പത്തനംതിട്ട: സ്വയം മുറിവേല്‍പ്പിച്ച് രക്തം വാര്‍ന്നു കിടന്നയാള്‍ പോലീസിനോട് പറഞ്ഞത് മകന്‍ വെട്ടിയതെന്ന്. ഗുരുതരാവസ്ഥയിലായ ഇയാളുടെ വാക്ക് വിശ്വസിച്ച് പോലീസ് ഓടിയത് നെട്ടോട്ടം. ഒടുക്കം ഇയാള്‍ കള്ളം പറഞ്ഞതാണെന്ന് ബോധ്യമായതോടെ ആശ്വാസവും.

ഇന്നലെ വൈകിട്ട് മലയാലപ്പുഴ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വടശേരിക്കരയിലാണ് സംഭവം. വടശേരിക്കര വാവോലിക്കണം മംഗലത്തൊടിയില്‍ ഷിബു വര്‍ഗീസ്(48) ആണ് മുറിവേറ്റ് ചോര വാര്‍ന്നു കിടന്നത്. വടശേരിക്കര അയ്യപ്പാ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ധാരാളം രക്തം വാര്‍ന്നു പോയിരുന്നു. ഇടതുകൈത്തണ്ടയിലെ ഞരമ്പാണ് മുറിഞ്ഞിരുന്നത്. രക്തം അധികം വാര്‍ന്നു പോയതിനാല്‍ അവസ്ഥ ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പോലീസിനെ അറിയിച്ചു. ഒടുവില്‍ മുറിവ് തുന്നിച്ചേര്‍ത്തു.

തന്നെ മകന്‍ വെട്ടിയെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. മകന് പതിനഞ്ചു വയസാണ് പ്രായം. ഇയാളുടെ അവസ്ഥ ഗുരുതരമാണെന്ന് അറിഞ്ഞ പോലീസ് സത്യാവസ്ഥ അന്വേഷിച്ചപ്പോഴാണ് ഇയാള്‍ സ്വയം മുറിവേല്‍പ്പിച്ച ശേഷം കഥ മെനഞ്ഞതാണെന്ന് വ്യക്തമായത്. നിലവില്‍ ഇയാള്‍ ചികില്‍സയിലാണ്.