- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മകളുടെ വിവാഹത്തോടെ സാമ്പത്തിക പ്രതിസന്ധി; യൂട്യൂബ് ചാനല്‍ തുടങ്ങിയങ്കിലും വേണ്ടത്ര ഹിറ്റായില്ല; ഭാര്യയെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം സെല്‍വരാജിന്റെ ആത്മഹത്യ; പാറശ്ശേലയിലെ 'സെല്ലു ഫാമിലി'യ്ക്ക് സംഭവിച്ചത് എന്ത്? മരണത്തില്‍ ദുരൂഹതകള്‍ ഏറെ
തിരുവനന്തപുരം: പാറശ്ശാല ചെറുവാരക്കോണം കിണറ്റുമുക്ക് സ്വദേശികളായ സെല്‍വരാജും (45), ഭാര്യ പ്രിയയും (40) മരിച്ച സംഭവത്തില്‍ സാമ്പത്തിക ഇടപാടുകള്‍ പരിശോധനയില്‍. പ്രിയ യൂട്യൂബറായിരുന്നു. സെല്ലു ഫാമിലി എന്നായിരുന്നു യൂട്യൂബ് ചാനലിന്റെ പേര്. 17000ത്തില്‍ അധികം സബ്‌സ്‌ക്രൈബേഴ്‌സുണ്ടെങ്കിലും മതിയായ വരുമാനം ഈ ചാനലില്‍ നിന്നും കിട്ടിയിരുന്നില്ല. സാമ്പത്തിക പ്രതിസന്ധിക്ക് ആശ്വാസമാകാന്‍ തുടങ്ങിയ ചാനലും വിജയമാകാതെ വന്നതോടെ കുടുംബം വലിയ പ്രതിസന്ധിയിലായി. ഇതാണ് രണ്ടു പേരുടേയും മരണത്തിന് വഴിവച്ചതെന്നാണ് സൂചന. എന്നാല്‍ ഇത് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. വിശദ അന്വേഷണം ഇക്കാര്യത്തില്‍ നടക്കും. മരണത്തില്‍ ബന്ധുക്കള്‍ ദുരൂഹത പ്രകടിപ്പിച്ചിട്ടുണ്ട്.
ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നശേഷം ഭര്‍ത്താവ് ജീവനൊടുക്കിയതാണെന്നു പൊലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായത്. ദമ്പതികളുടെ സാമ്പത്തിക ബാധ്യതകള്‍ ഉള്‍പ്പെടെ പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി. പ്രിയയെ കഴുത്തുഞെരിക്കാന്‍ സെല്‍വരാജ് ഉപയോഗിച്ച കയര്‍ വീട്ടില്‍നിന്നു കണ്ടെത്തി. 2 ദിവസം മുന്‍പ് ഇവര്‍ യുട്യൂബില്‍ അപ്ലോഡ് ചെയ്ത വിഡിയോയില്‍ മരിക്കാന്‍ തയാറെടുക്കുകയാണെന്നു സൂചനയുള്ള വരികളുണ്ടായിരുന്നു. അതിന് ശേഷം ഇവര്‍ മരിച്ചുവെന്നാണ് വിലയിരുത്തല്‍. സെല്‍വരാജിനെ തൂങ്ങിയനിലയിലും ഭാര്യയെ കട്ടിലില്‍ മരിച്ചനിലയിലുമാണു കണ്ടെത്തിയത്.
വീട്ടിലെ വിശേഷങ്ങളാണു ചെറിയ വിഡിയോകളായി അപ്ലോഡ് ചെയ്തിരുന്നത്. അവസാന വിഡിയോ അപ്ലോഡ് ചെയ്തത് 25നാണ്. ഇരുവര്‍ക്കും പ്രശ്‌നങ്ങള്‍ എന്തെങ്കിലും ഉണ്ടായിരുന്നതായി അറിയില്ലെന്നു നാട്ടുകാര്‍ പറഞ്ഞു. മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചു. എറണാകുളത്തു ജോലി ചെയ്യുന്ന മകനുമായി വെള്ളിയാഴ്ച ഇരുവരും ഫോണില്‍ സംസാരിച്ചിരുന്നു. മകന്‍ നാട്ടിലെത്തിയപ്പോഴാണു മാതാപിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബ പ്രശ്ങ്ങളും സാമ്പത്തിക ബാധ്യതകളുമടക്കം അന്വേഷിക്കുകയാണെന്നും ജീവനൊടുക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. മകളുടെ വിവാഹശേഷം സാമ്പത്തിക പ്രയാസമുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
സെല്ലു ഫാമിലി എന്ന സ്വന്തം യൂട്യൂബ് ചാനലില്‍ പ്രിയ കഴിഞ്ഞ വെള്ളിയാഴ്ചയും വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. കുക്കറി ഷോയും വീട്ടുവിശേഷങ്ങളും പങ്കുവെച്ചിരുന്ന ദമ്പതികളുടെ പാട്ട് വീഡിയോ ജീവിതത്തിലെ അവസാനത്തെതാണെന്ന് ആരും തിരിച്ചറിഞ്ഞില്ല. വിടപറയുകയാണ് ഈ ജീവിതം എന്ന ഗാനത്തോടൊപ്പം ഇവരുടെ ചിത്രങ്ങള്‍ ഒന്നിച്ചുവെച്ചുള്ള വീഡിയോ ആണ് അവസാനമായി പങ്കുവെച്ചത്. കൊച്ചിയില്‍ മെയില്‍ നഴ്‌സായി ജോലി ചെയ്യുന്ന മകനുമായി വെള്ളിയാഴ്ച പ്രിയ ഫോണില്‍ സംസാരിച്ചിരുന്നു.
പ്രിയയുടെ അമ്മയുമായും സംസാരിച്ചു. പിന്നീട് മകന്‍ അമ്മയെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. ഇന്നലെ രാത്രി വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയില്‍ ഇരുവരെയും കണ്ടത്. നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ് മോര്‍ട്ടത്തിനായി കൊണ്ടുപോവുകയായിരുന്നു. വൈകിട്ടോടെയാണ് പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായത്. ശനിയാഴ്ച രാത്രി വീട്ടിലെത്തിയ മകന്‍ വീടിന്റെ ഗേറ്റ് അകത്ത് നിന്ന് പൂട്ടിയ നിലയിലും എന്നാല്‍ വീടിന്റെ മുന്‍വശത്തെ കതക് ചാരിയ നിലയിലുമാണ് കണ്ടത്. വീട്ടിനുള്ളില്‍ പ്രിയയും ഭര്‍ത്താവും മരിച്ച നിലയിലായിരുന്നു.
വീടിനുളളില്‍ നടത്തിയ പരിശോധനയില്‍ കിടപ്പ് മുറിയിലെ കട്ടിലില്‍ പ്രിയയെ മരിച്ച നിലയിലും ഇതേ മുറിയില്‍ തന്നെ സെല്‍വരാജിനെ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. യൂട്യൂബില്‍ സജീവമായിരുന്ന പ്രിയ വെളളിയാഴ്ച രാത്രി മരണം സംബന്ധിച്ച സൂചന നല്‍കി കൊണ്ടുളള വീഡിയോ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് ആത്മഹത്യയിലേക്കുള്ള സൂചനയായി പോലീസ് കരുതുന്നു. രണ്ടു പേരും സ്വയം തീരുമാനിച്ച് ജീവനൊടുക്കിയതാണെന്നാണ് നിഗമനം. എന്നാല്‍ നാട്ടുകാര്‍ ഇതിനെ ചോദ്യം ചെയ്യുന്നുണ്ട്. വീടിന്റെ കതക് അടയ്ക്കാത്തതായിരുന്നു ഇതിന് കാരണം. എന്നാല്‍ മരണ ശേഷം വീട്ടിനുള്ളിലേക്ക് ആളുകളെത്താന്‍ വേണ്ടിയാകും ഇങ്ങനെ എന്നാണ് പോലീസ് ഭാഷ്യം.
വ്യാഴാഴ്ച രാത്രിയില്‍ പോസ്റ്റ് ചെയ്ത അവസാനത്തെ ലൈവ് വീഡിയോയിലും വളരെ സന്തോഷവതിയായിരുന്നു പ്രിയ. നിര്‍മ്മാണ തൊഴിലാളിയാണ് സെല്‍വരാജ്. ഇവര്‍ രണ്ടു പേരും ചേര്‍ന്നുള്ള നിരവധി വീഡിയോകളും യൂട്യൂബിലിട്ടിട്ടുണ്ട്. 17000ത്തില്‍ അധികം സബ്സ്‌ക്രൈബേഴ്സ് ഇവരുടെ ചാനലിനുണ്ടായിരുന്നു. സെല്‍വരാജിന്റെ പേരില്‍ നിന്നാണ് സെല്ലു ഫാമിലി എന്ന യൂട്യൂബ് ചാനലിന്റെ പേരു വന്നതെന്നാണ് സൂചന. ചുറുവാരക്കോണത്തിന് ഞെട്ടലായി ഇവരുടെ വിയോഗ വാര്‍ത്ത. കുറച്ചുകാലം മുമ്പാണ് ഇവര്‍ വീടുവച്ച് താമസമായത്. നാടന്‍ ഭക്ഷണ വീഡിയോയിലൂടെയാണ് പ്രിയ യു ട്യൂബിലെ ചാനല്‍ മുമ്പോട്ട് കൊണ്ടു പോയത്.