തിരുവല്ല: പൊടിയാടിയിലെ ഓട്ടോ ഡ്രൈവറുടെ കൊലപാതകത്തില്‍ ഇരുട്ടില്‍ തപ്പി പോലീസ്. കഴിഞ്ഞ മാസം പതിമൂന്നിന് ഉച്ചയോടെയാണ് പൊടിയാടി കൊച്ചുപുരയില്‍ വീട്ടില്‍ ശശികുമാറിനെ (47) വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് പ്രതിയെ പിടികൂടാന്‍ ആവാതെ പോലീസ് ഇരുട്ടില്‍ തപ്പുന്നത്. കഴുത്തിലേറ്റ മുറിവാണ് മരണകാരണമെന്ന് രണ്ടാഴ്ച മുമ്പ് പുറത്തു വന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.

തുടര്‍ന്ന് അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. തുടക്കത്തില്‍ അസ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മൃതദേഹം കാണപ്പെട്ട മുറിയിലെ തറയില്‍ ഉണ്ടായിരുന്ന രക്തക്കറ തുടച്ച് നീക്കിയിരുന്നതും പുതിയ വസ്ത്രങ്ങള്‍ ധരിപ്പിച്ച് കട്ടിലില്‍ കിടത്തിയതും അന്നേ കൊലപാതകം എന്ന സംശയത്തിന് ഇട നല്‍കിയിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കൂടി ലഭിച്ചതോടെയാണ് മരണം കൊലപാതകമെന്ന് ഉറപ്പിച്ചത്.

തൈറോയ്ഡ് ഗ്രന്ഥിക്ക് ഏറ്റ മുറിവാണ് മരണ കാരണം എന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് ബാഹ്യ ഇടപെടലുകള്‍ ഉണ്ടെന്ന് ഉറപ്പിക്കുന്നതു കൂടിയാണ്. തറയിലെ രക്തക്കറ കഴുകിക്കളഞ്ഞുവെന്നത് തെളിവു നശിപ്പിക്കലിലേയ്ക്കു കൂടി വിരല്‍ ചൂണ്ടുന്നു. കൊലപാതകം ഉറപ്പിച്ചതോടെ കൂടുതല്‍ വകുപ്പുകള്‍ കേസില്‍ ചേര്‍ത്തു. അവിവാഹിതനായ ശശികുമാര്‍ ജ്യേഷ്ഠ സഹോദരന്റെ കുടുംബത്തിനൊപ്പമാണ് താമസിച്ചുവന്നത്.

കുടുംബ കലഹത്തെ തുടര്‍ന്നുളള കൊലപാതകമെന്ന സാധ്യതയിലൂന്നിയാണ് കേസ് അന്വേഷണം. കുടുംബാംഗങ്ങളായ മുഴുവന്‍ പേരുടെയും മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷനുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം ബന്ധുക്കളും സുഹൃത്തുക്കളും അടക്കം അമ്പതിലധികം പേരെ ചോദ്യം ചെയ്തെങ്കില്‍ വ്യക്തമായ സൂചനകള്‍ ഒന്നുതന്നെ ലഭ്യമായിട്ടില്ല എന്ന് ഡിവൈഎസ്പി എസ് നന്ദകുമാര്‍ പറഞ്ഞു.

പുളിക്കീഴ് പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നിലവില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അന്വേഷിക്കുന്നു