- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയനാട്ടിൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കർഷകനെ മുതല ആക്രമിച്ചതിന്റെ അടയാളങ്ങളില്ല; ദുരൂഹതയുണർത്തി അജ്ഞാതജീവിയുടെ കാൽപ്പാടും വലിച്ചിഴച്ച പാടും; മൃതദേഹം കണ്ടെത്തിയത് കാണാതായ സ്ഥലത്തു നിന്നു നാല് കിലോമീറ്റർ അകലെ; അന്വേഷണം ഊർജ്ജിതമാക്കാൻ പൊലീസ്
മീനങ്ങാടി: ദുരൂഹ സാഹചര്യത്തിൽ പുഴയിൽ കാണാതായ കർഷകന്റെ മൃതദേഹം കണ്ടെത്തിയെങ്കിലും ദുരൂഹതകൾ നീങ്ങുന്നില്ല. ചീരാംകുന്ന് മുരണി കുണ്ടുവയലിൽ കീഴാനിക്കൽ സുരേന്ദ്രന്റെ (55) മൃതദേഹമാണ് കാണാതായ സ്ഥലത്തുനിന്ന് നാലു കിലോമീറ്റർ അകലെ നിന്ന് കണ്ടെത്തിയത്. എന്തോ വലിച്ചിഴച്ചു കൊണ്ടുപോയെന്നാണ് സുരേന്ദ്രന്റെ ഭാര്യ ഷൈല പറഞ്ഞത്. ഇതോടെ മുതലയാണോ എന്ന സംശയം പലയിടങ്ങളിൽ നിന്നും ഉയർന്നിരുന്നു. എന്നാൽ, മൃതദേഹം കണ്ടെടുത്തതോടെ ഈ സംശയം നീങ്ങിയിട്ടുണ്ട്.
മുതല പിടിച്ചതാണെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും മൃതശരീരത്തിൽ മുതലയുൾപ്പെടെ ഒരു ജീവിയും ആക്രമിച്ചതിന്റെ അടയാളങ്ങളൊന്നുമില്ല. അതുകൊണ്ട് സംഭവത്തിൽ എ്ന്താണ് സംഭവിച്ചത് എന്നതിൽ ദുരൂഹത തുടരുകയാണ്. ബുധനാഴ്ച ഉച്ചയ്ക്കാണ് വീടിനുസമീപത്തെ പുഴയിൽ ഇദ്ദേഹത്തെ കാണാതായത്. വ്യാഴാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് മൃതദേഹം കണ്ടെടുത്തത്. പുല്ലരിയാൻപോയ ഭാഗത്തായി വലിച്ചിഴച്ചപോലുള്ള പാടുകളും അജ്ഞാതജീവിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകളും ദുരൂഹമായി അവശേഷിക്കുകയാണ്.
പുല്ലരിയാൻപോയ സുരേന്ദ്രനെ കാണാതായതിനെത്തുടർന്ന് ബുധനാഴ്ച വൈകീട്ട് ആറരവരെ തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. വ്യാഴാഴ്ച രാവിലെമുതൽ എൻ.ഡി.ആർ.എഫ്., തുർക്കി ജീവൻരക്ഷാസമിതി, അഗ്നിരക്ഷാസേന, പൾസ് എമർജൻസി ടീമംഗങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ തിരച്ചിലാരംഭിച്ചിരുന്നു.
ചീരാംകുന്ന് ഗാന്ധിനഗറിനു സമീപത്തെ ചെക്ക്ഡാമിനടുത്തുനിന്ന് തുർക്കി ജീവൻരക്ഷാസമിതി അംഗങ്ങളാണ് മൃതദേഹം കണ്ടെടുത്തത്. ഗാന്ധിനഗറിൽനിന്ന് മലക്കാട് അമ്പലത്തിനടുത്തേക്ക് പോകാൻ താത്കാലികമായി നിർമ്മിച്ച പാലത്തിനടുത്തായിരുന്നു മൃതദേഹം. പാലം തകർന്നുകിടക്കുന്നതിനടുത്ത് ആഴക്കൂടുതലുള്ള ഭാഗത്തായിരുന്നു വെള്ളത്തിനടിയിൽ മൃതദേഹം കിടന്നിരുന്നത്.
വീടിനുസമീപത്തുനിന്നും 100 മീറ്റർ മാറി സുരേന്ദ്രന്റേതെന്നു കരുതുന്ന വസ്ത്രങ്ങൾ ബുധനാഴ്ച തിരച്ചിലിനിടെ കണ്ടെടുത്തിരുന്നു. എന്നാൽ, ഈ വസ്ത്രങ്ങൾ അഴിച്ചുവെച്ചതിനു ശേഷമാണ് ഭർത്താവ് പുല്ലരിയാൻ പോയതെന്ന് ഭാര്യ ഷൈലജ പറഞ്ഞു. അജ്ഞാതജീവി വലിച്ചിഴച്ചതെന്നു പറഞ്ഞ ഭാഗവും സമീപത്തുനിന്ന് കഴുത്തുഭാഗം കീറിയ ഷർട്ട് കണ്ടെത്തിയതും അജ്ഞാതജീവി മുതലയാവാം എന്ന സംശയം ബലപ്പെടുത്തിയിരുന്നു.
ഇതേത്തുടർന്ന് പൊലീസിന്റെ സയന്റിഫിക് വിഭാഗവും സ്ഥലത്ത് പരിശോധനനടത്തിയിരുന്നു. ധരിച്ചിരുന്ന ഷർട്ടും അടിവസ്ത്രവും ശരീരത്തിൽതന്നെ ഉണ്ടായിരുന്നു. ജില്ലാ പൊലീസ് മേധാവി പദം സിങ്, ഡിവൈ.എസ്പി. അബ്ദുൾ ഷെരീഫ്, തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. മീനങ്ങാടി പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട്ടേക്ക് കൊണ്ടുപോയി. പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ കൂടി പരിശോധിച്ചാൽ മാത്രമേ കേസിൽ തുടർന്നും തുമ്പുണ്ടാക്കാൻ സാധിക്കുകയുള്ളൂ.
മറുനാടന് മലയാളി ബ്യൂറോ