- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സവാദ് ഒളിവിൽ കഴിഞ്ഞത് അടിമുടി വ്യാജനായി
കാസർകോട്: കൈവെട്ടു കേസിലെ പ്രതി സവാദ് ഒളിവിൽ കഴിഞ്ഞത് അടിമുടി വ്യാജനായി. വിവാഹം കഴിച്ചതും വ്യാജപേരിലാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്നും വ്യക്തമായത്. അതേസമയം പോപ്പുലർ ഫ്രണ്ട് തീർത്ത സംരക്ഷണ വലയമാണ് സവാദിന് തുണയായതെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ സവാദുമായി ചുറ്റിപ്പറ്റി നിൽക്കുന്നവരുടെ വാദങ്ങൾ മുഖവിലയ്ക്കെടുത്തിട്ടില്ല.
കൈവെട്ടു കേസിലെ പ്രതിയാണെന്ന് അറിയാതെയാണ് താൻ മകളെ കല്യാണം കഴിച്ചു നൽകിയതെന്നാണ് ഭാര്യാപിതാവ് പറയുന്നത്. കാസർകോടുള്ള ഉള്ളാൾ ദർഗ്ഗയിൽ വച്ചാണ് സവാദിനെ കണ്ടുമുട്ടിയത് എന്നാണ് ഭാര്യാപിതാവ് പറഞ്ഞത്. ഷാനവാസ് എന്ന പേരിലാണ് പരിചയം. അവിടെ വെച്ച് നല്ല പയ്യനാണല്ലോ എന്നു കരുതിയാണ് മകളെ കല്യാണം കഴിച്ചു കൊടുക്കാൻ തീരുമാനിച്ചത്.
കണ്ണൂർ സ്വദേശിയാണെന്നാണ് തന്നോട് പറഞ്ഞത്. ബന്ധുക്കളെ കുറിച്ചൊന്നും അന്ന് അന്വേഷിച്ചില്ല. കൈവെട്ടു കേസ് പ്രതിയാണെന്ന് അറിഞ്ഞില്ലെന്ന് ഇദ്ദേഹം പറയുന്നത്. കുന്നത്തൂരുള്ള ആയിരം ജുമാമസ്ജിദിലാണ് വിവാഹം. മഹല്ല് കമ്മറ്റികളുടെ സർട്ടിഫിക്കറ്റൊന്നും അന്ന് ചോദിച്ചില്ല. 2016 ഫെബ്രുവരിയിലാണ് കല്യാണം നടന്നത്. മഞ്ചേശ്വരം സ്വദേശികളാണ് ഭാര്യാ കുടുംബം. സവാദ് അടിമുടി വ്യാജനായാണ് ഇയാൾ ഒളിവിൽ കഴിഞ്ഞതെന്ന് വ്യക്തം. ഒളിവിൽ കഴിയുന്നതിനിടെ കാസർകോട് നിന്ന് വിവാഹം കഴിക്കുകയും ചെയ്തിരുന്നു.
അതേസമയം സവാദ് പിടിയിലായതിന് പിന്നാലെ ചടുല നീക്കങ്ങളുമായാണ് എൻഐഎ മുന്നോട്ടു പോകുന്നത്. പ്രൊഫസർ ടിജെ ജോസഫിന്റെ കൈ വെട്ടിയ കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി സവാദിന്റെ തിരിച്ചറിയൽ പരേഡ് വേഗത്തിൽ പൂർത്തിയാക്കാനാണ് എൻഐഎ ഒരുങ്ങുന്നത്. ഇതിനായി എൻഐഎ നീക്കങ്ങൾ തുടങ്ങി. തിരിച്ചറിയൽ പരേഡ് നടത്താനായി മജിസ്ട്രേറ്റ് കോടതിയിൽ എൻഐഎ സംഘം ഉടൻ അപേക്ഷ നൽകും. തിരിച്ചറിയൽ പരേഡ് പൂർത്തിയാക്കി സവാദിനെ വേഗത്തിൽ കസ്റ്റഡിയിൽ വാങ്ങുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. തുടരന്വേഷണത്തിൽ സവാദിനെ ഒളിപ്പിക്കുകയും സഹായിക്കുകയും ചെയ്ത നിരവധി പ്രതികൾ പിടിയിലാകുമെന്നാണ് വിവരങ്ങൾ.
നിലവിൽ ജനുവരി 24 വരെ സവാദ് റിമാൻഡിലാണ്. പ്രതി ഇപ്പോൾ തടവിൽ കഴിയുന്നത് എറണാകുളം സബ് ജയിലിലാണ്. പ്രതിയുടെ കൈയിൽ നിന്ന് പിടിച്ചെടുത്ത രണ്ട് മൊബൈൽ ഫോണുകളിൽ വിശദമായ ഫൊറൻസിക്ക് പരിശോധന നടത്താനുള്ള ഒരുക്കങ്ങളും എൻഐഎ ആരംഭിച്ചു. സവാദിനെ ചോദ്യം ചെയ്ത് കേസിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടു വരാനാണ് എൻഐഎ ലക്ഷ്യമിടുന്നത്. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സഹായത്തോടെയാണ് സവാദ് 13 വർഷം ഒളിവിൽ കഴിഞ്ഞതെന്നാണ് എൻഐഎ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നതും.
മട്ടന്നൂർ ബേരത്തെ വാടക വീട്ടിൽ നിന്നാണ് സവാദിനെ അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്. നിരവധി നാളുകളായി സവാദ് അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞദിവസം പുലർച്ചെ മൂന്നുമണിയോടെ എൻഐഎ സംഘം വീടുവളഞ്ഞ് പിടികൂടുകയായിരുന്നു. 13 വർഷവും കണ്ണൂരിലും കാസർകോടും മാറിമാറി താമസിക്കുകയായിരുന്നു ഇയാളെന്നാണ് പുറത്തുവരുന്ന വിവരം.
ഒന്നര വർഷം മുമ്പാണ് ബേരത്ത് എത്തിയത്. ഇവിടെ ഭാര്യയ്ക്കും രണ്ടു മക്കൾക്കും ഒപ്പമായിരുന്നു താമസം. ഒളിവിൽ കഴിഞ്ഞിരുന്ന കാലത്ത് മരപ്പണി പഠിച്ചെടുക്കുകയും തുടർന്ന് മരപ്പണി ജോലി ചെയ്തു കഴിഞ്ഞു വരികയുമായിരുന്നു സവാദ്. അയൽക്കാരുമായി വലിയ അടുപ്പം പ്രതി പുലർത്തിയിരുന്നില്ല എന്നും അന്വേഷണസംഘം സൂചന തരുന്നുണ്ട്.
അതേസമയം പ്രതി ജോലിക്ക് പോകുന്നതും വരുന്നതും ഓട്ടോറിക്ഷയിൽ ആയിരുന്നു എന്നും ഇത് പോപ്പുലർ ഫ്രണ്ട് സംഘടനയുടെ സഹായത്തോടെ ഇടപാടാക്കിയതായിരിക്കാം എന്നും അന്വേഷണസംഘം കരുതുന്നുണ്ട്. കണ്ണൂരിലും കാസർകോടും നിരവധി സ്ഥലങ്ങളിൽ പ്രതി താമസിച്ചിരുന്നു. 2011 മാർച്ചിലാണ് കേസ് എൻഐഎ ഏറ്റെടുത്തത്. അതിനുശേഷം മുഖ്യപ്രതിയായ സവാദിനെ കണ്ടെത്തുന്നത് സംബന്ധിച്ചുള്ള അന്വേഷണം എൻഐഎ വിപുലീകരിച്ചിരുന്നു.