തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണം ഏറെ തളർത്തിയവരിൽ ഒരാളാണ് ശശികുമാർ. ബാലഭാസ്‌കറിന്റെ മരണത്തിൽ ശശികുമാറും മൗനം വെടിഞ്ഞിരുന്നു. മറുനാടനോടായിരുന്നു ആരേയും ഒന്നും ജീവിതത്തിൽ പറയാത്ത ശശികുമാർ ചില സത്യകൾ വെളിപ്പെടുത്തിയത്. ബാലഭാസ്‌കറിന്റെ മരണത്തിൽ ചില ദുരൂഹതകളുണ്ടെന്ന് ആദ്യം വാർത്തയാക്കിയത് മറുനാടനായിരുന്നു. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ ആക്രമണം മറുനാടനെതിരെ ചില സൈബർ കേന്ദ്രങ്ങൾ നടത്തി. പിന്നാലെയാണ് സ്വർണ്ണകടത്ത് ചർച്ചയായത്. ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹതകൾ വെളിച്ചത്തു കൊണ്ടു വന്നപ്പോൾ ഏറ്റവും പ്രകോപിതനായത് ഒരു മെന്റലിസ്റ്റായിരുന്നു. എന്നാൽ സ്വർണ്ണ കടത്ത് പുറത്തു വന്ന ശേഷം ഈ മെന്റലിസ്റ്റിന്റെ പൊടിപോലും ഇല്ലാതെയായി.

സ്വർണ്ണ കടത്തോടെ ബാലഭാസ്‌കറിന്റെ മരണവും ചർച്ചകളിൽ എത്തി. ഈ സമയമാണ് സംഗീത കുലപതിയായിരുന്ന ശശികുമാർ ചിലത് മറുനാടനോട് പറഞ്ഞത്. സ്വർണക്കടത്ത് കേസിൽ പ്രതികളായ പ്രകാശ് തമ്പിയും വിഷ്ണുവും പ്രശ്‌നക്കാരാണെന്ന് ബാലഭാസ്‌കറിനോട് പറഞ്ഞിരുന്നതായി ശശികുമാർ വെളിപ്പെടുത്തിയത് നാലു കൊല്ലം മുമ്പാണ്. സ്വർണ്ണക്കടത്ത് മാഫിയയ്ക്ക് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധമുണ്ടെന്ന സൂചനയാണ് അമ്മാവൻ ശശികുമാറും അന്ന് ചർച്ചയാക്കിയത്. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് അന്ന് ശശികുമാർ മറുനാടനോട് പങ്കുവച്ചത്. ഇതോടെയാണ് സംഗീത ലോകത്തെ സ്വർണ്ണ കടത്തു പോലും ചർച്ചകളിൽ എത്തിയത്.

വലിയ ശിഷ്യസമ്പത്തിനുടമയാണ് ശശികുമാർ. ഗായകരായ ജി. വേണുഗോപാൽ, കാവാലം ശ്രീകുമാർ, കല്ലറ ഗോപൻ, വിധു പ്രതാപ്, വയലിൻ വിദഗ്ധൻ ആറ്റുകാൽ ബാല സുബ്രമണ്യം, ഡോ. രാജ്കുമാർ (ഫ്ളൂട്ട്) തുടങ്ങിയവർ അവരിൽ ചിലരാണ്. വാദ്യതരംഗം എന്ന പേരിൽ കമ്പി, - സുഷിര വാദ്യങ്ങളുടെ ഒരു കർണാടക സിംഫണിയും അദ്ദേഹം അവതരിപ്പിക്കാറുണ്ട്. ഭക്തിഗീതങ്ങളുൾപ്പെടെ നിരവധി കാസറ്റുകളും സി.ഡി.കളും പുറത്തിറക്കിയിട്ടുണ്ട്. ചന്ദ്രപോതർ എന്ന പേരിൽ, മലയാളം, തമിഴ്, സംസ്‌കൃതം ഭാഷകളിൽ നൂറിലധികം കീർത്തനങ്ങൾ രചിച്ചിട്ടുണ്ട്. ചതുരംഗം എന്ന പേരിൽ പുതിയ താളങ്ങളും അവതരിപ്പിച്ചു. അങ്ങനെ ഏറെ അംഗീകരിക്കപ്പെട്ട സംഗീതജ്ഞനായ ശശികുമാറും ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹത കാണുമ്പോൾ സംഗീത ലോകവും അമ്പരപ്പിലായി. ബാലഭാസ്‌കറിന്റെ മരണം കൊലപാതകമാണെന്ന് അച്ഛൻ ഉണ്ണി നേരത്തെ ആരോപിച്ചിരുന്നു.

ബാലഭാസ്‌കർ അന്വേഷണത്തിന് സിബിഐ വീണ്ടും എത്തുമ്പോൾ സത്യം തെളിയുമെന്ന വിശ്വാസത്തിലായിരുന്നു ശശികുമാർ. തന്റെ മൊഴി എടുക്കാൻ രണ്ടു ദിവസം മുമ്പ് വർണ്ണത്തിലെത്തിയ സിബിഐ ഉദ്യോഗസ്ഥരോട് അദ്ദേഹം എല്ലാം തുറന്നു പറഞ്ഞു. തന്റെ അനന്തിരവന്റേത് അസ്വാഭാവിക മരണമാണെന്ന് സിബിഐയോട് കാര്യ കാരണങ്ങൾ സഹിതം ബോധ്യപ്പെടുത്തിയാണ് ശശികുമാറിന്റെ മരണം. ബാലഭാസ്‌കറുമൊത്ത് പാലക്കാട്ടേക്ക് മുമ്പ് ശശികുമാർ യാത്ര ചെയ്തിരുന്നു. ആ കച്ചേരി ദിവസം മനസ്സിലേക്ക് കടന്നു കൂടിയ ആശങ്കകളും സിബിഐയെ ശശികുമാർ അറിയിച്ചെന്നാണ് സൂചന.

ശശികുമാർ മുമ്പ് മറുനാടനോട് പറഞ്ഞത്

അപകടം നടക്കുമ്പോൾ കാറിനകത്ത് സ്വർണം ഉണ്ടായിരുന്നതായും ശശി കുമാർ പറഞ്ഞികുന്നു. ബാലഭാസ്‌കറിന്റെ മാനേജർമാരായ വിഷ്ണുവിനെയും പ്രകാശ് തമ്പിയെയും സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് നൽകിയിരുന്നതായാണ് അമ്മാവൻ ബി ശശികുമാറിന്റെ വെളിപ്പെടുത്തൽ. ഇവർ പ്രശ്‌നക്കാരാണെന്ന് പറഞ്ഞിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ബാലുവിന്റെ അവസാന യാത്രയിൽ എന്തൊക്കയോ ഇടപാടുകൾ നടന്നിട്ടുണ്ട്. അപകടം സംഭവിക്കുമ്പോൾ കാറിനകത്ത് സ്വർണം ഉണ്ടായിരുന്നതായും ശശികുമാർ പറയുന്നു. ഈ സംശയമാണ് ബാലഭാസ്‌കറിന്റെ മരണത്തിലെ ദൂരൂഹതകളിൽ ഏറെ ചർച്ചയായത്.

പ്രിയയുടെ സംശയങ്ങൾക്ക് ബലമേറിയ അമ്മാവൻ

ബാലഭാസ്‌കറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ തുടരുന്നതിനിടെ സംഭവത്തിൽ കൂടുതൽ സംശയങ്ങൾ ഉന്നയിച്ച് ബന്ധു പ്രിയാ വേണുഗോപാൽ രംഗത്തെത്തിയിരുന്നു. ബാലഭാസ്‌കറിന് അപകടം നടന്നപ്പോൾ മുതൽ ഞങ്ങൾ സാക്ഷിയാകേണ്ടി വന്ന അനേകം നാടകങ്ങൾക്ക് ഇപ്പോൾ വന്ന ഈ സ്വർണക്കള്ളക്കടത്ത് കേസുമായി ബന്ധമുണ്ടോ എന്ന് ഞങ്ങളിന്ന് സംശയിക്കുന്നുവെന്നായിരുന്നു നാലു കൊല്ലം മുമ്പത്തെ പോസ്റ്റ്. ആദ്യദിവസം മുതൽ ഞങ്ങൾ സംശയിച്ചിരുന്ന ആളുകൾ തന്നെ ഈ കേസിൽ അപ്രതീക്ഷിതമായി പ്രതിസ്ഥാനത്ത് വരുമ്പോൾ ഇതെല്ലാം തമ്മിൽ ബന്ധമില്ല എന്ന് വിശ്വസിക്കാൻ ഞങ്ങൾക്കാവുന്നില്ല. ബാലുവിന് സാമ്പത്തികകാര്യങ്ങൾ വല്ലാത്ത ടെൻഷനും ആയിരുന്നു എന്നു മാത്രം ഞങ്ങൾക്കറിയാം. അതിനാലാണ് അതെല്ലാം നോക്കിനടത്താൻ 'ഇത്രയും വിശ്വസ്തരെ' കൂടെക്കൂട്ടിയതും. സത്യം എന്തായാലും അത് പുറത്തു വരട്ടെയെന്നും അവർ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ശശികുമാറും പ്രതികരണവുമായി എത്തിയത്. ഇതോടെ ആരോപണം പുതിയ തലത്തിലെത്തി.

ആ യാത്ര മകൾക്കു വേണ്ടിയുള്ള വഴിപാടിനെന്ന പേരിൽ ആക്കി തീർത്തതും, ലക്ഷ്മിക്ക് മാസമുറ ആയിരുന്നതിനാൽ ക്ഷേത്രത്തിൽ പോകാൻ പോലും കഴിഞ്ഞിരുന്നില്ല എന്നത് പറയാത്തതും, ഹോട്ടലിൽ എടുത്ത റൂം ഒഴിഞ്ഞു രാത്രി തന്നെ തിരിക്കണം എന്ന് തീരുമാനിച്ചതും ആര്? . ലക്ഷ്മിയുടെ ബാഗിൽ അന്ന് ഉണ്ടായിരുന്ന കുറെയധികം പണവും സ്വർണാഭരണങ്ങളും ആരുടേത്, എവിടെ നിന്ന്? സ്വന്തമെങ്കിൽ ഒരു ദിവസത്തെ യാത്രക്ക് ഇത്രയധികം എന്തിനു കൊണ്ട് പോയി? ഈ സ്വർണത്തിനു ഇപ്പോഴത്തെ ഈ കള്ളക്കടത്തു കേസുമായി എന്തെങ്കിലും ബന്ധമുണ്ടോ? ബാലു പരിപാടികൾക്ക് വിദേശങ്ങളിൽ പോകുമ്പോൾ പ്രത്യേകിച്ചും, ലക്ഷ്മി പലതവണ വിഷ്ണുവിനോടൊപ്പവും ലതയോടൊപ്പവും, തിരുവനന്തപുരത്തു നിന്ന് യാത്രകൾ നടത്തിയിരുന്നതുമായി ഇതിനു എന്തെങ്കിലും ബന്ധമുണ്ടോ?-എന്നീ ചോദ്യങ്ങളാണ് പ്രിയ പ്രധാനമായും ഉയർത്തിയത്.

ബാലുവിന്റെ ലക്ഷങ്ങൾ വിലയുള്ള വയലിനുകൾ ബാലുവിന്റെ അമ്മയോടോ ഗുരുവിനോടോ പോലും ചോദിക്കാതെ വിൽക്കാൻ തീരുമാനിച്ചതാര്? 16 വിഷ്ണുവിനെയും തമ്പിയെയും ചുരുക്കം ചില പ്രോഗ്രാമുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള പരിചയം മാത്രം, അടുപ്പമില്ല എന്ന മട്ടിൽ ലക്ഷ്മി ഫേസ്‌ബുക് പോസ്റ്റ് ഇട്ടെങ്കിലും, ബാലുവിന്റെ ബെൻസ് കാർ, ഫോൺ, എടിഎം കാർഡുകൾ ഇവയെലാം ആക്സിഡന്റ് നടന്നപ്പോൾ മുതൽ കൈവശം വച്ചിരുന്നത് ലക്ഷ്മിയുടെ അനുമതിയോടെ തമ്പിയല്ലേ? ആശുപത്രി റിവ്യൂസിനു ലക്ഷ്മിയെ കൊണ്ടുപോയിരുന്നതും എല്ലാം വാങ്ങിക്കൊടുത്തിരുന്നതും വിഷ്ണുവല്ലേ? എന്നും പ്രിയ ചോദിച്ചിരുന്നു. ഇതെല്ലാം ശരിവയ്ക്കും വിധമായിരുന്നു ശശികുമാറിന്റേയും ആരോപണം.

എല്ലാ ഡോക്ടർമാരോടും അപേക്ഷിച്ചിട്ടു ഒടുവിൽ പൂർണ നിയന്ത്രണം വരുത്തിയ അന്ന് മറ്റേതോ വഴിയിലൂടെ ബാലുവിനെ ഒടുവിൽ കണ്ടത് ആര്? ആ വ്യക്തി എന്തെങ്കിലും അരുതാത്തത് പറഞ്ഞിട്ടാണോ അതുവരെ നോർമൽ ആയിരുന്ന ബാലുച്ചേട്ടന് പെട്ടെന്ന് ഹൃദയാഘാതമുണ്ടായത്? ബാലുവിന്റെ മരണം സംഭവിക്കുന്നതിന്റെ അന്ന് പകൽ അവിടെയുണ്ടായിരുന്ന ആ സ്ത്രീ (പാലക്കാട് പൂന്തോട്ടം - ലത)രാത്രിയോടെ സ്ഥലം വിട്ടത് എന്തിനു? ബാലുവിന്റെ മാനേജർമാരെ ഉൾപ്പടെ തന്റെ നിയന്ത്രണത്തിലാക്കിയ ആ സ്ത്രീയുടെ ഉദ്ദേശങ്ങൾ എന്തായിരുന്നു ?-എന്നീ ചോദ്യങ്ങളാണ് പ്രിയാ വേണുഗോപാൽ ചർച്ചയാക്കിയത്. ഇത് തന്നെയാണ് അഞ്ചു കൊല്ലം ശശികുമാറിന്റെ മനസ്സിനേയും ആകുലപ്പെടുത്തിയത്.