ന്യൂഡൽഹി: ഓൺലൈൻ ഗെയിമായ പബ്ജിവഴി പരിചയപ്പെട്ട ഇന്ത്യൻ യുവാവുമായി ഒന്നിക്കാൻ അതിർത്തി കടന്നെത്തിയ പാക്കിസ്ഥാൻ യുവതിയെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകൾ നീങ്ങുന്നില്ല. സീമ ഗുലാം ഹൈദർ (27) പാക് ചാരയാണോ എന്ന വിധത്തിലാണ് സംശയങ്ങൾ. ഈ സംശയം ദൂരീകരിക്കാനുള്ള ശ്രമങ്ങളാണ് അന്വേഷണ ഏജൻസികൾ നടത്തുന്നത്.

ഉത്തർപ്രദേശ് ഭീകരവിരുദ്ധസ്‌ക്വാഡ് രണ്ടുദിവസങ്ങളിലായി 17 മണിക്കൂർ യുവതിയെ ചോദ്യംചെയ്തു. ഇവരിൽനിന്ന് ആറ് പാക്കിസ്ഥാൻ പാസ്‌പോർട്ടുകൾ കണ്ടെടുത്തു. ഇതിലൊരെണ്ണത്തിൽ പേരുവിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നാല് മൊബൈൽ ഫോണുകളും രണ്ട് വീഡിയോ കാസറ്റുകളും ചില തിരിച്ചറിയൽ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഇവ പരിശോധിച്ചുവരുകയാണെന്ന് ഉത്തർപ്രദേശ് ഡി.ജി.പി.യുടെ ഓഫീസ് അറിയിച്ചു.

പബ്ജിയിലൂടെ പരിചയപ്പെട്ട ഗ്രേറ്റർ നോയിഡ സ്വദേശിക്കൊപ്പം കഴിയാൻ രേഖകളില്ലാതെ നാലുമക്കൾക്കൊപ്പമാണ് സീമ ഇന്ത്യയിലെത്തിയത്. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യക്കാരിയായ ഇവർ ജൂലായ് നാലിനാണ് പൊലീസിന്റെ പിടിയിലായത്. സീമയ്ക്ക് അഭയം നൽകിയ കാമുകൻ സച്ചിൻ മീണ (22), ഇയാളുടെ അച്ഛൻ നേത്രപാൽ സിങ് (51) എന്നിവരെയും അറസ്റ്റുചെയ്തിരുന്നു. എല്ലാവരെയും പിന്നീട് കോടതി ജാമ്യത്തിൽ വിട്ടയച്ചു.

നിലവിൽ സീമ സച്ചിനൊപ്പം നോയിഡയിലെ വീട്ടിലാണ് താമസം. സീമ ചാരപ്പണിചെയ്യാൻ അതിർത്തികടന്നതാണോയെന്നാണ് സംശയം. യുവതിയുടെ സഹോദരനും അടുത്ത ബന്ധുക്കളും പാക്കിസ്ഥാനിൽ പട്ടാളക്കാരാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതേക്കുറിച്ച് ചോദ്യങ്ങളുന്നയിച്ചെന്നാണ് വിവരം. പബ്ജിമുഖേന വേറെയും ഇന്ത്യക്കാരുമായി ബന്ധമുണ്ടായിരുന്നതായും സൂചനയുണ്ട്. സാധാരണനിലയിൽ ജനനസമയത്ത് ലഭിക്കാറുള്ള തിരിച്ചറിയൽരേഖ ഇവർക്ക് കഴിഞ്ഞവർഷം ലഭിച്ചതായാണ് ഔദ്യോഗികരേഖയിലുള്ളത്.

രണ്ടുരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും ഏജൻസികളുടെ അന്വേഷണം നടന്നുകൊണ്ടിരിക്കെ പ്രതികരിക്കാനാവില്ലെന്നുമാണ് ഉന്നത പൊലീസ് അധികൃതരുടെ വിശദീകരണം. സംഭവത്തെക്കുറിച്ച് അറിഞ്ഞിട്ടുണ്ടെന്നും അന്വേഷണം നടക്കട്ടെയെന്നും വിദേശകാര്യ മന്ത്രാലയവക്താവ് പ്രതികരിച്ചു.

2020-ലാണ് പബ്ജിവഴി സീമയും സച്ചിനും പരിചയത്തിലായതെന്ന് പൊലീസ് പറയുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ ഫോൺനമ്പർ കൈമാറി വാട്സാപ്പിൽ ബന്ധമാരംഭിച്ചു. വിവാഹിതയും നാലുമക്കളുടെ അമ്മയുമായ യുവതി 15 ദിവസത്തെ സന്ദർശകവിസയിലാണ് പാക്കിസ്ഥാനിൽനിന്ന് പോന്നത്. മാർച്ചിൽ ഇരുവരും നേപ്പാളിലെ കാഠ്മണ്ഡുവിൽ കണ്ടുമുട്ടുകയും ഹോട്ടലിൽ തങ്ങുകയും ചെയ്തിരുന്നു. പിന്നീട് മേയിൽ മക്കൾക്കൊപ്പം സീമ വീണ്ടും നേപ്പാളിലെത്തി. തുടർന്ന് ഇന്ത്യയിലേക്കും കടന്നു.

പാക്കിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽനിന്ന് ദുബായ് വഴിയാണ് കാഠ്മണ്ഡുവിലെത്തിയത്. അവിടെനിന്ന് പൊഖാരവഴി ബസിൽ ഇന്ത്യൻ അതിർത്തികടന്നു. ഗ്രേറ്റർ നോയിഡയിൽ സച്ചിൻ വാടകയ്‌ക്കെടുത്തിരുന്ന വീട്ടിൽ തുടർന്ന് ഇവർ ഒന്നിച്ച് താമസമാരംഭിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. വിവാഹം രജിസ്റ്റർ ചെയ്യാൻ ഇവർ നിയമസഹായം തേടിയപ്പോൾ, യുവതി അനധികൃതമായി അതിർത്തികടന്നതാണെന്ന് സംശയം തോന്നിയ അഭിഭാഷകൻ പൊലീസിനെ ബന്ധപ്പെട്ടതോടെയാണ് സംഭവം പുറത്തായത്.