- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സത്യനാഥൻ തന്നെ മനഃപൂർവം അവഗണിച്ചു
കോഴിക്കോട്: കൊയിലാണ്ടിയിൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി പിവി സത്യനാഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഭിലാഷിന്റെ മൊഴിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. പിവി സത്യനാഥൻ തന്നെ മനഃപൂർവം അവഗണിച്ചുവെന്നും പാർട്ടി പ്രവർത്തനത്തിൽ നിന്ന് മാറ്റി നിർത്തിയെന്നുമാണ് അഭിലാഷിന്റെ മൊഴി. ഇതാണ് വൈരാഗ്യത്തിന് ഇടയാക്കിയതെന്നാണ് അഭിലാഷ് മൊഴി നൽകിയിരിക്കുന്നത്.
പാർട്ടി പ്രവർത്തനത്തിൽ നിന്ന് മാറ്റി നിർത്തിയതിന് പുറമെ മറ്റു പാർട്ടിക്കാരിൽ നിന്ന് മർദനമേറ്റ സംഭവത്തിൽ സംരക്ഷിച്ചില്ല. സംരക്ഷിച്ചില്ലെന്ന് മാത്രമല്ല കുറ്റപ്പെടുത്തുകയും ചെയ്തു. ഇത് വൈരാഗ്യത്തിന് കാരണമായെന്നും അഭിലാഷിന്റെ മൊഴിയിലുണ്ട്. റിമാൻഡ് റിപ്പോർട്ടിലാണ് അഭിലാഷിന്റെ മൊഴിയിലെ വിവരങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.
അതേസമയം, അഭിലാഷ് കൊല നടത്താൻ ഉപയോഗിച്ച ആയുധം വാങ്ങിയത് ഗൾഫിൽ നിന്നാണെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. കോഴിക്കോട് റൂറൽ എസ്പിയുടെ നേതൃത്വത്തിൽ കൊലപാതകത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. സത്യനാഥനെ കൊല്ലാൻ ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൂർച്ചയുള്ള കറുത്ത പിടിയുള്ള കത്തിയാണ് ക്ഷേത്രത്തിന് തൊട്ടടുത്ത പറമ്പിൽനിന്ന് കണ്ടെത്തിയത്. പേരാമ്പ്ര, വടകര ഡിവൈ.എസ്പിമാരടക്കം 14 പേരാണ് റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലുള്ളത്.
ഇതിനിടെ, സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഭിലാഷിന് വേണ്ടി അന്വേഷണ സംഘം ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. കൊയിലാണ്ടി കോടതിയിലാണ് കസ്റ്റഡി അപേക്ഷ നൽകുക. ഇന്നലെ രാത്രി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ അഭിലാഷിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.
കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി അഞ്ചുദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. കൊലപാതകത്തിന് ഉപയോഗിച്ച കത്തി സംഭവ സ്ഥലത്തുവച്ച് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. വ്യക്തി വൈരാഗ്യം മൂലമാണ് കൊലപാതകമെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ഇക്കാര്യത്തിലുൾപ്പെടെ കൂടുതൽ വ്യക്തതക്ക് വേണ്ടിയാണ് കസ്റ്റഡിയിൽ ആവശ്യപ്പെടുന്നത്.
വ്യാഴാഴ്ച രാത്രി 10നാണ് സിപിഎം കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പുളിയോറ വയലിൽ സത്യനാഥൻ കൊല്ലപ്പെട്ടത്. മുത്താമ്പി ചെറിയപുറം ക്ഷേത്രത്തിന് സമീപത്തായിരുന്നു സംഭവം. പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രത്തിൽ ഗാനമേള നടക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. ശരീരത്തിൽ നാലിലധികം സ്ഥലത്ത് വെട്ടേറ്റ മുറിവുകളുണ്ടായിരുന്നു. സംഭവത്തിനു പിന്നാലെ പ്രതി പിടിയിലാകുകയും ചെയ്തിരുന്നു. ഇന്നലെ ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.