അഹമ്മദബാദ്: യുവതിയുടെ വീഡിയോ കോൾ കെണിയിൽ അകപ്പെട്ട യുവാവിന് നഷ്ടപ്പെട്ടത് 2.69 കോടി രൂപ. ഗുജറാത്തിൽ റിന്യൂവബിൾ എനർജി സ്ഥാപനം നടത്തുന്ന യുവാവിനാണ് തട്ടിപ്പിലൂടെ പണം നഷ്ടമായത്. ഫോണിലൂടെ അടുപ്പം സ്ഥാപിച്ച ശേഷം നഗ്നവീഡിയോ പകർത്തിയാണ് യുവാവിനെ തട്ടിപ്പിന് ഇരയാക്കിയത്. പലതവണകളായി 2.69 കോടി രൂപ തനിക്കു നഷ്ടപ്പെട്ടെന്ന് കാണിച്ചാണ് യുവാവ് പരാതി നൽകിയത്.

ഓഗസ്റ്റ് 8 നാണ് യുവാവിന് ഒരു ഫോൺകോൾ ലഭിച്ചത്. റിയ ശർമ എന്നാണ് തന്റെ പേരെന്നും മോർബി സ്വദേശിയാണെന്നുമാണ് ഫോണിൽ ബന്ധപ്പെട്ട യുവതി പറഞ്ഞത്. നിരന്തരം ഫോണിലൂടെ ബന്ധപ്പെട്ട് അടുപ്പം പുലർത്തിയ യുവതി വിഡിയോ ചാറ്റിനിടെ വസ്ത്രം അഴിക്കാൻ ആവശ്യപ്പെടുകയായിരുന്നു. യുവതിയുടെ വാക്ക് വിശ്വസിച്ച് യുവാവ് അനുസരിച്ചു. തുടർന്ന് യുവതി പെട്ടെന്ന് വിഡിയോ കാൾ കട്ടാക്കുകയും പിന്നീട് വിളിച്ച് നഗ്‌ന വിഡിയോ പ്രചരിപ്പിക്കാതിരിക്കണമെങ്കിൽ 50000 രൂപ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

കുറച്ചു ദിവസങ്ങൾക്കു ശേഷം യുവാവിന് മറ്റൊരു ഫോൺകോൾ ലഭിച്ചു.ഡൽഹിയിലെ പൊലീസ് ഇൻസ്‌പെക്ടർ ഗുഡ്ഡു ശർമായാണെന്നാണ് താനെന്ന് പരിചയപ്പെടുത്തിയ ഇയാൾ വിഡിയോ ക്ലിപ്പ് തന്റെ കൈവശമുണ്ടെന്നും പ്രചരിപ്പിക്കാതിരിക്കാൻ മൂന്നു ലക്ഷം രൂപ വേണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് ഓഗസ്റ്റ് 14 ന് ഡൽഹി സൈബർ സെല്ലിൽ നിന്നാണെന്നും യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും കേസെടുക്കാതിരിക്കാൻ 80.97 ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ട് ഒരു ഫോൺ കാൾ കൂടി ലഭിച്ചു.

പിന്നീട് സിബിഐ ഓഫീസിൽ നിന്നാണെന്നും യുവതിയുടെ അമ്മ സി,ബി.ഐ യെ സമീപിച്ചിട്ടുണ്ടെന്നും കേസ് ഒത്തു തീർക്കണമെങ്കിൽ 8.5 ലക്ഷം രൂപ നൽകണമെന്നും പറഞ്ഞ് മറ്റൊരു വ്യാജ ഫോൺ സന്ദേശം കൂടി വന്നു.

യാതൊരു സംശയവും തോന്നാതെ യുവാവ് ആവശ്യപ്പെട്ട പണം മുഴുവൻ നൽകിക്കൊണ്ടിരുന്നു. ഡിസംബർ 15 ന് കേസ് അവസാനിച്ചെന്ന് അറിയിച്ചു കൊണ്ട് ഡൽഹി ഹൈക്കോടതിയിൽ നിന്നുമുള്ള വ്യാജ ഓർഡർ ലഭിച്ചു. ഓർഡർ വ്യാജമാണെന്ന് സംശയം തോന്നിയതിനെത്തുടർന്നാണ് പൊലീസിൽ അറിയിക്കാൻ തീരുമാനിച്ചത്.

തുടർന്ന് ജനുവരി 10 ന് സൈബർ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി 2.69 കോടി രൂപ തനിക്കു നഷ്ടപ്പെട്ടെന്ന് അറിയിക്കുകയും തട്ടിപ്പുമായി ബന്ധമുള്ള പതിനൊന്നു പേർക്കെതിരെ പരാതി നൽകുകയുമായിരുന്നു. യുവാവിന്റെ പരാതിയിൽ പതിനൊന്ന് പേർക്കെതിരെ കെസെടുത്തു. ഐപിസി 387, 170, 465, 420, 120ബി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. കേസിൽ അന്വേഷണം നടന്നു വരികയാണെന്നും ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.