പത്തനാപുരം: കൊല്ലം പിടവൂർ പുത്തൻകാവ് മഹാവിഷ്ണുക്ഷേത്രത്തിൽ വളർത്തുനായയുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പോലീസിനെ ആക്രമിക്കുകയും ചെയ്തയാൾ ഒളിവിലെന്ന് പോലീസ്. സ്വന്തം ജീപ്പ് ഉപയോഗിച്ച് പോലീസ് വാഹനവും ക്ഷേത്ര ഭാരവാഹിയുടെ വാഹനങ്ങളും തകർത്ത സംഭവത്തിൽ, സിവിൽ പോലീസ് ഓഫീസർ അനീഷിന് പരിക്കേറ്റു. പിടവൂർ മാംവിളയിൽ സജീവൻ (ദേവൻ) എന്നയാൾക്കെതിരെ പത്തനാപുരം പോലീസ് കേസെടുത്തിട്ടുണ്ട്. തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം.

ചൊവ്വാഴ്ച തുടങ്ങാനിരുന്ന ഭാഗവതസപ്താഹത്തിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് രാത്രിയിൽ ക്ഷേത്രം ഭാരവാഹികളും നാട്ടുകാരും ക്ഷേത്രത്തിൽ സജീവമായിരുന്ന സമയത്താണ് സജീവൻ വളർത്തുനായയുമായി പ്രശ്നമുണ്ടാക്കാനെത്തിയത്. ഇവിടെയുണ്ടായിരുന്നവർ ചോദ്യം ചെയ്തതോടെ ഇയാൾ അസഭ്യവർഷം നടത്തുകയായിരുന്നു. തുടർന്ന് ക്ഷേത്ര ഭാരവാഹികൾ പത്തനാപുരം പോലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് സംഘം നായയെ വാഹനത്തിൽക്കയറ്റി സ്ഥലംവിടാൻ സജീവനോട് ആവശ്യപ്പെട്ടപ്പോൾ ഇയാൾ അനുസരിക്കുകയും വാഹനം പുറത്തേക്ക് മാറ്റുകയും ചെയ്തു.

എന്നാൽ, പോലീസ് സംഘം മടങ്ങിയതിന് തൊട്ടുപിന്നാലെ സജീവൻ വീണ്ടും ക്ഷേത്രവളപ്പിൽ കടന്നു. ക്ഷേത്രം ഭാരവാഹി ശിവാനന്ദന്റെ വാനും പിക്കപ്പും ഇയാൾ അടിച്ചുതകർക്കുകയും പിന്നീട് പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിക്കുകയും ചെയ്തു. വിവരമറിഞ്ഞ് പോലീസ് വീണ്ടും സ്ഥലത്തെത്തിയതോടെ സജീവന്റെ ആക്രമണം പോലീസിനുനേരെയായി. തന്റെ ജീപ്പ് അമിതവേഗത്തിൽ പോലീസ് ജീപ്പിലേക്ക് ഇടിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ കറങ്ങിത്തിരിഞ്ഞ പോലീസ് വാഹനത്തിലുണ്ടായിരുന്ന മൂന്ന് ഉദ്യോഗസ്ഥർ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു.

പോലീസ് ജീപ്പിലേക്ക് സജീവൻ രണ്ട് പ്രാവശ്യംകൂടി വാഹനം ഇടിപ്പിച്ചതായി പോലീസ് അറിയിച്ചു. ഈ ആക്രമണത്തിൽ പോലീസ് ഡ്രൈവറായ സിവിൽ പോലീസ് ഓഫീസർ അനീഷിന്റെ കാലിനാണ് പരിക്കേറ്റത്. പരിക്കേറ്റ അനീഷ് പത്തനാപുരം താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിനുശേഷം വാഹനവുമായി കടന്നുകളഞ്ഞ സജീവനെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല.

അമിതവേഗത്തിൽ രക്ഷപ്പെടുന്നതിനിടെ നിർത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങളിൽക്കൂടി ഇയാൾ ജീപ്പ് ഇടിപ്പിച്ചു. സംഭവസ്ഥലത്ത് ഫൊറൻസിക് വിഭാഗവും ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും എത്തി തെളിവുകൾ ശേഖരിച്ചു. കാപ കേസ് പ്രതിയും പോലീസിനെ ആക്രമിച്ച കേസുകളടക്കം ഒട്ടേറെ കേസുകളിൽ പ്രതിയുമാണ് സജീവൻ എന്ന് പത്തനാപുരം എസ്.എച്ച്.ഒ. ആർ. ബിജു അറിയിച്ചു. ഒളിവിലുള്ള പ്രതിയെ ഉടൻ പിടികൂടാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.