- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ രൂപമായ എസ്.ഡി.പി.ഐക്കും നിരോധനം വന്നേക്കും; കേന്ദ്രം തെരഞ്ഞെടുപ്പ് കമ്മീഷനോട് നിലപാട് തേടിയതായി റിപ്പോർട്ടുകൾ; രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് നിരോധനത്തെ വിമർശിച്ച് എസ്.ഡി.പി.ഐ; നിരോധനം ഭരണഘടനാ അവകാശത്തെ ഇല്ലാതാക്കുന്നതെന്നും വിമർശനം
ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കൊപ്പം എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ച് കേന്ദ്രം ഉത്തരവിറക്കിയെങ്കിലും പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ രൂപമായ എസ്.ഡി.പി.ഐക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. അതേസമയം എസ്.ഡി.പി.ഐ നിരോധനത്തിനും കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. കേന്ദ്ര സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനോട് നിലപാട് തേടിയതായാണ് സൂചന. രാഷ്ട്രീയ പാർട്ടി ആയതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് നിർണായകമാണ്. അതുകൊണ്ട് തെരഞ്ഞെടുപ്പു കമ്മീഷന്റെ കൂടി അനുമതിയോടെ നിരോധനത്തിനുള്ള നീക്കമാണ് നടക്കുന്നത്.
അതേസമയം പോപുലർ ഫ്രണ്ടിന്റെ നിരോധാനം അടിയന്തരാവസ്ഥയുടെ ഭാഗമാണെന്നാണ് എസ്.ഡി.പി.ഐയുടെ പ്രതികരണം. ജനാധിപത്യത്തിനും പൗരാവകാശങ്ങൾക്കും മേലുള്ള തിരിച്ചടിയാണിത്. ഭരണഘടന നൽകുന്ന അഭിപ്രായ, സംഘടന സ്വാതന്ത്ര്യവും സമരം ചെയ്യാനുള്ള സ്വാതന്ത്ര്യവും ഇല്ലാതാക്കുന്നുവെന്നും എസ് ഡി പി ഐ ആരോപിച്ചു. പ്രതിപക്ഷത്തെ നിശബ്ദമാക്കാൻ അന്വേഷണ ഏജൻസികളെയും നിയമത്തെയും ദുരുപയോഗിക്കുന്നു. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും എസ്ഡിപിഐ പ്രസ്താവനയിൽ പറഞ്ഞു. പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെങ്കിലും രാഷ്ട്രീയ പാർട്ടിയായ എസ് ഡി പി ഐയെ നിരോധിച്ചിട്ടില്ല.
അഞ്ചു വർഷത്തെക്കാണ് പോപുലർ ഫ്രണ്ടിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. പി.എഫ്.ഐക്കും അനുബന്ധ സംഘടനകൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സംഘടന രാജ്യസുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭീഷണിയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടി. യുഎപിഎ വകുപ്പ് 3 പ്രകാരമാണ് നിരോധനം. സംഘടനയിൽ പ്രവർത്തിക്കുന്നത് 2 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
കാമ്പസ് ഫ്രണ്ട്,റിഹാബ് ഇന്ത്യാ ഫൗണ്ടേഷൻ,ഓൾ ഇന്ത്യാ ഇമാംമ്സ് കൗൺസിൽ,നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്സ് ഓർഗനൈസെഷൻ,നാഷണൽ വുമൺസ് ഫ്രണ്ട്,ജൂനിയർ ഫ്രണ്ട് എന്നീ അനുബന്ധ സംഘടനകളെയും നിരോധിച്ചിട്ടുണ്ട്. യുപി,കർണാടക,ഗുജറാത്ത് സംസ്ഥാനങ്ങളുടെ ശിപാർശ കൂടി കണക്കിലെടുത്താണ് നിരോധനം. രാഷ്ട്രീയ കൊലപാതകങ്ങൾ കൂടി നിരോധനത്തിന് കാരണമായെന്നു കേന്ദ്ര അഭ്യന്തര മന്ത്രാലയം അറിയിച്ചു. പി.എഫ്.ഐയ്ക്ക് ഐ.എസ്,ജമാഅത്ത് ഉൽ മുജാഹിദ്ദീൻ എന്നീ ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.
രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണ് പോപ്പുലർ ഫ്രണ്ടിന് നിരോധനം ഏർപ്പെടുത്തിയതെന്നാണ് കേന്ദ്രം ഉത്തരവിൽ വ്യക്തമാക്കി. ഭീകര പ്രവർത്തന ബന്ധം ആരോപിച്ച് രാജ്യ വ്യാപക റെയ്ഡ് നടത്തി രേഖകൾ അടക്കം പിടികൂടിയ ശേഷമാണ് നിരോധനമെന്നുള്ളതാണ് ശ്രദ്ധേയം. വിവിധ സംസ്ഥാനങ്ങൾ പോപ്പുലർ ഫ്രണ്ട് നിരോധിക്കണമെന്ന ആവശ്യം ഉയർത്തിയിരുന്നു.
രണ്ട് തവണയാണ് പോപ്പുലർ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും പരിശോധന നടത്തിയത്. കേരളത്തിലും എൻഐഎ റെയ്ഡ് നടത്തിയിരുന്നു. സംസ്ഥാന നേതാക്കളടക്കമുള്ളവർക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സെപ്റ്റംബർ 22ന് ദേശീയ അന്വേഷണ ഏജൻസി രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ 106 പേർ അറസ്റ്റിലായിരുന്നു. കേരളത്തിൽ നിന്ന് മാത്രം 19 നേതാക്കളാണ് അറസ്റ്റിലായത്. രണ്ടാം ഘട്ട പരിശോധനയിൽ ആകെ 247 പേരാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്നായി അറസ്റ്റിലായിരുന്നത്.
മറുനാടന്‍ മലയാളി ബ്യൂറോ