ചേര്‍ത്തല : ജെയ്നമ്മ വധക്കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ചേര്‍ത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റിയനെ വീണ്ടും ചോദ്യം ചെയ്യും. സെബാസ്റ്റിയന്റെ വീട് അന്വേഷകസംഘം വീണ്ടും പരിശോധിച്ചിരുന്നു. സെബാസ്റ്റിയന്‍ പലപ്പോഴായി മൂന്ന് ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. അവയിലെ കോള്‍ വിശദാംശങ്ങള്‍ ശേഖരിക്കുന്നു. പിടിയിലാകുന്ന ഘട്ടത്തില്‍ ഉപയോഗിച്ച നമ്പറിലെ കോളുകള്‍ പരിശോധിച്ച് ചിലരെ ചോദ്യംചെയ്തപ്പോഴാണ് സ്വര്‍ണാഭരണം പണയപ്പെടുത്തിയത് ഉള്‍പ്പെടെയുള്ളവ കണ്ടെത്താനായത്. സെബാസ്റ്റിയനെ അന്വേഷകസംഘം വീണ്ടും കസ്റ്റഡിയില്‍വാങ്ങും. ഇയാളുടെ വീട്ടിലെ പരിശോധനയില്‍ കണ്ടെത്തിയ രക്തക്കറ ജെയ്നമ്മയുടേതാണെന്ന് ഡിഎന്‍എ പരിശോധനയില്‍ കണ്ടെത്തിയ സാഹചര്യത്തിലാണിത്. സൈക്കോ സീരിയല്‍ കില്ലറാണ് സെബാസ്റ്റിയന്‍ എന്നാണ് പോലീസ് നിഗമനം. ശാസ്ത്രീയ തെളിവുകള്‍ ഇയാളെ പൂട്ടുമെന്ന് തന്നെയാണ് വിലയിരുത്തല്‍.

കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സാജന്‍ സേവ്യറിന്റെ നേതൃത്വത്തിലെ സംഘമാണ് വീട്ടില്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. ശനി ഉച്ചകഴിഞ്ഞാണ് ക്രൈംബ്രാഞ്ച് സംഘം വീണ്ടും എത്തിയത്. രക്തക്കറ കണ്ടെത്തിയ മുറികള്‍ വിശദമായി പരിശോധിച്ചു. രാത്രിയോടെ സംഘം മടങ്ങി. സെബാസ്റ്റ്യന്‍ ജെയ്നമ്മയെ കൊന്നുവെന്ന് ക്രൈംബ്രാഞ്ച് ഉറപ്പിച്ചത് സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ്. വീടിന്റെയും രക്തക്കറ കണ്ടെത്തിയ മുറിയുടെയും കുളിമുറിയുടെയും കിടപ്പുമുറിയുടെയും വിശദമായ അളവു വിവരമടങ്ങിയ മഹസറാണ് തയ്യാറാക്കിയത്. ശരീരാവശിഷ്ടം കണ്ടെത്തിയ സ്ഥലത്തിന്റെ വിവരവും രേഖപ്പെടുത്തി. ജെയ്‌നമ്മയ്ക്കു പുറമേ കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭന്‍ (52), വാരനാട് സ്വദേശി റിട്ട.ഗവ ഉദ്യോഗസ്ഥ ഐഷ (57) എന്നിവരുടെ തിരോധാനത്തിലും സെബാസ്റ്റ്യന്‍ അന്വേഷണത്തെ നേരിടുകയാണ്.

സെബാസ്റ്റിയന്റെ വീട്ടുവളപ്പില്‍ കണ്ടെത്തിയ മൃതദേഹഭാഗങ്ങളുടെ ഡിഎന്‍എ പരിശോധനാ ഫലം അടുത്തയാഴ്ച ലഭിക്കുമെന്നാണു കരുതുന്നത്. വീടിന്റെ സ്വീകരണമുറിയിലും ശുചിമുറിയിലും കണ്ടെത്തിയ രക്തക്കറ ജെയ്‌നമ്മയുടേതാണെന്നു സ്ഥിരീകരിച്ചിരുന്നു. മൃതദേഹഭാഗങ്ങളുടെ പരിശോധനാഫലവും സമാനമായാല്‍ ക്രൈംബ്രാഞ്ച് അടുത്ത നടപടികളിലേക്കു കടക്കും. ബിന്ദു പത്മനാഭനെയും ഐഷയെയും വസ്തു ഇടപാടുകളുമായി ബന്ധപ്പെട്ടാണു സെബാസ്റ്റ്യന്‍ പരിചയപ്പെട്ടത്. ബിന്ദുവിന്റെ എറണാകുളം ഇടപ്പള്ളിയിലുള്ള ഭൂമി തന്റെ പേരില്‍ വ്യാജ മുക്ത്യാര്‍ തയാറാക്കി 1.3 കോടി രൂപയ്ക്കു സെബാസ്റ്റ്യന്‍ വില്‍പന നടത്തിയതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ബിന്ദുവിന്റെ പേരിലുള്ള മറ്റു വസ്തുക്കള്‍ വിറ്റ വകയിലും സെബാസ്റ്റ്യനു പണം ലഭിച്ചിട്ടുണ്ട്.

ഐഷയെ കാണാതാകുമ്പോള്‍ ഭൂമി വാങ്ങാനുള്ള പണവും സ്വര്‍ണാഭരണങ്ങളും കൈവശമുണ്ടായിരുന്നെന്നു ബന്ധുക്കള്‍ പറയുന്നു. ജെയ്‌നമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ സെബാസ്റ്റ്യന്‍ വില്‍പന നടത്തിയെന്നും പൊലീസ് കണ്ടെത്തി. എല്ലാ കാര്യങ്ങളും സെബാസ്റ്റ്യന്‍ നിഷേധിക്കുന്നത് പൊലീസിനു വെല്ലുവിളിയാണ്. അതുകൊണ്ട് തന്നെ ശാസ്ത്രീയ പരിശോധനാ ഫലം കേസില്‍ നിര്‍ണായകമാകും. അവസാന ഘട്ടത്തില്‍ സെബാസ്റ്റ്യന്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജെയ്‌നമ്മ കേസിലെ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. എന്നാല്‍ ഈ നമ്പരില്‍ നിന്ന് ഇയാള്‍ ജെയ്നമ്മയെ വിളിച്ചിരുന്നില്ലെന്നാണ് അറിയുന്നത്. മറ്റു രണ്ടു ഫോണുകളുടെയും വിവരങ്ങള്‍ ലഭ്യമായാല്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.