പദമായ യാതൊരു കുറ്റവും ചെയ്തിട്ടില്ല. സരിതയുടെ ഡ്രൈവർ കം ബോഡീ ഗാർഡായിരുന്ന തനിക്ക് സരിതയുടെ എല്ലാ രഹസ്യങ്ങളുമറിയാവുന്നതാണ്. താൻ ഇടക്ക് സരിതയുമായി അഭിപ്രായ വ്യത്യാസമുണ്ടായി തെറ്റിപ്പിരിഞ്ഞതിൽ വച്ചുള്ള വൈരാഗ്യത്താൽ താൻ രഹസ്യങ്ങൾ പുറത്ത് വിടുമെന്ന് മുൻകൂട്ടി കണ്ട് തനിക്കെതിരെ കള്ളക്കേസ് എടുപ്പിച്ചതെന്നാണ് മുൻകൂർ ജാമ്യഹർജിയിലെ ആരോപണം. സെർച്ച് നടത്തിയപ്പോൾ തന്റെ ഭാര്യയും മക്കളും മാത്രമാണുണ്ടായിരുന്നതെന്നും യാതൊന്നും ക്രൈംബ്രാഞ്ചിന് കണ്ടെത്താനായില്ലെന്നും ജാമ്യഹർജിയിലുണ്ട്.

രാസപദാർത്ഥം , വിഷപദാർത്ഥം , അവയുടെ ഉറവിടം , മിശ്രിതം കലക്കാൻ ഉപയോഗിച്ച പാത്രങ്ങൾ എന്നിവ പ്രതിയുടെ വീട്ടിൽ ഒതുക്കം ചെയ്തിട്ടുണ്ടെങ്കിൽ കണ്ടെത്താനായാണ് പരിശോധന നടത്തിയത്. ആയവ ഹാജരാക്കാൻ ആവശ്യപ്പെട്ട് ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 91 പ്രകാരം സമൻസോ നോട്ടീസോ നൽകിയാൽ ആ വ്യക്തി അവ ഹാജരാക്കില്ലെന്ന് വിശ്വസിക്കാൻ കാരണമുണ്ടെന്നും അതിനാലാണ് വാറണ്ട് നൽകുന്നതെന്നും വാറണ്ടുത്തരവിൽ കോടതി നിരീക്ഷിച്ചിരുന്നു.

തന്നെ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമം നടന്നിരുന്നതായി സരിത പൊലീസിൽ പരാതി നൽകിയിരുന്നു. ശരീരത്തിൽ വിഷാംശം കലർന്നിട്ടുണ്ടെന്നും അത് ഞരമ്പുകളേയും അവയവങ്ങളേയും ബാധിച്ചുവെന്നും കാണിച്ചായിരുന്നു സരിതയുടെ പരാതി. ഗുരുതര രോഗം പിടിപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയതായും സരിതയുടെ മൊഴിയിൽ പറയുന്നു.

തനിക്ക് നേരെ വധശ്രമം ഉണ്ടായെന്ന് 2021 ലാണ് സരിത വെളിപ്പെടുത്തിയത്. നാഡീ ഞരമ്പുകളുടെ പ്രവർത്തനത്തെയാണ് വിഷം ബാധിച്ചത്. ക്രമേണ വിഷം ശരീരത്തെ ബാധിക്കുന്ന രീതിയിലാണ് നൽകിയിരിക്കുന്നതെന്നും സരിത ആരോപിച്ചിരുന്നു. കീമോതെറാപ്പി ഉൾപ്പടെയുള്ള ചികിത്സകൾ എടുക്കുന്നുണ്ടെന്നും രോഗം പൂർണ്ണമായും ഭേദമായ ശേഷം വിഷം നൽകിയത് ആരെന്ന് വെളിപ്പെടുത്തുമെന്നുമായിരുന്നു സരിത അന്ന് പറഞ്ഞത്.

സ്ലോ പോയ്‌സണിങ് എന്ന രീതിയാണ് ഉപയോഗിച്ചത്. കുറഞ്ഞ അളവിലായി രാസവിഷം ശരീരത്തിൽ എത്തിയതിന്റെ തെളിവുകളും ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. സരിതയുടെ രക്തപരിശോധനയിൽ അമിത അളവിൽ രാസവസ്തുക്കളുടെ സാന്നിധ്യം ഉണ്ട്. ആന്തരിക അവയവങ്ങളെ പ്രവർത്തനരഹിതമാക്കുന്ന ആഴ്സനിക്ക്, മെർക്കുറി, ലെഡ് എന്നീ മാരക രാസവസ്തുക്കളാണ് മെഡിക്കൽ പരിശോധനയിൽ കണ്ടെത്തിയതെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.

സരിതയുടെ മൊഴി പ്രകാരം 2018 മുതൽ താൻ ന്യൂറോളജിക്കൽ പ്രശ്‌നങ്ങളുമായി ചികിത്സ തേടിയിരുന്നു. പിന്നീടത് ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളായി മാറി. കീമോ തെറാപ്പി ചെയ്തിട്ടും ശരിയായില്ല. ഞാൻ ഇപ്പോൾ ഇമ്മ്യൂണോ തെറാപ്പിയിലൂടെ കടന്നുപോകുകയാണ്. കാലുകളുടെ ചലന ശേഷിയൊക്കെ നഷ്ടപ്പെടുന്ന സാഹചര്യമാണ് ഉള്ളത്. ചില നാഡികളൊന്നും പ്രവർത്തിക്കുന്നില്ല. സോളാർ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം രൂപീകരിച്ച എസ് ഐ ടിക്ക് സ്ഥിരമായി മൊഴി കൊടുക്കുന്നതിനായി തിരുവനന്തപുരത്ത് ഒരു മാസത്തോളം താൻ ഉണ്ടായിരുന്നു. ആ കാലഘട്ടത്തിലാണ് തനിക്ക് അസുഖം വന്ന് തുടങ്ങിയത്'.

കൂടെയുണ്ടായിരുന്നവരെ താൻ ആദ്യം സംശയിച്ചിരുന്നില്ല. എന്നാൽ തന്റെ കൂടെ ഉള്ളവർ തന്നെയാണ് തന്നെ കൊല്ലാൻ ശ്രമിച്ചതെന്ന് 2021 നവംബറിൽ തന്നെ മനസിലാക്കി. അതിന് പിന്നാലെ ജനവരി 3 ന് നേരിട്ട് മനസിലാക്കാനുള്ള അവസരവും ഉണ്ടായി. പല ആരോഗ്യ പ്രശ്‌നങ്ങളും കൊണ്ടാണ് താൻ മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കുമെല്ലാം മുൻപിൽ വന്നിരുന്നത്. തുറന്ന് പറയാനുള്ള അവസ്ഥ ആയിരുന്നില്ല. ആരാണ് യഥാർത്ഥ ശത്രു എന്ന് വ്യക്തമായി മനസിലാകുന്നുണ്ടായിരുന്നില്ല. ജനുവരിയിൽ വിനു അത് കലർത്തുന്നതായി ഞാൻ നേരിട്ട് കണ്ടതാണെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ ഹാജരാക്കിയ മൊഴിയിൽ പറയുന്നു.