വിശാഖപട്ടണം: ക്രിക്കറ്റ് മൈതാനത്തെ റണ്ണൗട്ട് തർക്കത്തെത്തുടർന്നുണ്ടായ വൈരാഗ്യത്തിൽ 21-കാരനായ അമ്പയറെ കുത്തിക്കൊന്നു. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്താണ് കായികലോകത്തെ നടുക്കിയ സംഭവം. പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ അമ്പയറായിരുന്ന ദോല അജിത് ബാബുവാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ മറ്റൊരു അമ്പയറായ ബുദുമുരി ചിരഞ്ജീവിക്കും തടയാൻ ശ്രമിച്ച മറ്റൊരാൾക്കും പരിക്കേറ്റു. സംഭവത്തിൽ വിനായക് നഗർ സ്വദേശിയായ കാന്ത കിഷോറിനെതിരെ (26) പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.

ഞായറാഴ്ച വൈകുന്നേരം മൂന്ന് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിനിടെയാണ് സംഭവങ്ങളുടെ തുടക്കം. മത്സരത്തിനിടെ ഒരു റണ്ണൗട്ട് തീരുമാനത്തെച്ചൊല്ലി കളിക്കാർ തമ്മിൽ തർക്കമുണ്ടായി. അമ്പയർമാരായ അജിത്തും ചിരഞ്ജീവിയും ഇടപെട്ട് പ്രശ്നം പരിഹരിക്കുകയും കളി തുടരുകയും ചെയ്തു. എന്നാൽ കളി കാണാനെത്തിയ കാന്ത കിഷോർ അനാവശ്യമായി ഇടപെടുകയും അമ്പയർമാരെയും കളിക്കാരെയും അസഭ്യം പറയുകയും ചെയ്തു. ഗ്രാമത്തിലെ മുതിർന്നവർ ഇടപെട്ട് അപ്പോഴും രംഗം ശാന്തമാക്കിയിരുന്നു.

മത്സരം അവസാനിച്ചതിന് പിന്നാലെ 'പ്രശ്നം ഒത്തുതീർപ്പാക്കാം' എന്ന് പറഞ്ഞ് കിഷോർ അമ്പയർമാരെ സമീപത്തെ പഡിഗഡ്ലി ജങ്ഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. മദ്യലഹരിയിലായിരുന്ന ഇയാൾ അവിടെവച്ച് വീണ്ടും തർക്കമുണ്ടാക്കി. ഇതിനിടെ കൈവശം കരുതിയിരുന്ന കത്തിയെടുത്ത് അജിത്തിന്റെ നെഞ്ചിൽ കുത്തുകയായിരുന്നുവെന്ന് സിർക്കിൾ ഇൻസ്പെക്ടർ മല്ലേശ്വര റാവു പറഞ്ഞു. അജിത്തിനെ തടയാൻ ശ്രമിച്ച ചിരഞ്ജീവിക്കും കുത്തേറ്റു.

രക്തം വാർന്ന് വീണ അജിത്തിനെ ഉടൻ തന്നെ അടുത്തുള്ള വിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാരുടെ സേവനം ലഭ്യമാകാത്തതിനെത്തുടർന്ന് അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ രാത്രി എട്ടരയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

കൊല്ലപ്പെട്ട അജിത്തിന്റെ പിതാവ് ദോല അപ്പല രാജു നൽകിയ പരാതിയിൽ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു. ഒളിവിൽ പോയ പ്രതി കാന്ത കിഷോറിനായി തിരച്ചിൽ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. കളിക്കാരൻ പോലും അല്ലാതിരുന്ന ഒരാൾ അനാവശ്യമായി തർക്കത്തിൽ ഇടപെടുകയും ആസൂത്രിതമായി കൊലപാതകം നടത്തുകയുമായിരുന്നുവെന്ന് അജിത്തിന്റെ സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു.