അമ്പലപ്പുഴ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വീടിന് നേരെ എസ്ഡിപിഐ പ്രവർത്തകരുടെ ആക്രമണം. ആക്രമണത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ മകൾക്ക് കണ്ണിന് പരിക്കേറ്റു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് രണ്ടാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ബീമ സനീഷിന്റെ മകൾ ആമിനയ്ക്കാണ് (21) കണ്ണിന് ഗുരുതരമായി പരിക്കേറ്റത്. കല്ലേറിൽ വലത് കണ്ണിന് പരിക്കേറ്റ ആമിനയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച വൈകുന്നേരം എസ്ഡിപിഐ സ്ഥാനാർത്ഥിയായി വിജയിച്ച ഷെമീറിന്റെ നേതൃത്വത്തിൽ നടന്ന ആഹ്ലാദപ്രകടനത്തിനിടെയാണ് അതിക്രമം നടന്നത്. ഷെമീർ ഉൾപ്പെടെയുള്ള ഏകദേശം 30-ഓളം എസ്ഡിപിഐ പ്രവർത്തകർ ബീമ സനീഷിന്റെ വീടിന് നേരെ പടക്കമെറിയുകയും കല്ലെറിയുകയുമായിരുന്നുവെന്ന് ബീമ ആരോപിച്ചു. വീടിന് മുന്നിൽ നിന്നിരുന്ന ആമിനയും 81 വയസ്സുള്ള ഭർതൃപിതാവിന്റെ ഉമ്മ ഷെരീഫാ ബീവിയും ഭയന്ന് വീടിനുള്ളിലേക്ക് ഓടിക്കയറി.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സി.പി.എം. വണ്ടാനം ലോക്കൽ കമ്മിറ്റി അംഗം കൂടിയായ സനീഷ് (ആമിനയുടെ പിതാവ്) അതിക്രമത്തെ ചോദ്യം ചെയ്തതോടെ, എസ്ഡിപിഐ പ്രവർത്തകർ അദ്ദേഹത്തെയും മകളെയും ആക്രമിക്കുകയും തുടർന്ന് വീടിന് നേരെ കല്ലേറ് നടത്തുകയുമായിരുന്നു. എൽഡിഎഫ് പ്രവർത്തകർക്ക് നേരെ നടന്ന ആക്രമണത്തിൽ സി.പി.എം. വണ്ടാനം ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി. അൻസാരിയുടെ വീടിനും പാർട്ടി അനുഭാവി സിജുവിന്റെ വീടിനും നേരെയും അതിക്രമമുണ്ടായി.

പടക്കമെറിഞ്ഞും കല്ലുകൾ എറിഞ്ഞും സംഘം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു. വിവരമറിഞ്ഞ് അമ്പലപ്പുഴ പോലീസ് സ്ഥലത്തെത്തിയതോടെയാണ് അക്രമികൾ പിന്തിരിഞ്ഞത്. ആഹ്ലാദപ്രകടനത്തിന്റെ മറവിൽ എൽഡിഎഫ് പ്രവർത്തകർക്കും വീടുകൾക്കും നേരെ ആക്രമം നടത്തിയവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് എൽഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടു.