- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സാത്താൻ സേവക്കാർ കുടുങ്ങുമോ?
തിരുവനന്തപുരം : അരുണാചൽപ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തിയ നവീനും ഭാര്യ ദേവിയും ചില അമാനുഷിക ചിന്തകളിലായിരുന്നുവെന്നു പിതാവ് പറഞ്ഞതായി അരുണാചൽ പൊലീസിന്റെ സ്ഥിരീകരണം. അരുണാചലിലെ ലോവർ സുബാൻസിരി എസ്‌പി കെനി ബഗ്രയാണ് ഇക്കാര്യം അറിയിച്ചത്. മുറിയിൽ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളില്ല. ബെഡ്ഷീറ്റ് പോലും മാറിക്കിടന്നിരുന്നില്ല. വാതിലിനടിയിൽ തുണി വച്ച് അടച്ചിരുന്നുവെന്നും എസ് പി പറഞ്ഞു. മുറിവേൽപിക്കാൻ ഉപയോഗിച്ച ബ്ലേഡ് കട്ടിലിൽ ഉണ്ടായിരുന്നു. പ്ലേറ്റിൽ കുറച്ചു മുടി മുറിച്ചുവച്ചിരുന്നു. ഇവർ ഈ സ്ഥലം തന്നെ തിരഞ്ഞെടുത്തതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ടെന്ന് എസ്‌പി പറഞ്ഞു.
മരിച്ച ദേവിയുടെ അച്ഛനുമായി അരുണാചൽ പൊലീസ് സംസാരിച്ചപ്പോൾ ഇവർ ദുർമന്ത്രവാദവുമായി ബന്ധപ്പെട്ട സംഘങ്ങളുമായി ചേർന്ന് പ്രവർത്തിച്ചിരുന്നതായും അത് വിലക്കിയിരുന്നതായും അറിയിച്ചതായി എസ്‌പി. കെനി ബാഗ്ര പറഞ്ഞു. അതീന്ദ്രിയശക്തിയെന്ന് വിശ്വസിക്കുന്ന സംഘങ്ങളുടെ ഇടപെടലുകളും മന്ത്രവാദസംശയവുമൊക്കെ അന്വേഷണപരിധിയിൽ വരും. ഇതോടെ ദേവിയുടെ വീട്ടുകാർക്ക് എല്ലാം അറിയാമെന്ന വ്യക്തമാകുകയാണ്. അതുകൊണ്ടു തന്നെ സാത്താൻ സേവക്കാരുടെ വിവരങ്ങൾ ഇവരിൽ നിന്നും കിട്ടുമെന്നാണ് പൊലീസ് കരുതുന്നത്.
ദേവിയുടെയും ആര്യയുടെയും കൈകളിലെയും കഴുത്തിലെയും മുറിവ് ആഴത്തിലുള്ളതായിരുന്നു. എന്നാൽ നവീന്റെ കൈത്തണ്ടയിലെ മുറിവിന് അത്രയും ആഴമില്ല. ആത്മഹത്യയാണെന്നു തന്നെ കരുതുന്നുവെന്നും മറ്റെന്തെങ്കിലും സാധ്യതകളുണ്ടോയെന്ന് അന്വേഷിക്കുന്നതായും പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയതായും എസ്‌പി പറഞ്ഞു. കേരളാ പൊലീസും അന്വേഷണത്തെ സഹായിക്കും. ഇതിനൊപ്പം സാത്താൻ സേവാ ഗ്രുപ്പുകളിലേക്കും അന്വേഷണം നീളും. തിരുവനന്തപുരം വിമാനത്താവളത്തിൽ കാർ പാർക്ക് ചെയ്ത ശേഷമാണ് ഇവർ അരുണാചലിലേക്കു പോയത്. തിരുവനന്തപുരം പൊലീസും ലോവർ സുബാൻസിരിയിലെത്തിയിട്ടുണ്ട്.
നവീനും ഭാര്യ ദേവിയും പൊതുവേ അന്തർമുഖരായിരുന്നു. എന്നാൽ വിദ്യാർത്ഥികളോടു സജീവമായി ഇടപെട്ടിരുന്ന അദ്ധ്യാപികയായിരുന്നു ആര്യ. കോവിഡിനു മുൻപ് ദേവി ഇതേ സ്‌കൂളിൽ ജർമൻ പഠിപ്പിച്ചിരുന്നു. ശ്രീകാര്യത്തെ ചെമ്പക സ്‌കൂളിൽ ആര്യ പഠിപ്പിച്ചിരുന്നത് ഫ്രഞ്ചായിരുന്നു. നവീനിന്റെ ഹൈസ്‌കൂൾ പഠനം കോട്ടയം മരിയൻ സ്‌കൂളിലെങ്കിലും മീനടത്ത് സൗഹൃദങ്ങൾ തീരെയില്ലായിരുന്നു. മീനടത്താണ് ഇപ്പോൾ നവീനിന്റെ അച്ഛനും അമ്മയും ഉള്ളത്.
കഴിഞ്ഞദിവസം അരുണാചലിൽ മരിച്ച മീനടം നെടുംപൊയ്കയിൽ നവീൻ തോമസിന്. നവീനിന്റെ ഭാര്യ ദേവി, സുഹൃത്ത് ആര്യ എന്നിവരെയാണ് നവീനിനൊപ്പം ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മാതാപിതാക്കളുടെ ജോലി സൗകര്യം പരിഗണിച്ചായിരുന്നു തിരുവനന്തപുരത്തെ താമസം. കോട്ടയത്തേക്ക് മാറ്റം കിട്ടിയതോടെ എൻ.എ. തോമസും ഭാര്യ അന്നമ്മയും സ്വന്തം നാടായ മീനടത്ത് വീടുവെച്ചു. മക്കളെ കോട്ടയത്തെ സ്‌കൂളിലേക്ക് മാറ്റി.
പങ്കജ കസ്തൂരി ആയുർവേദ കോളേജിലെ പഠനവും വിവാഹവും കഴിഞ്ഞ് നവീൻ മിക്കവാറും തിരുവനന്തപുരത്തുതന്നെയായിരുന്നു താമസം. കഴിഞ്ഞ കുറെ മാസങ്ങളായി നവീനും ദേവിയും മീനടത്തെ വീട്ടിലുണ്ടായിരുന്നെങ്കിലും പുറത്തിറങ്ങുന്നത് അപൂർവമായിരുന്നു. വിവരമറിഞ്ഞ് നെടുംപൊയ്കയിൽ വീട്ടിൽ ബന്ധുക്കളും അയൽക്കാരും ആശ്വസിപ്പിക്കാനെത്തുന്നുണ്ട്. സീറോയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിലാണ് മൂന്ന് പേരേയും ചൊവ്വാഴ്ച കണ്ടെത്തിയത്. ഹോട്ടലിൽ മുറിയെടുത്തപ്പോൾ ആര്യ മകളാണെന്നാണ് നവീനും ദേവിയും പറഞ്ഞത്. നവീൻ മാത്രമാണ് തിരിച്ചറിയൽ രേഖ ഹോട്ടലിൽ നൽകിയത്. മറ്റുള്ളവർ പിന്നീട് നൽകുമെന്ന് അറിയിച്ചു.
മാർച്ച് 28-നാണ് ഇവർ ഹോട്ടലിൽ 305-ാം നമ്പർ മുറിയെടുക്കുന്നത്. 31 വരെ ഇവർ പുറത്ത് പോയിട്ടുണ്ട്. രാവിലെ ഭക്ഷണം കഴിച്ചശേഷമാണ് ഇവർ പുറത്തുപോയിരുന്നത്. എന്നാൽ ഒന്നാം തീയതി ഇവരെ കണ്ടില്ല. വൈകീട്ട് വിളിച്ചുനോക്കിയിട്ടും ആരും തുറന്നില്ല. രണ്ടാം തീയതി വാതിൽ ശക്തിയായി തള്ളി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് എസ്‌പി. പറഞ്ഞു. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്.
നവീനും ദേവിയും മുൻപ് ഒരു തവണ അരുണാചലിൽ എത്തിയെന്ന വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകൾ ഇവർ കഴിച്ചതായും സൂചനയുണ്ട്. വീട്ടിൽ നിന്നുമാറി കഴിഞ്ഞ രണ്ടുവർഷമായി പേരൂർക്കട അമ്പലംമുക്കിലാണ് നവീനും ദേവിയും വാടകയ്ക്ക് താമസിച്ചിരുന്നതെന്നാണ് വിവരം. ഇടയ്ക്ക് കോട്ടയം മീനടത്തേക്കും പോകുമായിരുന്നു.
മരിച്ച മൂന്നുപേരുടെയും മൃതദേഹങ്ങൾ വ്യാഴാഴ്ച കേരളത്തിലെത്തിക്കും. ഡൽഹിയിൽ എത്തിച്ചശേഷം അവിടെ നിന്നാണ് കൊണ്ടുവരിക. മൂന്നുപേരുടെയും മൃതദേഹങ്ങൾ തിരുവനന്തപുരത്ത് എത്തിക്കാനാണ് സാധ്യതയെന്ന് പൊലീസ് സൂചിപ്പിച്ചു. ഹോട്ടലിൽ പൊലീസ് ഫൊറൻസിക് പരിശോധന നടത്തിയിരുന്നു. ഇറ്റാനഗർ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് മൃതദേഹങ്ങൾ വിട്ടുനൽകിയിരുന്നു.