- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഫോൺ പരിശോധന നിർണ്ണായകം; സവാദിന്റെ യാത്രകളും പരിശോധിക്കും
കാസർകോട്: പ്രൊഫ. ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിൽ എൻ.ഐ.എ. മട്ടന്നൂർ ബേരത്തുനിന്ന് അറസ്റ്റ് ചെയ്ത പെരുമ്പാവൂർ അശമന്നൂർ നൂലേരി മുടശ്ശേരി സവാദ് (38) പിടിയിലാകാതിരിക്കാൻ നിരവധി മുൻകരുതൽ എടുത്തിരുന്നു. സവാദ് ആരെയും തന്റെ ഫോട്ടോ പകർത്താൻ സമ്മതിച്ചിരുന്നില്ല. ഫോട്ടോവഴി താൻ തിരിച്ചറിയപ്പെട്ടേക്കുമോ എന്ന ആശങ്കയാണ് ഇതിന് കാരണം. ഫോട്ടോ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കാനുള്ള സാധ്യത കണ്ടറിഞ്ഞായിരുന്നു ഇതെല്ലാം. ഇതിനൊപ്പം പിടിക്കപ്പെടാതിരിക്കാനായി ഉപയോഗിച്ചിരുന്നത് കൂടെ മരപ്പണി ചെയ്തിരുന്ന മറുനാടൻ തൊഴിലാളികളുടെ ഫോണായിരുന്നു.
സവാദ് കേരളത്തിലുണ്ടെന്ന വിവരം ലഭിച്ച എൻഐഎ സവാദിന്റെ ബന്ധുക്കളുടെ ഫോൺ നിരീക്ഷിച്ചിരുന്നു. ഇതിലേക്ക് കണ്ണൂരിൽ നിന്നെത്തിയ ഇതരസംസ്ഥാന തൊഴിലാളിയുടെ ഫോണാണ് സവാദിനെ കണ്ടെത്താൻ നിർണ്ണായകമായത്. നേരത്തെ കുടുംബവുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുക്കാൻ നാട്ടിൽ പോയപ്പോൾ ഭാര്യയുടേതുൾപ്പെടെയുള്ളവരുടെ മൊബൈൽ ഫോൺ മാറ്റിവെക്കാനും സവാദ് ശ്രദ്ധിച്ചിരുന്നു. ഫോൺ ഒഴിവാക്കുന്നത് എന്തിനെന്ന അടുത്ത ബന്ധുവിന്റെ ചോദ്യത്തിന് നാട്ടിൽ ഒരു കേസുണ്ടെന്നായിരുന്നു മറുപടി. ഇങ്ങനെ പലവിധ കരുതലുകൾ എടുത്തു.
അടുത്തകാലത്ത് കാസർകോട് ജില്ലയിൽ 20 ലക്ഷം രൂപ വിലവരുന്ന ഏഴുസെന്റ് ഭൂമി വാങ്ങാൻ ആറുലക്ഷം രൂപ സവാദ് മുൻകൂറായി നൽകിയിരുന്നു. ഈ തുക സവാദിന് പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങൾ നൽകിയെന്നാണ് എൻഐഎ വിലയിരുത്തുന്നത്. വസ്തു വാങ്ങാനുള്ള ബാക്കിത്തുക കണ്ടെത്തുന്നതിനുൾപ്പെടെയുള്ള ഫോൺവിളികൾക്ക് കൂടെയുള്ള തൊഴിലാളികളുടെ ഫോൺ ഉപയോഗിച്ചു. ഇയാൾക്ക് നേരത്തേ ബന്ധമുള്ളയാളുകളെയാണ് ഇങ്ങനെ ഈ ഫോണിലേക്ക് വിളിച്ചിരുന്നതെന്നും സംശയിക്കുന്നു. ഈ ഫോണിലും വിശദ അന്വേഷണം നടത്തും.
ആദ്യകുട്ടിയുടെ ജനനസർട്ടിഫിക്കറ്റിലും സവാദ് തന്റെ യഥാർഥപേരാണ് നൽകിയത്. മംഗൽപാടി പഞ്ചായത്തിൽ 2018 നവംബർ 14-ന് മൂത്തകുട്ടിയുടെ ജനനം രജിസ്റ്റർചെയ്തപ്പോൾ പിതാവിന്റെ പേരിന്റെ സ്ഥാനത്ത് നൽകിയത് എം.എ.സവാദ് എന്നാണ്. മേൽവിലാസം ഭാര്യാ വീടിന്റെതും. രണ്ടാമത്തെ കുട്ടിയുടെ ജനനത്തിലും സവാദ് എന്ന പേരു തന്നെയാണ് അച്ഛന്റേതായി നൽകിയതും. അതായത് സവാദ് എന്ന പേരിനോട് പ്രത്യക താൽപ്പര്യം സവാദിനുണ്ടായിരുന്നു. എല്ലാ അർത്ഥത്തിലും ഷാജഹാൻ എന്ന പേരിലേക്ക് മാറിയിരുന്നുവെങ്കിൽ സവാദിനെ കണ്ടെത്തുക പ്രയാസമാകുമായിരുന്നു.
മഞ്ചേശ്വരത്തെ പെൺകുട്ടിയെ കല്യാണം കഴിക്കുന്നതിന് ഇടനിലക്കാരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. മംഗളൂരുവിനടുത്ത ആരാധനാകേന്ദ്രത്തിൽവച്ചാണ് അനാഥനായ ഷാജഹാനെ പരിചയപ്പെട്ടതെന്ന് ഭാര്യാപിതാവ് പറയുന്നു. എന്നാൽ മറ്റാരുടെയോ സഹായം കല്യാണത്തിനുണ്ടായിരുന്നതായും സംശയിക്കുന്നുണ്ട്. കല്യാണം കഴിഞ്ഞ് ഇത്രയും കാലത്തിനിടയ്ക്ക് സവാദ് ഒരിക്കൽ മാത്രമാണ് ഭാര്യയെയുംകൂട്ടി എറണാകുളത്തെത്തിയത്. ഇവിടെ വച്ച് ബന്ധുക്കളേയും കണ്ടെന്നാണ് സൂചന.
കുറ്റിപ്പുറം വരെ തീവണ്ടിയിലും പിന്നീട് കെ.എസ്.ആർ.ടി.സി. ഫാസ്റ്റ് പാസഞ്ചർ ബസിലുമായിരുന്നു യാത്ര. ഈ യാത്രയിലേക്ക് അടക്കം അന്വേഷണം പോകും. അന്ന് എറണാകുളത്ത് ആരെയാണ് കണ്ടതെന്നതെല്ലാം അന്വേഷിക്കും. സവാദ് കാസർകോട്ട് വിവാഹ രജിസ്ട്രേഷന് നൽകിയതും വ്യാജപേര് ആയിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന സമയത്ത് സ്വീകരിച്ചിരുന്ന ഷാജഹാൻ എന്ന പേരാണ് നൽകിയത്. പിതാവിന്റെ പേരും തെറ്റിച്ചു നൽകി. 2016 ഫെബ്രുവരി 27ന് മഞ്ചേശ്വരം ഉദ്യാവർ ആയിരം ജുമാമസ്ജിദിലാണ് വിവാഹം രജിസ്റ്റർ ചെയ്തത്.
കണ്ണൂർ ചിറക്കലിലെ പി.പി.ഹൗസ്, കുന്നുംകൈ എന്ന വിലാസമാണ് വിവാഹ രജിസ്ട്രേഷനിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എറണാകുളം സ്വദേശിയാണ് സവാദ്. പിതാവിന്റെ പേര് ബീരാൻ കുട്ടി എന്നാണെങ്കിലും വിവാഹ രജിസ്ട്രേഷന് നൽകിയത് കെ.പി ഉമ്മർ എന്നാണ്. കാസർകോട്ട് ഒളിവിൽ കഴിയുന്ന സമയത്തായിരുന്നു വിവാഹം.