ന്യൂയോർക്ക്: എട്ടു വർഷം മുമ്പ് എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച മുൻ അദ്ധ്യാപിക അറസ്റ്റിൽ. അമേരിക്കയിൽ, അലബാമയിലെ മോണ്ട്‌ഗോമറിയിലാണ് സംഭവം. 31 കാരിയായ മെലിസ മേരി കർടിസാണ് അറസ്റ്റിലായത്.

മെലിസ മോണ്ട്‌ഗോമറി വില്ലേജ് മിഡിൽ സ്‌കൂളിൽ അദ്ധ്യാപികയായിരിക്കെയാണ് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. അന്ന് മെലിസയ്ക്ക് 22 വയസും ഇരയായ കുട്ടിക്ക് 14 വയസുമായിരുന്നു. കുട്ടി പ്രായപൂർത്തിയായപ്പോഴാണ് പഴയ അദ്ധ്യാപികയ്ക്ക് എതിരെ ആരോപണങ്ങൾ ഉന്നയിച്ച് കേസ് കൊടുത്തത്. കഴിഞ്ഞ മാസം പരാതി കിട്ടിയതിനെ തുടർന്നാണ് മോണ്ട്‌ഗോമറി കൗണ്ടി പൊലീസ് അന്വേഷണം തുടങ്ങിയത്.

2015 ലാണ് ആരോപണത്തിന് ആധാരമായ സംഭവം നടന്നത്. മെലിസയുടെ വാഹനത്തിൽ വച്ചും, പല വീടുകളിൽ വച്ചുമാണ് 2015 ജനുവരി മുതൽ മെയ് വരെ ലൈംഗിക പീഡനം നടത്തിയത്. എട്ടാം ക്ലാസുകാരന് മദ്യവും മരിജ്വാനയും നൽകിയ ശേഷമാണ് കുട്ടിയെ മെലിസ ദുരുപയോഗം ചെയ്തത്. അതും ഒരുവട്ടമല്ല, 20 തവണ.

മെലിസ മെലിസ മോണ്ട്‌ഗോമറി വില്ലേജ് മിഡിൽ സ്‌കൂളിൽ രണ്ടുവർഷത്തോളം ജോലി ചെയ്തിട്ടുണ്ട്. കൂടാതെ ലേക്ലാൻഡ്‌സ് പാർക് മിഡിൽ സ്‌കൂളിലൂം പഠിപ്പിച്ചിരുന്നതായി പൊലീസ് പറയുന്നു.

ഒക്ടോബർ 31നാണ് മെലിസയ്ക്ക് എതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ ലൈംഗിക ചൂഷണം നടത്തിയെന്നതാണ് മെലിസയ്ക്ക് എതിരെ ചുമത്തിയ കുറ്റം. മറ്റുചില കുട്ടികളെയും ഇവർ പീഡിപ്പിച്ചിരിക്കാമെന്ന് പൊലീസ് സംശയിക്കുന്നു.

മെലിസ മേരി കർട്ടിസ് ചൊവ്വാഴ്ച പൊലീസിന് മുമ്പാകെ കീഴടങ്ങി. 2017 ന് ശേഷം മെലിസ തങ്ങളുടെ സ്‌കൂളിൽ ജോലി ചെയ്തിട്ടില്ലെന്ന് മോണ്ട്‌ഗോമറി കൗണ്ടി പബ്ലിക് സ്‌കൂൾ അറിയിച്ചു.