തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ കള്ളപ്പണ്ണ ഇടപാടിലെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ഇഡി. രണ്ടുപേരുടെ അക്കൗണ്ടുകളിലേക്ക് നിയമവിരുദ്ധമായി സമാഹരിച്ച പണം എത്തിയിട്ടുണ്ടെന്ന് ഇഡി റിപ്പോർട്ട് വ്യക്തമാക്കുന്നു. ജയരാജൻ, പി മുകുന്ദൻ എന്നിവരുടെ അക്കൗണ്ടുകളിലേക്കാണ് പണം എത്തിയത്. ഇതിൽ ഒരാൾ വിദേശത്താണ് എന്നാണ് സൂചന. ഇതോടെ സതീഷിനെതിരെ കള്ളപ്പണം വെളിപ്പിക്കൽ കേസുകളിൽ ശക്തമായ തെളിവുണ്ടെന്നാണ് ഇഡി വാദം.

കരുവന്നൂർ ബാങ്കിലടക്കം നടന്ന ക്രമക്കേടുകളിലൂടെ സമാഹരിച്ച പണം എവിടെയെല്ലാം പോയി എന്ന അന്വേഷണത്തിൽ ഇഡി കണ്ടെത്തിയ വിവരങ്ങളാണ് പുറത്തുവിട്ടത്. ഇന്നലെ കോടതിയിൽ ഇഡി സമർപ്പിച്ച റിപ്പോർട്ടിലാണ് നിയമവിരുദ്ധമായി സമാഹരിച്ച പണം രണ്ടു അക്കൗണ്ടുകളിലേക്ക് പോയതായി കണ്ടെത്തിയതായി പറയുന്നത്. ജയരാജൻ, പി മുകുന്ദൻ എന്നിവരുടെ അക്കൗണ്ടുകളിലൂടെ കേസിലെ ഒന്നാംപ്രതിയായ സതീഷ് കുമാർ കള്ളപ്പണ ഇടപാട് നടത്തിയതായാണ് ഇഡിയുടെ കണ്ടെത്തൽ. എന്നാൽ റിപ്പോർട്ടിൽ ഇവർ ആരെല്ലാമാണെന്ന് ഇഡി വിശദീകരിച്ചിട്ടില്ല.

ഇരുവരും ബന്ധുക്കളാണ് എന്നാണ് അറിയുന്നത്. ഇതിൽ ഒരാൾ വിദേശത്താണ്. സതീഷ് കുമാറിന് കുഴൽപ്പണ ഇടപാടുകളിൽ അടക്കം ബന്ധമുണ്ടെന്ന സൂചന നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോൾ നിയമവിരുദ്ധമായി സമാഹരിച്ച പണം എത്തിയെന്ന് കണ്ടെത്തിയ രണ്ടു അക്കൗണ്ടുകളെ കുറിച്ച് വിവരങ്ങൾ ലഭിച്ച സാഹചര്യത്തിൽ, സതീഷ് കുമാറിന്റെ കുഴൽപ്പണ ഇടപാടുകളെ കുറിച്ച് കൂടുതൽ അന്വേഷിക്കാനാണ് ഇഡിയുടെ നീക്കം.

അതേസമയം കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പുകേസ് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമങ്ങളും ശക്തമാണ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം എങ്ങനെ അപ്രസക്തമാക്കുമെന്നതിലാണ് ആലോചന. അതിനിടെ സ്വർണ്ണ കടത്ത് മോഡൽ കേസ് അട്ടിമറിക്കുള്ള സാധ്യത വീണ്ടും ചില കേന്ദ്രങ്ങൾ തുടങ്ങിയതായി സൂചന. ഇഡി ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന് ആരോപിച്ച് കേസിലെ പ്രതി പി ആർ അരവിന്ദാക്ഷൻ രംഗത്തു വന്നിരുന്നു. എന്നാൽ ഇത് ഫലം കണ്ടില്ല. പിന്നാലെയാണ് സ്വർണ്ണ കടത്തിൽ നടന്നതിന് സമാനമായ മറ്റൊരു പുതിയ നീക്കം. ഇത് ഇഡിയും തിരിച്ചറിയുന്നു.

പ്രതിയെ ജയിൽ മാറ്റിയതിൽ ആശങ്ക ഉന്നയിച്ച് ഇ.ഡി. വിചാരണക്കോടതിയിൽ അപേക്ഷ നൽകി. ജയിൽവകുപ്പിനോട് വിശദീകരണം തേടണമെന്നാണ് ആവശ്യം. കോടതി ബുധനാഴ്ച പരിഗണിച്ചേക്കും. കേസിൽ അറസ്റ്റിലായ സിപിഎം. നേതാവ് പി.ആർ. അരവിന്ദാക്ഷനെയും മുൻ സീനിയർ അക്കൗണ്ടന്റ് സി.കെ. ജിൽസിനെയും എറണാകുളം സബ് ജയിലിൽനിന്ന് കാക്കനാട്ടെ എറണാകുളം ജില്ലാജയിലിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ടാണിത്. മുൻകൂട്ടി അറിയിക്കാതെയാണ് ജയിൽ മാറ്റിയതെന്ന് ഇ.ഡി. പറയുന്നു. ഏറെ നിർണ്ണായകമാണ് ഈ മാറ്റങ്ങൾ. പ്രതികളെ സ്വാധീനിച്ച് കൂടുതൽ പേരെ കേസിൽ പ്രതികളാക്കാതിരിക്കാനുള്ള നീക്കമായി ഇതിനെ വ്യാഖ്യാനിക്കുന്നു.

കള്ളപ്പണനിരോധനനിയമവുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന കൊച്ചിയിലെ വിചാരണക്കോടതി അരവിന്ദാക്ഷനെയും ജിൽസിനെയും റിമാൻഡ് ചെയ്തിരുന്നു. എന്നാൽ, കോടതിയെയും അന്വേഷണ ഏജൻസിയെയും അറിയിക്കാതെ ഇരുവരെയും ജില്ലാജയിലിലേക്ക് മാറ്റി. കേസിലെ മുഖ്യപ്രതിയായ പി. സതീഷ്‌കുമാറിനൊപ്പം അരവിന്ദാക്ഷനെ ഒരേ ജയിലിൽ പ്രവേശിപ്പിക്കുന്നതിൽ ആശങ്കയുണ്ടെന്ന് ഇ.ഡി. അഭിഭാഷകൻ വ്യക്തമാക്കി. ഇതിലൂടെ അറസ്റ്റിലായ പ്രതികൾക്ക് തമ്മിൽ ആശയ വിനിമയത്തിന് സാധ്യതയൊരുക്കും. മൊഴികളിൽ വൈരുദ്ധ്യം ഉണ്ടാകാതിരിക്കാനും കാരണമാകും. ഇതിനൊപ്പം കേസിൽ ഒരുമിച്ച് തീരുമാനങ്ങളും പ്രതികളെടുക്കും.

അടുത്ത ബന്ധമുള്ള സതീഷ്‌കുമാറും അരവിന്ദാക്ഷനും ഒരേ ജയിലിലാകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നാണ് ഇ.ഡി. വാദം. അരവിന്ദാക്ഷനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് വീണ്ടും കോടതിയിൽ അപേക്ഷ നൽകാനാണ് അന്വേഷണ ഏജൻസിയുടെ നീക്കം. ഇതോടെ അന്വേഷണത്തെ അട്ടിമറിക്കുന്ന തരത്തിലെ മൊഴികൾ നൽകാൻ സതീഷ് കുമാറിന് കഴിയുമെന്നാണ് വിലയിരുത്തൽ. സെപ്റ്റംബർ നാലിന് അറസ്റ്റിലായ മുഖ്യപ്രതി പി.സതീഷ് കുമാറിന്റെയും പി.പി. കിരണിന്റെയും റിമാൻഡ് കാലാവധി കഴിഞ്ഞതിനെത്തുടർന്ന് റിമാൻഡ് നീട്ടാൻ ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ ഘട്ടത്തിലാണ് ഇ.ഡി അഭിഭാഷകൻ ജയിൽ മാറ്റം ശ്രദ്ധയിൽപെടുത്തിയത്.