- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊമ്പൻ മീശ കാണിച്ച് പറഞ്ഞത് സൈന്യത്തിലെ റിട്ട. കേണലെന്ന്; വിശ്വാസ്യത പിടിച്ചുപറ്റിയപ്പോൾ മകന് സ്വീഡനിൽ ജോബ് വിസ ശരിയാക്കാമെന്ന് വാഗ്ദാനം; വിശ്വസിച്ചു നൽകിയത് എട്ട് ലക്ഷം രൂപ; ഒടുവിൽ വിസയുമില്ല പണവുമില്ലെന്ന ദുരവസ്ഥയും; കോഴിക്കോട്ടെ വിസാ തട്ടിപ്പിൽ മൂന്ന് വർഷമായിട്ടും ഇരകൾക്ക് നീതിയില്ല
കോഴിക്കോട്: മലയാളികളോളം വിവേശജോലി മോഹമുള്ളവർ എങ്ങുമില്ല. എന്നാൽ, ഈ ആഗ്രഹത്തെ ചൂഷണം ചെയ്തു തട്ടിപ്പു നടത്തുന്ന വൻ സംഘം തന്നെ ഇവിടെയുണ്ട് താനും. സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ വിസയുടെ പേരിൽ തട്ടിപ്പിന് ഇരയായവർ ഏറെയുണ്ട്. ഇത്തരം വിസാ തട്ടിപ്പുകാരെ നിയമത്തിൽ പൂട്ടാൻ പലപ്പോഴും സാധിക്കാറുമില്ല. അത്തരക്കാർ വീണ്ടും തട്ടിപ്പുകൾ തുടരുകയാണ് പതിവ്. കോഴിക്കോട്ടു നിന്നും ഒരു വിസാ തട്ടിപ്പുകൂടി പുറത്തുവരുമ്പോൾ വ്യക്തമാകുന്നത് നിയമങ്ങളുടെ ലൂപ്‌ഹോളുകൾ വഴി തട്ടിപ്പുകാർ നാട്ടിൽ വിലസി നടക്കുന്നു എന്നാണ്.
കോഴിക്കോട് സ്വദേശിയായ ഒരു കുടുംബത്തിന് ഇത്തരത്തിൽ ഒരു തട്ടിപ്പ് വഴി പണം നഷ്ടപ്പെട്ടു. മകനെ സ്വീഡനിലേക്ക് കൊണ്ട് പോകാമെന്നു പറഞ്ഞ് 8 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് പരാതി. 2019 ൽ നടന്ന സംഭവത്തിൽ ഇവർ പൊലീസിൽ പരാതിപ്പെട്ടെങ്കിലും 3 വർഷമായിട്ടും യാതൊരു നീതിയും ലഭിച്ചിട്ടില്ല. പ്രതിസ്ഥാനത്തുള്ളവർ ഇപ്പോഴും മുങ്ങി നടക്കുകയാണ്. ഈ വിസാ തട്ടിപ്പിലെ പ്രധാന കണ്ണി ശിശുപാലൻ പണിക്കർ എന്നയാളാണ്. പട്ടാളത്തിൽ കേണറായി റിട്ടയർ ചെയ്ത ആളാണെന്ന് പറഞ്ഞു കൊണ്ടു വിശ്വാസ്യത പിടിച്ചുപറ്റിക്കൊണ്ടായിരുന്നു തട്ടിപ്പ്.
ഇയാളുടെ ഭാര്യയെയും മക്കളെയും ഉൾപ്പെടുത്തി വളരെ വിദഗ്ധമായാണ് ആളുകളെ ചതിക്കുഴിയിൽ വീഴ്‌ത്തിയതെന്നാണ് തട്ടിപ്പിന് ഇരയായ കുടുംബം മറുനാടനോട് പറഞ്ഞത്. ഇവരുടെ ബന്ധുവായ ഒരാൾ വഴിയാണ് അനൂപ് എന്ന ശിശുപാലന്റെ മകനെ കോഴിക്കോട് സ്വദേശിയായ പരാതിക്കാരൻ പരിചയപ്പെടുന്നത്. അനൂപ് വഴിയാണ് ശിശുപാലൻ ആളുകളെ തങ്ങളിലേക്കെത്തിക്കുന്നത്. സ്വീഡനിൽ ജോബ് വിസ വാഗ്ദാനം ചെയ്താണ് പണം കൈപ്പറ്റിയത്. ശിശുപാലന്റെ മൂത്തമകൻ വിഷ്ണു ശ്യാംലാൽ സ്വീഡനിൽ ഉണ്ടെന്നും ഇയാൾ അവിടെയൊരു റെസ്റ്റോറന്റ് നടത്തുകയാണെന്നും അവിടെ ജോലി ശരിയാക്കി നൽകാമെന്നു പറഞ്ഞായിരുന്നു പണം പറ്റിയത്.
തട്ടിപ്പിനിരയായ കോഴിക്കോട് സ്വദേശികളോട് പരാതി നൽകിയപ്പോൾ പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞത് സമാനമായ രീതിയിൽ ഇയാൾ പറ്റിച്ച മറ്റ് ആളുകളുണ്ടെങ്കിൽ അവരെ കണ്ടെത്തിയാൽ കേസിന് കുറച്ചുകൂടി ബലമുണ്ടാകുമെന്നാണ്. പൊലീസ് ചെയ്യേണ്ട ജോലി പരാതിക്കാരനെ കൊണ്ട് ചെയ്യിപ്പിക്കുകയായിരുന്നു ചെയ്തതെന്നും ഇവർ പരാതിപ്പെടുന്നു. പണം നഷ്ടപ്പെട്ടത് തങ്ങളുടെതായതുകൊണ്ടും ഇയാളെ കണ്ടെത്തേണ്ട ആവശ്യം ഇവരുടേതായതുകൊണ്ടും ഇവർ അന്വേഷണം നടത്തി. സമാനമായ രീതിയിൽ ഒരുപാട് പേർ പറ്റിക്കപ്പെട്ടിട്ടുണ്ടെന്ന സത്യം ഇവർ അപ്പോഴാണ് തിരിച്ചറിഞ്ഞത്.
ശിശുപാലൻ എറണാകുളം എരൂരിൽ തുടങ്ങിയ സെക്യൂരിറ്റി ഓഫീസിൽ ജോലിക്ക് നിയമിച്ച ഒരാളെയും പറ്റിച്ചിരുന്നതായും ഇവർ കണ്ടെത്തി. ഓഫിസിന്റെ മാനേജർ തസ്തികയിലേക്ക് എന്നു പറഞ്ഞാണ് കബളിപ്പിച്ചത്. ജോലിക്ക് കയറിയ സമയം 3 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി ഇയാൾ വാങ്ങിയിരുന്നു. തട്ടിപ്പ് മനസ്സിലാക്കി ഈ പണം തിരിച്ച് ചോദിച്ചപ്പോൾ ആദ്യം തരാൻ കൂട്ടാക്കിയില്ലെന്നും ഒരുപാട് ചോദിച്ച് ഇയാളെ ബുദ്ധിമുട്ടിച്ചപ്പോൾ അതിൽ ഒരു ലക്ഷം രൂപ തിരിച്ച് കിട്ടി. ബാക്കി ചോദിച്ച തന്നെ തന്റെ മകളെ പീഡിപ്പിക്കാൻ നോക്കിയെന്ന് പറഞ്ഞ് ശിശുപാലൻ പൊലീസ് സ്റ്റേഷനിൽ പറഞ്ഞ് ലോക്കപ്പിൽ ഇട്ടെന്നും തട്ടിപ്പിന് ഇരയായ ആൾ പറയുന്നു. സ്വന്തമായൊരു വീടുണ്ടായിരുന്ന ഇവർ ഇപ്പോൾ വാടകവീട്ടിലാണ് കഴിയുന്നത്.
അതേസമയം ഇവരെ ചതിയിലേക്ക് തള്ളിയിട്ട അനൂപ് എന്ന ശിശുപാലന്റെ മകൻ മറ്റ് കേസുകളിലും പ്രതിയാണ് ആ കേസുകളിലായി ഇയാൾക്കെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ശിശുപാലൻ ഇപ്പോഴും കേരളത്തിൽ തന്നെയുണ്ടെന്ന സംശയത്തിലാണ് കോഴിക്കോട്ടെ കുടുംബം. തങ്ങൾക്ക് ഉണ്ടായപോലെ ഒരു അവസ്ഥ മറ്റാർക്കും ഇനി ഉണ്ടാകാതിരിക്കാനാണ് ഇവർ മറുനാടനോട് ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്. ഈ വിഷയത്തിൽ ഇനിയെങ്കിലും പൊലീസ് വ്യക്തമായൊരു അന്വേഷണം നടത്തിയിലെങ്കിൽ ഇവരാൽ ഇനിയും ഒട്ടനവധി ആളുകൾ പറ്റിക്കപ്പെടുമെന്നും ഇവർ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ