ആലപ്പുഴ: ചേര്‍ത്തലയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ വാന്‍ ഡ്രൈവറെ പോലിസ് അറസ്റ്റ് ചെയ്തു. 13കാരിക്കു നേരേ ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയിലാണ് സ്‌കൂള്‍ വാന്‍ ഡ്രൈവറായ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥികളെ കയറ്റുന്ന സ്വകാര്യ മിനിബസ് ഡ്രൈവറാണ് പ്രതി. ചേര്‍ത്തല കുറുപ്പംകുളങ്ങര വൈശാഖത്തില്‍ അഖില്‍(30)നെയാണ് ചേര്‍ത്തല പൊലീസ് അറസ്റ്റുചെയ്തത്.

കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. സ്‌കൂള്‍ വാനില്‍ വരുന്ന വിദ്യാര്‍ഥിനിയെ നിരന്തരം പിന്തുടര്‍ന്ന് ലൈംഗിക ചുവയോടെ സംസാരിച്ചെന്നും കടന്നു പിടിച്ചെന്നുമാണ് കേസ്. കുട്ടി വീട്ടില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അഖില്‍ മറ്റ് കുട്ടികളെ ഉദ്രവിച്ചിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കുമെന്ന് ചേര്‍ത്തല പൊലീസ് അറിയിച്ചു.

അതേസമയം തൃശ്ശൂരില്‍ ഒമ്പതു വയസുകാരിക്കെതിരേ ലൈംഗിക അതിക്രമം നടത്തിയ 61 കാരനെ 26 വര്‍ഷം കഠിന തടവിന് ശിക്ഷവിധിച്ചു. 1,50,000 രൂപ പിഴയുമൊടുക്കമം. ഇരിങ്ങാലക്കുട അതിവേഗ സ്പെഷല്‍ കോടതി ജഡ്ജ് വിവീജ സേതുമോഹനാണ് വിധി പ്രസ്താവിച്ചത്. പ്രതിയായ ചെങ്ങാലൂര്‍ സ്വദേശി മൂക്കുപറമ്പില്‍ വീട്ടില്‍ ഹരിദാസിനെ (61) ആണ് കോടതി കുറ്റക്കാരനാണെന്ന് കണ്ട് ശിക്ഷ വിധിച്ചത്.2013 ജൂണ്‍ മാസത്തിനും 2014 ജനുവരി മാസത്തിനും ഇടയിലുള്ള പല ദിവസങ്ങളില്‍ അതിജീവിതയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.