- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മലപ്പുറത്ത് വീണ്ടും ഇഡിയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്; പോലീസിനെ പോലും ഒന്നും അറിയിക്കാതെ മലപ്പുറത്തെ എസ് ഡി പി ഐ ഓഫീസില്‍ കേന്ദ്ര സേനയുമായി ഇരച്ചു കയറി റെയ്ഡ്; ലക്ഷ്യമിടുന്നത് പോപ്പുലര്‍ ഫ്രണ്ടുമായുള്ള സാമ്പത്തിക ഇടപാട് കണ്ടെത്തല്‍; എസ് ഡി പി ഐയെ നിരോധിച്ചേക്കും
മലപ്പുറം: പോപ്പുലര്‍ ഫ്രണ്ടിന് പിന്നാലെ എസ് ഡി പി ഐയേയും കേന്ദ്ര ഏജന്‍സികള്‍ പൂട്ടും. എസ് ഡിപി ഐ മലപ്പുറം ഓഫീസിലെ റെയ്ഡ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കാണ്. എസ് ഡി പി ഐയെ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ ഇഡി നിര്‍ദ്ദേശം വയ്ക്കും. ഭീകരപ്രവര്‍ത്തനത്തിലൂടെ കിട്ടിയ പണം എസ് ഡി പി ഐ ഉപയോഗിച്ചെന്നാണ് കണ്ടെത്തല്‍. ഇതിന് തെളിവ് തേടിയാണ് റെയ്ഡ്. പോലീസിനെ പോലും അറിയിക്കാതെയാണ് കേന്ദ്ര സേനയുടെ സഹായത്തോടെ റെയ്ഡ്.
എസ്.ഡി.പി.ഐ നിയന്ത്രിച്ചതും നയവും ദൈനംദിന കാര്യങ്ങളും തീരുമാനിച്ചതും പോപ്പുലര്‍ ഫ്രണ്ടാണെന്ന് ഇ.ഡി പറയുന്നു. പുറമേ സാമൂഹിക സംഘടനയെന്ന രീതിയില്‍ ഇസ്ലാമിക മുവ്‌മെന്റും ജിഹാദുമാണ് എസ്.ഡി.പി.ഐ ലക്ഷ്യമിട്ടത്. എസ് ഡിപിഐക്കെന്ന പേരില്‍ രാജ്യത്ത് ഭീകരപ്രവര്‍ത്തനത്തിനായി പി.എഫ്.ഐ വിദേശത്തുനിന്നുള്‍പ്പെടെ പണം പിരിച്ചെന്നും ഇ.ഡി. വെളിപ്പെടുത്തിയിരുന്നു. നിരോധിത സംഘടന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും രാഷ്ട്രീയ പാര്‍ട്ടിയായ എസ്.ഡി.പി.ഐയ്യും ഫലത്തില്‍ ഒന്നുതന്നെയെന്നാണ് കേന്ദ്ര ഏജന്‍സിയുടെ വാദം.
എസ്.ഡി.പി.ഐ ദേശിയ പ്രസിഡന്റ് എം.കെ.ഫൈസിയെ കള്ളപ്പണ ഇടപാടുകേസില്‍ അറസ് റ്റുചെയ്ത പശ്ചാത്തലത്തിലാണ് ഇ.ഡി ഇരുസംഘടനകളും തമ്മിലുള്ള ബന്ധം വിശദീകരിച്ചത്. എസ്.ഡി.പി.ഐയുടെ ദൈനംദിന കാര്യങ്ങളുള്‍പ്പെടെ നിയന്ത്രിച്ചതും മേല്‍നോട്ടം വഹിച്ചതും പോപ്പുലര്‍ ഫ്രണ്ടാണ്. പാര്‍ട്ടിയുടെ നയരൂപീകരണവും പരിപാടികളും പ്രതിനിധികളെയും തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെയും തീരുമാനിച്ചതും പി.എഫ്.ഐ തന്നെ. കായികമായും നിയമപരമായുമടക്കം എല്ലാ രൂപത്തിലും പ്രതിരോധത്തിനുള്ള ജിഹാദിന്റെ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന് പാര്‍ട്ടി നയത്തില്‍ പറയുന്നു.
ഇന്ത്യയില്‍ ഭീകരവാദം നടത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായി വിദേശത്തുനിന്ന് പി.എഫ്.ഐക്ക് പണം ലഭിച്ചു. റമസാന്‍ സംഭാവനയെന്ന പേരില്‍ രാജ്യത്തിനകത്തും ധനസമാഹരണം നടത്തി. എം.കെ. ഫൈസിയുടെ നേതൃത്വത്തിലാണ് വിദേശത്തുനിന്നുള്‍പ്പെടെയുള്ള പണമിടപാടുകള്‍ നടന്നതും പണം കൈപ്പറ്റിയതും. കോഴിക്കോടുള്ള പിഎഫ്‌ഐ സംസ്ഥാന ആസ്ഥാനത്തെ റെയ്ഡില്‍ തെളിവുകള്‍ ലഭിച്ചതായും ഇ.ഡി അവകാശപ്പെട്ടു. 12 തവണ നോട്ടീസ് നല്‍കിയിട്ടും എം.കെ.ഫൈസി ഹാജരായില്ലെന്നും ഇഡി വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മലപ്പുറത്തെ എസ് ഡി പി ഐ ഓഫീസിലെ റെയ്ഡ്.
കഴിഞ്ഞദിവസം ഡല്‍ഹി വിമാനത്താവളത്തില്‍വച്ച് അറസ്റ്റുചെയ്ത ഫൈസിയെ പട്യാല ഹൗസ് കോടതി ആറു ദിവസത്തെ ഇഡി കസ്റ്റഡിയില്‍ വിട്ടു. പി.എഫ്.ഐ നിരോധനത്തിനുപിന്നാലെ ഇതുവരെ 61.72 കോടി രൂപയുടെ സ്വത്താണ് ഇ.ഡി കണ്ടുകെട്ടിയത്. പുതിയ സാഹചര്യത്തില്‍ എസ്.ഡി.പി.ഐയെയും നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തേക്കുമെന്ന് സൂചനയുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു പുറമേ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനും ഇക്കാര്യത്തില്‍ പരിശോധനകള്‍ നടത്തും.