കണ്ണൂർ: ആഭ്യന്തരവകുപ്പിന് തീരാതലവേദനയായി വീണ്ടും കണ്ണൂർ സെൻട്രൽ ജയിൽ. സുരക്ഷാവീഴ്ച ആവർത്തിച്ചു കൊണ്ട് പള്ളിക്കുന്നിലുള്ള
സെൻട്രൽ ജയിലിനുള്ളിൽ വീണ്ടും മൊബൈൽ ഫോൺ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. പത്താംനമ്പർ ഡി ബ്ലോക്കിന്റെയും ടോയ്‌ലറ്റ് കെട്ടിടത്തിന്റെയും ഇടയിലാണ് മൊബൈൽ ഫോൺ കുഴിച്ചിട്ടിരുന്നത്. പരിശോധനക്കിടെ തറയിൽ മണ്ണിളകിയ നിലയിൽ കാണപ്പെട്ടതിനാൽ കുഴിച്ച് നോക്കിയപ്പോഴാണ് ഉദ്യോഗസ്ഥർക്ക് സിംകാർഡില്ലാത്ത ഫോൺ കിട്ടിയത്. സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു

നേരത്തെ കണ്ണൂർ സെൻട്രൽ ജയിലിലെ പാചകമുറിയിൽ നിന്നും രണ്ടു കിലോ കഞ്ചാവ് കണ്ടെടുത്തതിനെ തുടർന്ന് ജയിൽസൂപ്രണ്ടിനെ സസപെൻഡ് ചെയ്തിരുന്നു. ഗുരുതരമായ സുരക്ഷാവീഴ്‌ച്ച ജയിൽ എ.ഡി.ജി.പിയെ അറിയിക്കാൻ വൈകിയെന്ന കുറ്റത്തിനാണ് സസ്പെൻഡ് ചെയ്തത്. ഇതിനു ശേഷം ജയിൽ വളപ്പിലെ തെങ്ങിന്മുകളിൽ നിന്നും ആറു മൊബൈൽ ഫോൺ കണ്ടെത്തിയിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പാർപ്പിച്ചിരുന്ന ആറാംബ്ളോക്കിന്റെ സമീപത്തു നിന്നാണ് മൊബൈൽ ഫോൺ കണ്ടെത്തിയത്.

ഇതിനു ശേഷവും ജയിൽ നിന്നും കഞ്ചാവും മൊബൈൽ ഫോണും കണ്ടെത്തിയതോടെ ജയിൽവകുപ്പ് വെട്ടിലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചപ്പാത്തി കൗണ്ടറിൽ നിന്നുമാണ് കഞ്ചാവ് കണ്ടെത്തിയത്. ഇതിനിടെ കണ്ണൂർ സെൻട്രൽ ജയിലിൽ അതീവഗുരുതരമായ സുരക്ഷാവീഴ്ചയുണ്ടെന്ന് ആഭ്യന്തര വകുപ്പ് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

ഹർത്താൽ അക്രമ കേസിലെ പ്രതിയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുൾപ്പെടെ ആയിരത്തോളം പേരാണ് ജയിൽ അന്തേവാസികളായുള്ളത്. എന്നാൽ സുരക്ഷാവീഴ്ചയുടെ പേരിൽ ജയിൽ സൂപ്രണ്ടിനെ മാത്രം ബലിയാടാക്കിയെന്ന ആരോപണം സേനയിൽ നിന്നുതന്നെ ഉയർന്നിട്ടുണ്ട്. ഒരു വർഷം മുൻപാണ് ജയിൽ ചപ്പാത്തി കൗണ്ടറിൽ നിന്നും ഒരുലക്ഷം രൂപയോളം മോഷ്ടാക്കൾ കവർന്നത്. ഈ കേസിലെ പ്രതികളെ ഇനിയും പൊലിസിന് പിടികൂടാൻ കഴിഞ്ഞിട്ടില്ല. അത്യാധൂനിക സുരക്ഷാസംവിധാനങ്ങളുള്ള കണ്ണൂർ സെൻട്രൽ ജയിൽ വളപ്പിൽ കവർച്ച നടന്നത് ഏറെവിവാദമായിരുന്നു.